ഹീറോ അല്ലു അര്‍ജുന്‍ ആണ്; ആലപ്പുഴയിലെ അംഗനവാടികള്‍ക്കായി നല്‍കിയത് 21 ലക്ഷം രൂപ

പ്രളയത്തില്‍ നിന്നും കരകയറിയ കേരളം ഇപ്പോള്‍ പുതു കേരളം കെട്ടിപ്പടുത്തുന്നതിന്റെ ശ്രമങ്ങളിലാണ്. ഈ ശ്രമങ്ങളില്‍ കേരളത്തിന് കൈത്താങ്ങായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സഹായമെത്തുന്നുണ്ട്. താരങ്ങളും വ്യവസായ പ്രമുഖരുമെല്ലാം അതില്‍ ഉള്‍പ്പെടുന്നു. തകര്‍ന്ന ജീവിതം കരുപ്പിടിപ്പിക്കുന്ന ആലപ്പുഴക്കാര്‍ക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് തെലുങ്ക് നടന്‍ അല്ലു അര്‍ജ്ജുന്‍.പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ ആലപ്പുഴ ജില്ലയിലെ അംഗനവാടികള്‍ ഈ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ പുനര്‍നിര്‍മ്മിക്കും.ആലപ്പുഴ ജില്ലയുടെ പുരനധിവാസ പദ്ധതിയിലേക്ക് 21 ലക്ഷം രൂപയാണ് അല്ലു അര്‍ജുന്‍ നല്കുന്നത്.

തെലുങ്കില്‍ സൂപ്പര്‍ ഹിറ്റായ ഗീതോ ഗോവിന്ദം ചിത്രത്തിന് കേരളത്തില്‍ നിന്നും ലഭിച്ച തുകയാണിത്. വെള്ളപ്പൊക്കത്തില്‍ ആലപ്പുഴയിലെ മാത്രം21 അംഗനവാടികള്‍ പൂര്‍ണ്ണമായും 66 എണ്ണം ഭാഗികമായു തകര്‍ന്നിരുന്നു. ഇതില്‍ പത്തെണ്ണത്തിന്റെ നിര്‍മ്മാണത്തിന് ജനുവരി പത്തിന് തുടക്കമാവും.

നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഉദ്ഘാടനത്തിനായി ആലപ്പുഴയില്‍ എത്തിയപ്പോഴാണ് അല്ലു അര്‍ജുന്‍ ആലപ്പുഴ സബ്കളക്ടര്‍ വിആര്‍ കൃഷ്ണ തേജയോട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം വാഗ്ദാനം ചെയ്തത്. നേരത്തേ കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് അല്ലു അര്‍ജ്ജുന്‍ 25 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.

Top