
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സൂചന. പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പുതിയ തസ്തികകള്‍ നിയന്ത്രിച്ച് ഉത്തരവിറക്കി. ചെലവ് ചുരുക്കാന്‍ വകുപ്പുകളിലേക്ക് 14 ലക്ഷത്തില്‍ താഴെയുള്ള വാടക വാഹനം മാത്രമേ ഉപയോഗിക്കാവൂ എന്ന് ഉത്തരവില്‍ പറയുന്നു. ഔദ്യോഗിക വിദേശ യാത്രക്ക് മുഖ്യമന്ത്രിയുടെ അനുമതി ആവശ്യമാണ്. ഉദ്യോഗസ്ഥരുടെ ഫോണ്‍ വിളിക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിരമിക്കല്‍,രാജി, സ്ഥാനകയറ്റം എന്നിവ മൂലം സംസ്ഥാന വിവിധ വകുപ്പുകളില്‍ നിരവധി തസ്തികകള്‍ നിലവില്‍ ഒഴിഞ്ഞ് കിടക്കുകയാണ്. ഈ ഒഴിവുകള്‍ നികത്താന്‍ജീവനക്കാരുടെ പുനര്‍ വിന്യാസത്തിലൂടെ സാധിക്കുമോ എന്നതിന് പ്രഥമ പരിഗണന നല്‍കണമെന്ന് ധനകാര്യ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. പുതിയനിയമനങ്ങള്‍ വിശദമായ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമെ നടത്താവു. പുതിയവാഹനങ്ങള്‍ വാങ്ങുന്നതിനും നിയന്ത്രണമുണ്ട്.വകുപ്പ് മേധാവി, പൊലീസ്, തദ്ദേശ സ്ഥാപന അധ്യക്ഷന്‍ നിയമ നിര്‍വഹണ സംവിധാനങ്ങള്‍ എന്നിവര്‍ക്ക് മാത്രമെ ഇനിമുതല്‍ പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ അധികാരമുള്ളു. മറ്റ് വകുപ്പുകള്‍ക്ക് വാഹനങ്ങള്‍ അത്യാവശ്യമുണ്ടെങ്കില്‍ കരാര്‍ അടിസ്ഥാനത്തിലെടുക്കാം. വാഹന വില പതിനാല് ലക്ഷത്തില്‍ കൂടാന്‍ പാടില്ല. പദ്ധതി പദ്ധതിയേതര ഫണ്ടില്‍ നിന്ന് പണം നല്‍കേണ്ടി വരും. ഉദ്യോഗസ്ഥരുടെ യാത്രക്കും ഫോണ്‍ വിളിക്കും നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് നേരത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന്റെ ചുവട് പിടിച്ചുള്ള നിയന്ത്രണങ്ങളും ഉത്തരവിലുണ്ട്.ലാന്‍ഡ് ഫോണ്‍ ഒഴിവാക്കി ഉദ്യോഗസ്ഥര്‍ മൊബൈലിലേക്ക് മാറണം.യാത്രകള്‍ പരമാവധി ഒഴിവാക്കി വീഡിയോ കോണ്‍ഫറന്‍സിംങ്ങ് ഉപയോഗപ്പെടുത്തണം.വകുപ്പ് മേധാവികളുടെ ഫോണ്‍ തുകയുടെ പരിധിയും കുറച്ചിട്ടുണ്ട്. മാസം 1500 രൂപയായിരുന്നത് ആയിരമാക്കി കുറച്ചു.