യു.എ.ഇ നൽകുന്ന 700 കോടിയും സ്വീകരിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം; യു.പി.എ സർക്കാരിൻ്റെ കാലത്തെ നിയമ തടസം

പ്രളയ ദുരന്തത്തില്‍ കഴിയുന്ന കേരളത്തിന് കേന്ദ്ര സർക്കാർ നല്‍കിയതിലും വലിയ തുകയാണ് ഗള്‍ഫ് രാജ്യമായ യു.എ.ഇ സഹായവാഗ്ദാനം നല്‍കിയത്. കേന്ദ്രം 500 കോടി മാത്രം നല്‍കിയപ്പോള്‍ 700 കോടിയാണ് യു.എ.ഇ ദുരിതാശ്വാസത്തിനായി നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്. എന്നാല്‍ ഈ തുക കൈപ്പറ്റാനാകില്ലെന്നാണ് കേന്ദ്രം ഇപ്പോള്‍ പറയുന്നത്.

യു.പി.എ കാലത്തുണ്ടായ നയമാണ് തടസമായി കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത്. വിദേശ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് യു.പി.എ സര്‍ക്കാരിന്റെ നയം മാറ്റേണ്ടതില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. വായ്പയായി മാത്രമേ പണം സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. കേരളത്തിനാണെങ്കില്‍ യു.എ.ഇയില്‍ നിന്ന് നേരിട്ട് വായപയെടുക്കാനും സാധിക്കില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

20000 കോടിയുടെ നഷ്ടമാണ് പ്രളയത്തിലൂടെ കേരളത്തിന് ഉണ്ടായതായി പ്രാഥമിക കണക്കെടുപ്പില്‍ തന്നെ തെളിഞ്ഞത്. ഇത് ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യത. ഈ ഭീമമായ കെടുതിയെ നേരിയാനുള്ള സഹായങ്ങളാണ് ഒന്നിനുപുറകേ ഒന്നായി കേന്ദ്രം തടയുന്നത്.

കേന്ദ്ര വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളാണ് പണം സ്വീകരിക്കാന്‍ കഴിയില്ലെന്ന് പറയുന്നത്. നിലവില്‍ വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് നയമില്ല. വിദേശ ഏജന്‍സികളുടെ സഹായം സ്വീകരിക്കാറുള്ളത് വായ്പയായി മാത്രമാണെന്നും കേന്ദ്ര വൃത്തങ്ങള്‍ പറയുന്നു. ഇത് സംബന്ധിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനായി ആലോചനകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

യു.പി.എ കാലത്ത് പ്രകൃതി ദുരന്തമുണ്ടായപ്പോള്‍ കേന്ദ്രം വിദേശസഹായം നിരസിച്ചിരുന്നുവെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. സുനാമിക്കു ശേഷം ഇന്ത്യ വിദേശസഹായം സ്വീകരിച്ചിട്ടില്ല. ഉത്തരാഖണ്ഡ് പ്രളയകാലത്ത് അമേരിക്കന്‍ സഹായം യു.പി.എ നിരസിച്ചുവെന്ന് കേന്ദ്രം പറയുന്നു.

നിലവിലുണ്ടായിരിക്കുന്ന ദുരന്തം നേരിടാന്‍ കേന്ദ്രത്തിനും ഒപ്പം സംസ്ഥാനത്തിനും കരുത്തുണ്ടെന്ന വിലയിരുത്തലാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. ഈയൊരു സാഹചര്യത്തില്‍ വിദേശത്ത് നിന്ന് സഹായം സ്വീകരിക്കേണ്ടെന്ന നിലപാടിലേക്ക് കേന്ദ്രം എത്തിയാല്‍ യു.എ.ഇയുടെ സഹായധനം ഒരുപക്ഷെ നിരസിക്കപ്പെട്ടേക്കും.

Top