മാനവരാശിയുടെ നിലനിൽപ്പിന് അനിവാര്യമായ പൈതൃക സമ്പത്താണ് ജൈവവൈവിധ്യം.

കൊച്ചി:മാനവരാശിയുടെ നിലനിൽപ്പിന് അനിവാര്യമായ പൈതൃക സമ്പത്താണ് ജൈവവൈവിധ്യം എന്ന് വി എം സുധീരൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു .അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തിൽ ആണ് സുധീരന്റെ പോസ്റ്റ് .
പോസ്റ്റ് പൂർണ്ണമായി

ഇന്ന് അന്താരാഷ്ട്ര ജൈവ വൈവിധ്യദിനമാണല്ലോ.

മാനവരാശിയുടെ നിലനിൽപ്പിന് അനിവാര്യമായ പൈതൃക സമ്പത്താണ് ജൈവവൈവിധ്യം.

ഇത് സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും അതിൻറെ പ്രസക്തിയെ കുറിച്ച് ബോധവൽക്കരണം നടത്തുന്നതിലും വേണ്ടതെല്ലാം ചെയ്യുക അതാണ് ഈ ദിനത്തിൻറെ സന്ദേശം.

ജൈവവൈവിധ്യ സംരക്ഷണത്തിന് സർക്കാരും സമൂഹവും പതിന്മടങ്ങ് ഊർജ്ജിതമായി പ്രവർത്തിക്കേണ്ടിയിരിക്കുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെയും ആഗോള താപനത്തിന്റെയും കെടുതികൾ നേരിട്ട് അനുഭവിച്ചു കൊണ്ടിരിക്കുന്ന കേരളം ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ വലിയ നാശത്തിലേക്കാണ് പോവുക.

നിർഭാഗ്യവശാൽ ജൈവവൈവിധ്യദിനം, പരിസ്ഥിതി ദിനം, ജലദിനം തുടങ്ങിയ ദിനാചരണങ്ങളിൽ ഇതെല്ലാം കേവലം പ്രസംഗവിഷയമായി മാറുകയാണ്. പ്രവർത്തിയിലാകട്ടെ അതിഗുരുതര വീഴ്ചയാണ് വരുത്തിക്കൊണ്ടിരിക്കുന്നതും.

സ്വാർത്ഥ താല്പര്യങ്ങൾക്കായി ഒരുപാട് നശിപ്പിച്ചു കഴിഞ്ഞു. അതിൻ്റെയെല്ലാം കെടുതികൾ അനുഭവിക്കുകയും ചെയ്യുന്നു. അതിൽനിന്നെല്ലാം പാഠം ഉൾക്കൊള്ളാതെ അവശേഷിച്ച തണ്ണീർത്തടങ്ങളും നെൽവയലുകളും കുന്നുകളും ജൈവവൈവിധ്യങ്ങളുടെ കലവറകളും നശിപ്പിക്കാനുള്ള വ്യഗ്രതയിലാണ് സംസ്ഥാന സർക്കാർ.

എന്തിനേറെ പൈതൃകസമ്പത്തായി സംരക്ഷിച്ചു വരുന്ന ശാന്തിവനത്തെ വൈദ്യുതിബോർഡ് നശിപ്പിക്കുകയാണ്. ബദൽ മാർഗങ്ങൾ ഉണ്ടായിട്ടും ശാന്തിവനം നശിപ്പിച്ചേ അടങ്ങൂ എന്ന മട്ടിലാണ് വൈദ്യുതി ബോർഡും സർക്കാരും.

തണ്ണീർതടങ്ങളിലേക്ക് കച്ചവട കണ്ണുമായി അധിനിവേശം നടത്തുന്ന ഭൂമാഫിയയുടെ സംരക്ഷകരായി സർക്കാർതന്നെ മാറുന്ന സ്ഥിതിവിശേഷമാണ് കാണുന്നത്. ജില്ലാ കളക്ടർ റദ്ദാക്കിയ നടപടിയെ സർക്കാർ തന്നെ മറികടക്കുന്ന സാഹചര്യമാണ് കാണുന്നത്.

അനധികൃത ക്വാറികളും ഖനന പ്രവർത്തനങ്ങളും പരിസ്ഥിതിക്കും ജനങ്ങൾക്കും ഭീഷണിയായി നിർബാധം തുടരുകയാണ്.

പ്രളയാനന്തര കേരളത്തിൻറെ പുനർനിർമ്മാണ പ്രക്രിയ പരിസ്ഥിതി സൗഹൃദമാണെന്ന് പറയുന്ന സർക്കാരിനോട് ഒന്നേ പറയാനുള്ളൂ. ദയവായി വാചകമടി നിർത്തി തെറ്റ് തിരുത്തുക.

Top