ന്യൂഡല്‍ഹി: പ്രളയ ദുരിതത്തിലായ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു സാമ്പത്തിക സഹായം നല്‍കുന്നതിനെ തടയുന്ന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. കടുത്ത തീരുമാനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിനെതിരെ കൈക്കൊള്ളുന്നതെന്നും റിപ്പോര്‍ട്ട്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന തായ്‌ലന്‍ഡ് കമ്പനികള്‍ കേരളത്തിനു ദുരിതാശ്വാസ സഹായം നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് തായ് സ്ഥാനപതി ചുതിന്തോണ്‍ ഗോങ്സക്തിയോടു വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ചടങ്ങില്‍ നിന്നും വിലക്കിയ കാര്യം തായ് സ്ഥാനപതി ട്വിറ്ററില്‍ വെളിപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സാഹയഘനം എത്തിക്കാനുള്ള തീരുമാനം യുഎഇ പുനഃപരിശോധിക്കുന്നത്. വിദേശ സര്‍ക്കാരുകള്‍ പരോക്ഷമായി പോലും ദുരിതാശ്വാസ പദ്ധതികളുമായി സഹകരിക്കേണ്ടതില്ലെന്ന് ഇന്ത്യ നിലപാടെടുത്ത പശ്ചാത്തലത്തിലാണു മനംമാറ്റമെന്നു സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ സഹായവുമായി മുന്നോട്ടുപോകുന്നത് ഉഭയകക്ഷി ബന്ധത്തെ ബാധിച്ചേക്കുമെന്നാണു യുഎഇയുടെ വിലയിരുത്തല്‍.
വിദേശരാജ്യങ്ങളോടു നേരിട്ടു സഹായം സ്വീകരിക്കില്ലെന്നും ഫൗണ്ടേഷനുകള്‍ മുഖേനയുള്ള നടപടികള്‍ക്കു തടസ്സമില്ലെന്നുമാണു കേന്ദ്ര സര്‍ക്കാര്‍ മുന്‍പു വ്യക്തമാക്കിയത്. തുടര്‍ന്ന്, യുഎഇ പ്രസിഡന്റ് നേതൃത്വം നല്‍കുന്ന ഖലീഫ ഫൗണ്ടേഷനിലൂടെ സഹായം ലഭ്യമാക്കാന്‍ ആലോചന നടന്നു. തുടര്‍നടപടികള്‍ക്കായി ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്ന കേരളം സന്ദര്‍ശിക്കാനും തീരുമാനിച്ചിരുന്നു. സഹായം സ്വീകരിക്കുന്നതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് വിശദീകരിക്കുന്ന രേഖകളും യുഎഇ ശേഖരിച്ചു.
വിദേശരാജ്യങ്ങളില്‍ നിന്നും കേരളത്തിന് സഹായം സ്വീകരിക്കുന്നതിനോട് അനുകൂലമായ മനോഭാവമല്ല കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്നത്. പ്രധാനമനന്ത്രിയുടെ റിലീഫ് ഫണ്ട്, മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ട് , എന്‍ആര്‍ഐകള്‍ നല്‍കുന്ന സംഭാവന, പിഐഒകള്‍, ഫൗണ്ടേഷനുകള്‍ തുടങ്ങിയവ നല്‍കുന്ന സഹായം തുടങ്ങിയവയിലൂടെ കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനം നിര്‍വഹിക്കുന്നതിലാണ് കേന്ദ്രഗവണ്‍മെന്റ് താല്‍പര്യം പുലര്‍ത്തുന്നത്. ദുരന്തങ്ങളുണ്ടാകുമ്പോള്‍ വിവിധ രാജ്യങ്ങള്‍ പരസ്പരം സഹായിക്കുക സ്വാഭാവികമാണെന്നും യുഎസില്‍ കത്രീന കൊടുങ്കാറ്റുണ്ടായപ്പോള്‍ അവര്‍ ഇന്ത്യയുടെ സഹായം സ്വീകരിച്ചിരുന്നു. അതുകൊണ്ട് തന്നെ കേരളത്തിന് ലഭിക്കുന്ന സഹായങ്ങള്‍ കേന്ദ്രം നിരസിക്കുന്നത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്നുണ്ട്.
കേരളത്തിലെ പ്രളയം നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ വ്യാപകമായ വിലയിരുത്തല്‍ നടത്തി ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു മോദി സര്‍ക്കാര്‍ പറഞ്ഞിരുന്നത്. വിദേശ ഗവണ്‍മെന്റുകളോട് നേരത്തെ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നത്. 2004 മുതല്‍ പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോള്‍ ഇന്ത്യ വിദേശ സഹായം സ്വീകരിക്കുന്നില്ല. എന്നാല്‍ മറ്റൊരു രാജ്യം സ്വമേധയാ സഹായം ചെയ്യാന്‍ തയ്യാറായാല്‍ അത് സ്വീകരിക്കാറുണ്ടെന്നാണ് 2016 മേയിലെ നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്ലാന്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ കേരളത്തിന്റെ കാര്യത്തില്‍ ഇതും മറക്കുകയാണ് മോദി സര്‍ക്കാര്‍. ഇത് കേരളത്തിനോടുള്ള കടുത്ത അവഗണനയാണെന്നു വിലയിരുത്താവുന്നതാണ്.