കേരളത്തെ ദുരന്തഭൂമിയാക്കിയ പ്രളയം നൂറ്റാണ്ടില്‍ ഇന്ത്യ നേരിട്ട മഹാ പ്രളയമായിരുന്നെന്ന് നാസ. ജൂണ്‍ തുടക്കം മുതല്‍ തന്നെ സാധാരണയില്‍നിന്നു 42 ശതമാനം കൂടുതല്‍ മഴ പെയ്തതായും അമേരിക്കന്‍ ബാഹ്യാകാശ ഏജന്‍സി. ഓഗസ്റ്റിലെ ആദ്യ 20 ദിവസങ്ങളില്‍ സാധാരണയില്‍നിന്നു 164 ശതമാനം അധികം മഴ പെയ്തതതായും നാസയുടെ എര്‍ത്ത് ഒബ്‌സര്‍വേറ്ററി രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പെയ്ത മഴയുടെ വിശദാംശങ്ങള്‍ അടങ്ങിയ വീഡിയോ നാസ പുറത്തുവിട്ടു. നാസയുടെ തന്നെ ഗ്ലോബല്‍ പ്രസിപ്പിറ്റെഷന്‍ മെഷര്‍മെന്റ് മിഷന്‍ കോര്‍ സാറ്റലൈറ്റായ ജി പി എം പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശക്തമായ മഴ ലഭിച്ചെങ്കിലും കേരളത്തിലും കര്‍ണാടകയിലും മഴ ശക്തമാവുന്നത് വീഡിയോയില്‍ വ്യക്തമാണ്. ആഗസ്റ്റ് 13 മുതല് 20 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ പെയ്ത മഴയുടെ വിവരങ്ങളാണ് രണ്ടു ബാന്‍ഡുകളിലായുള്ള വീഡിയോയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.