യു.എ.ഇ സഹായം വേണ്ടെന്നുള്ള കേന്ദ്ര സർക്കാർ തീരുമാനം നിരുത്തരവാദപരവും പ്രതിഷേധാർഹവുമാണ്: വി.എം. സുധീരൻ

തിരുവനന്തപുരം: യു.എ.ഇ സഹായം വേണ്ടെന്നുള്ള കേന്ദ്ര സർക്കാർ തീരുമാനം നിരുത്തരവാദപരവും പ്രതിഷേധാർഹവുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ആരോപിച്ചു ഫെയ്‌സ്ബുക്കിലാണ് സുധീരൻ തന്റെ ആരോപണം ഉന്നയിച്ചത് .

സുധീരന്റെ പോസ്റ്റ് : കേരളത്തിലുണ്ടായ മഹാദുരന്തത്തിൻ്റെ കെടുതികൾ വരുത്തിവച്ച നാശനഷ്ടങ്ങൾ പറഞ്ഞറിയിക്കാനാവാത്തതാണല്ലോ. അന്തിമ വിലയിരുത്തലുകൾ പൂർത്തിയാകുമ്പോൾ സംസ്ഥാന സർക്കാർ ഇപ്പോൾ വിലയിരുത്തിയ 20,000 കോടി രൂപയേക്കാൾ എത്രയോ അധികമായിരിക്കും അതെന്ന കാര്യത്തിൽ സംശയമില്ല. ജനജീവിതം സാധാരണ നിലയിലാക്കാൻ ഇപ്പോൾ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ അപര്യാപ്തമാണെന്ന് ഏവർക്കും അറിയുന്നതാണ്.

നാമെല്ലാം ആഗ്രഹിക്കുന്നത് പോലെ പുതിയൊരു കേരളം കെട്ടിപ്പടുക്കണമെങ്കിൽ അതിനു വേണ്ടിവരുന്ന മനുഷ്യാധ്വാനവും സാമ്പത്തിക ബാധ്യതയും ഇപ്പോഴത്തെ കണക്കുകൂട്ടലുകൾക്കപ്പുറത്താണെന്ന കാര്യത്തിൽ സംശയമില്ല.ഈ പ്രതിസന്ധിഘട്ടത്തിൽ കേരളം തയ്യാറാക്കുന്ന സമ്പൂർണ്ണ ദുരിതാശ്വാസ-പുനരധിവാസ പാക്കേജിന് അംഗീകാരം നൽകാനും അത് നടപ്പിലാക്കുന്നതിന് ആവശ്യമായ മുഴുവൻ ചെലവും വഹിക്കാനുമുള്ള ബാധ്യത കേന്ദ്രസർക്കാരിനുണ്ട്.

പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും സന്ദർശനം ഈ നിർണായക ഘട്ടത്തിൽ ആശ്വാസകരവും പ്രതീക്ഷാ നിർഭരവുമായിരുന്നു. എന്നാൽ അവരിരുവരും ഇതേവരെ പ്രഖ്യാപിച്ച താൽക്കാലിക ആശ്വാസം കേരളത്തിന് വരുന്ന സാമ്പത്തിക ബാധ്യതയുടെ ചെറിയ ഒരു അംശം പോലും ആകുന്നില്ല. അതുകൊണ്ട് സർവ്വ സാങ്കേതികത്വവും കൈവെടിഞ്ഞ് നിലവിലുള്ള ദുരിതാശ്വാസ മാനദണ്ഡങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി യാഥാർത്ഥ്യബോധത്തോടെ സംസ്ഥാനത്തിൻ്റെ രക്ഷയ്ക്ക് കേന്ദ്രം എത്തിയേ മതിയാകൂ. സർവതും നഷ്ടപ്പെട്ട ജനങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ആ മഹാദൗത്യം ഏറ്റെടുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളും ജനങ്ങളും ഒന്നിച്ച് പ്രവർത്തിച്ചെങ്കിലേ കഴിയൂ.

യു.എ.ഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ സൻമനസ്സോടെയുള്ള സഹായ വാഗ്ദാനം ഈ ഘട്ടത്തിൽ ഏറെ ആശ്വാസം നൽകുന്നതാണെന്നതിൽ സംശയമില്ല. അതെല്ലാം കേരളത്തിന് കൂടുതൽ ആത്മവിശ്വാസം പകരുന്നതുമാണ്.എന്നാൽ കേവലം മുട്ടുന്യായം പറഞ്ഞ് അതെല്ലാം വേണ്ടെന്നു വയ്ക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം തികച്ചും നിരുത്തരവാദപരവും പ്രതിഷേധാർഹവുമാണ്.

ഒരു വ്യക്തിയായാലും രാജ്യമായാലും ആപത്ത് കാലത്താണ് യഥാർത്ഥ സ്നേഹിതരെ തിരിച്ചറിയുന്നത്.

കേരളവുമായി വൈകാരിക ബന്ധമുള്ള യു.എ.ഇ വാഗ്ദാനം ചെയ്ത 700 കോടി രൂപ വേണ്ടെന്നു വയ്ക്കാനുള്ള കേന്ദ്രതീരുമാനം തിരുത്തിയേ മതിയാകൂ.

യു.പി.എ സർക്കാരിന്റെ വിദേശ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച തീരുമാനം തിരുത്തിയതായി അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് തന്നെ 2005 ജൂൺ മൂന്നിന് സുനാമിയെ കുറിച്ചുള്ള രാഷ്ട്രത്തിനുള്ള റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇനി എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ തന്നെ ശ്രീ എ കെ ആൻറണി പറഞ്ഞതുപോലെ അതല്ലാം പൊളിച്ചെഴുതാവുന്നതേയുള്ളൂ. അതാത് കാലത്ത് രാജ്യതാൽപര്യത്തെയും ജനങ്ങളുടെ ആവശ്യങ്ങളെയും മുൻനിർത്തി നയങ്ങളിൽ ആവശ്യമായ മാറ്റം വരുത്തുക എന്നത് ജനാധിപത്യ സർക്കാരുകളുടെ കടമയാണ്.

തന്നെയുമല്ല നരേന്ദ്രമോഡി അധികാരത്തിൽ വന്നതിന് ശേഷം 2016 ൽ തയ്യാറാക്കിയ ദേശീയ ദുരന്ത നിവാരണ പദ്ധതി പ്രകാരം വിദേശ സഹായം സ്വീകരിക്കുന്നതിന് തടസ്സങ്ങൾ ഒന്നും തന്നെ ഇല്ല. ഏതെങ്കിലും രാജ്യം ഇങ്ങോട്ട് സഹായം വാഗ്ദാനം ചെയ്താൽ കേന്ദ്രസർക്കാരിന് അത് സ്വീകരിക്കാമെന്നാണ് വ്യവസ്ഥ.

യാഥാർത്ഥ്യം ഇതായിരിക്കെ യു.എ.ഇ സഹായം ഉൾപ്പെടെയുള്ള വിദേശ സഹായങ്ങളെ കുറിച്ച് കേന്ദ്രസർക്കാർ ഇപ്പോൾ എടുത്ത തീരുമാനം പിൻവലിക്കണം.

സർവ്വ രാജ്യങ്ങളിൽനിന്നും യു.എൻ. ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികളിൽ നിന്നുള്ള സഹായം സ്വീകരിക്കുന്നതിന് ആവശ്യമായ നടപടികൾ കേന്ദ്രം സ്വീകരിക്കുകയും വേണം.

എത്രയെത്ര സഹായങ്ങൾ ലഭിച്ചാലും അതെല്ലാം പോരാതെ വരുന്ന ഈ സന്ദർഭത്തിൽ വാഗ്ദാനം ചെയ്യപ്പെടുന്നത് പോലും നിരാകരിക്കുന്ന മോഡി സർക്കാരിൻറെ തെറ്റായ നടപടി പൊളിച്ചെഴുതിയ മതിയാകൂ. അതിനായി കേരളം ഒറ്റക്കെട്ടായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നമ്മുടെ എംപിമാരും സമസ്ത രാഷ്ട്രീയ നേതൃത്വവും മഹാദുരന്തത്തെ നേരിടുന്നതിൽ പ്രകടിപ്പിച്ച അതേ ഒരുമയോടെ കേരളത്തിൻറെ ശക്തമായ വികാരം കേന്ദ്ര സർക്കാരിനെ അറിയിക്കണം.

നമ്മുടെ നാടിനുണ്ടായ മഹാ ദുരന്തത്തെ കുറിച്ച് ചർച്ചചെയ്യുന്നതിനും ആവശ്യമായ തുടർ നടപടികൾക്ക് ആക്കം കൂട്ടുന്നതിനും ആഗസ്റ്റ് 30ന് നിയമസഭ സമ്മേളനം ചേരുന്നതും സന്ദർഭോചിതമായി.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മുൻകൈയെടുത്ത് കേരള ജനതയുടെ ശക്തമായ വികാരം ഇക്കാര്യത്തിൽ പ്രതിഫലിപ്പിക്കുന്ന പ്രമേയം നിയമസഭയിൽ ഏകകണ്ഠമായി പാസാക്കുന്നതിന് വേണ്ടതെല്ലാം ചെയ്യുകയും വേണം.

Latest
Widgets Magazine