ഭീഷണിപ്പെടുത്തി വായടപ്പിക്കാനാവില്ലെന്ന വാക്ക് സുധീരന്‍ പാലിച്ചു: ഉമ്മന്‍ചാണ്ടിയുടെയും മാണിയുടെയും ചെന്നിത്തലയുടെയും രഹസ്യ ഇടപാടുകള്‍ വെളിപ്പെടുത്തി രംഗത്ത്

തിരുവനന്തപുരം: ഭയപ്പെടുത്തി ഇനിയാര്‍ക്കും തന്റെ വായടപ്പിക്കാനാവില്ലെന്നു പറഞ്ഞ വിഎം സുധീരന്‍ വാക്കു പാലിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് ആരും തന്നെ കെട്ടിയിറക്കിയതല്ല. കഠിനമായ പ്രവര്‍ത്തനത്തിലൂടെയാണ് പാര്‍ട്ടിയില്‍ വളര്‍ന്നത്. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിര്‍വ്വഹിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് താന്‍ അന്യനല്ലെന്നും സുധീരന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കും മാണിക്കും കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസിനെതിരെയും ആഞ്ഞടിക്കുകയായിരുന്നു അദ്ദേഹം.

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തതിനെയും സുധീരന്‍ വിമര്‍ശിച്ചു. സീറ്റ് വിട്ടു കൊടുത്തതില്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും എതിര്‍പ്പുണ്ട്. കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നല്‍കിയത് ഹിമാലയന്‍ മണ്ടത്തരം. സീറ്റ് വിട്ടുകൊടുത്തതിന്റെ പ്രത്യാഘാതം ഗുരുതരമാകും. സീറ്റ് വിട്ടു കൊടുത്തതോടെ യുപിഎയ്ക്ക് ലോക്സഭയില്‍ സീറ്റ് കുറയും. ഇത് ബിജെപിക്ക് നേട്ടമാകും. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് ഫലം നേതൃത്വത്തിന്റെ കണ്ണ് തുറപ്പിച്ചില്ല. അനുഭവം ഉണ്ടായിട്ടും കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയത് ശരിയല്ലെന്നും സുധീരന്‍ പറഞ്ഞു.

നേതാക്കള്‍ പരസ്യ പ്രസ്താവന പാടില്ലെന്ന കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്റെ നിലപാടിനെയും സുധീരന്‍ വിമര്‍ശിച്ചു. പരസ്യ പ്രസ്താവന കോണ്‍ഗ്രസില്‍ പുത്തരിയല്ല. പ്രസ്താവന വിലക്കുന്ന നേതാക്കള്‍ ചരിത്രം മറക്കരുത്. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് തെറിപ്പിക്കാന്‍ എല്ലാ സീമകളും ലംഘിച്ചവരാണ് ഇവര്‍. പരസ്യ പ്രസ്താവന വിലക്ക് പലവട്ടം പരസ്യമായി ലംഘിച്ചയാളാണ് എം.എം.ഹസന്‍. താന്‍ കെപിസിസി പ്രസിഡന്റായിരുന്നപ്പോള്‍ കെപിസിസി ഓഫീസില്‍ തനിക്കെതിരെ പ്രസ്താവന നടത്തിയ ആളാണ് ഹസന്‍. ഉമ്മന്‍ ചാണ്ടിയും പരസ്യ പ്രസ്താവന വിലക്ക് ലംഘിച്ചിട്ടുണ്ട്. മന്ത്രി സ്ഥാനം രാജിവച്ച് പരസ്യ ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തിയ ആളാണ് ഉമ്മന്‍ ചാണ്ടി. പരസ്യ പ്രസ്താവന വിലക്കുന്നത് പ്രശ്നങ്ങള്‍ക്ക് ഒറ്റമൂലിയല്ല. തെറ്റുപറ്റിയാല്‍ തുറന്ന് സമ്മതിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്പിയെ യുഡിഎഫിലേക്ക് എടുത്തതിനെ സുധീരന്‍ ന്യായീകരിച്ചു. മുന്നു നേതാക്കള്‍ മാത്രമെടുത്ത തീരുമാനമല്ല. കെപിസി എക്സിക്യൂട്ടീവില്‍ ചര്‍ച്ച ചെയ്തെടുത്തതാണ്. ആ തരത്തിലെ ജാഗ്രത രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ഉണ്ടായില്ലെന്നും സുധീരന്‍ പറഞ്ഞു.

ഞാന്‍ കെപിസിസി പ്രസിഡന്റായത് ഉമ്മന്‍ ചാണ്ടിക്ക് ഇഷ്ടപ്പെട്ടില്ല. കെപിസിസി പ്രസിഡന്റ് ആയപ്പോള്‍ മുതല്‍ നീരസം ആയിരുന്നു. വളരെ പ്രയാസപ്പെട്ടാണ് ഉമ്മന്‍ ചാണ്ടിയെ വീട്ടിലെത്തി കണ്ടത്. വീട്ടില്‍ പോയി കണ്ടിട്ടും നീരസം പ്രകടിപ്പിച്ചു. കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങില്‍ നിന്ന് വിട്ടു നിന്നു. താന്‍ നയിച്ച ജനപക്ഷ, ജനരക്ഷാ യാത്രകളെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു. തന്റെ രണ്ടു ജാഥകള്‍ ഉദ്ഘാടനം ചെയ്തത് പ്രസംഗത്തില്‍ തന്റെ പേര് പോലും പറയാതെയായിരുന്നു. ക്രൂരമായ നിസംഗതയും നിസഹകരണവുമാണ് ഉമ്മന്‍ ചാണ്ടി എന്നോട് കാണിച്ചത്.

418 ബാറുകള്‍ അടച്ചു പൂട്ടാനേ താന്‍ ആവശ്യപ്പെട്ടുള്ളു. എന്നാല്‍ തനിക്ക് ലഭിച്ച ജനപിന്തുണ കണ്ട് അസൂയ പൂണ്ട ഉമ്മന്‍ ചാണ്ടിയും കൂട്ടരും എല്ലാ ബാറുകളും അടച്ചു പൂട്ടി. വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് വിശദമായ ചര്‍ച്ച നടത്തണമെന്നായിരുന്നു എഐസിസി തീരുമാനം. അതെല്ലാം അവഗണിച്ച ഉമ്മന്‍ ചാണ്ടി പദ്ധതിക്ക് അനുമതി നല്‍കി. ഈ തീരുമനം ഞെട്ടിച്ചു. സംസ്ഥാന താല്‍പര്യം ഹനിച്ചാണ് ഉമ്മന്‍ ചാണ്ടി പദ്ധതിക്ക് അനുമതി നല്‍കിയത്.

മാണിയുമായി ഇടപെടല്‍ നടത്തുമ്പോള്‍ മുന്‍കരുതല്‍ എടുക്കണമായിരുന്നു. ബിജെപി, സിപിഎം, കോണ്‍ഗ്രസ് കക്ഷികളോട് വിലപേശിയ ആളാണ് മാണി. മാണി നാളെ ബിജെപിക്ക് ഒപ്പം പോകില്ലെന്ന് എന്താണുറപ്പ്? മാണി ബിജെപിക്ക് ഒപ്പം പോകില്ലെന്ന ഉറപ്പെങ്കിലും കോണ്‍ഗ്രസ് നേതൃത്വം വാങ്ങണമായിരുന്നു. മാണി ചാഞ്ചാട്ടക്കാരനാണ്.

പ്രതിപക്ഷം ജനങ്ങളുടെ വിശാസം ആര്‍ജിക്കുന്നില്ല. കോവളം കൊട്ടാരം, ഹാരിസണ്‍ വിഷയങ്ങളില്‍ വേണ്ടരീതിയില്‍ പ്രതികരിച്ചില്ല. പല വിഷയങ്ങളിലും പ്രതിപക്ഷമെടുത്ത നിലപാടുകള്‍ ദുര്‍ബലം. പ്രതിപക്ഷം എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. കേളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് രഹസ്യ അജണ്ടയും സങ്കുചിത താല്‍പര്യമാണ്. നഷ്ടപ്പെട്ട വിശ്വാസം നേതൃത്വം വീണ്ടെടുക്കുകയാണ് വേണ്ടത്. സംസ്ഥാന നേതൃത്വത്തിന്റേത് മതേതര മുന്നേറ്റം തകര്‍ക്കുന്ന നടപടിയാണ്. രാഹുല്‍ ഗാന്ധിയുടെ ശ്രമങ്ങള്‍ക്ക് ഇത് തിരിച്ചടി നല്‍കുന്നു. രാഹുല്‍ ഗാന്ധി മതേതര വിശ്വാസികള്‍ക്ക് ആവേശം പകരുന്ന നേതാവാണെന്നും അദ്ദേഹം പറഞ്ഞു.

Top