ഒരു കോടി സംഭാവന നല്‍കി ലോറന്‍സ്; മുത്താണെന്ന് ആരാധകര്‍

പ്രളയക്കെടുതിയെ അതിജീവിക്കുവാന്‍ കേരളത്തിന് ലോകത്തിന്റെ സഹായം ആവശ്യമുണ്ട്. മലയാളികളെ സഹായിക്കുവാന്‍ ലോകത്തിലെ പല കോണില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. പ്രധാനമായും സിനിമാ താരങ്ങളാണ് കേരളത്തിന് കൈത്താങ്ങായി എത്തുന്നത്. സൂപ്പര്‍ താരങ്ങളുള്‍പ്പെടെ വലിയ സംഖ്യയാണ് സംഭാവനയായി നല്‍കുന്നത്.

സംവിധായകനും നടനും കൊറിയോഗ്രാഫറുമായ രാഘവ ലോറന്‍സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ കൈമാറി. ശനിയാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ലോറന്‍സ് ഒരു കോടിയുടെ ചെക്ക് മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറുകയായിരുന്നു. അമ്മയ്‌ക്കൊപ്പമാണ് ലോറന്‍സ് എത്തിയത്. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും സന്നിഹിതരായിരുന്നു.

കേരളത്തിലെ പ്രളയത്തില്‍ കൈത്താങ്ങാവാന്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ലഭിക്കുന്നത് സഹായപ്പെരുമഴയാണ്. ഇക്കൂട്ടത്തില്‍ വലിയ പിന്തുണയുമായി ആദ്യം മുതല്‍ തന്നെ സജീവമായത് തമിഴ് ചലച്ചിത്രലോകത്തെ താരങ്ങളാണ്. ഇക്കൂട്ടത്തില്‍ കമലഹാസന്‍, രജനീകാന്ത്, വിജയ്, സൂര്യ, കാര്‍ത്തി തുടങ്ങിയ മുന്‍നിര താരങ്ങളെല്ലാം ലക്ഷങ്ങളാണ് കേരളത്തിനായി നല്‍കിയത്.

Top