ജിഷ്ണു പ്രണോയിയുടെ കേസിലും നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാനെതിരെയും സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയില്‍. ജിഷ്ണു പ്രണോയിയുടെ കേസില്‍ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിന്റെ ജാമ്യവും ലക്കിടി കോളെജ് വിദ്യാര്‍ത്ഥി ഷഹീര്‍ ഷൗക്കത്തലിയുടെ കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന് നല്‍കിയ ജാമ്യവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി നാളെ പരിഗണിക്കും. കൂടാതെ ജിഷ്ണു കേസില്‍ പ്രതികളുടെ ചോദ്യം ചെയ്യലിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കണമെന്നും സര്‍ക്കാരിനെതിരായി ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തന്നെ മര്‍ദിച്ചെന്ന് കാട്ടിയായിരുന്നു ലക്കിടിയിലെ നെഹ്രു അക്കാദമിക് ലോ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സഹീറിന്റെ പരാതി. സഹീര്‍ ഷൗക്കത്തലി നല്‍കിയ പരാതില്‍ പൊലീസ് കൃഷ്ണദാസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൃഷ്ണദാസടക്കം നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തതിന് പിന്നാലെ കൃഷ്ണദാസിനും ജാമ്യം ലഭിച്ചിരുന്നു.
തട്ടിക്കൊണ്ടു പോകല്‍, മര്‍ദ്ദനം, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് കൃഷ്ണദാസിനെതിരെ ചുമത്തിയിരുന്നത്. കോളേജില്‍ ബില്ല് നല്‍കാതെയുള്ള അനധികൃത പണപ്പിരിവും വെല്‍ഫെയര്‍ ഓഫീസര്‍മാരെ സംബന്ധിച്ചും സഹീര്‍ സുതാര്യകേരളം സ്റ്റുഡന്റ് ഗ്രീവന്‍സ് സെല്ലിലേക്ക് അയച്ച പരാതിയെ തുടര്‍ന്നാണ് ചെയര്‍മാന്റെയും പിആര്‍ഒ സഞ്ജിത്തിന്റെയും ക്രൂരമര്‍ദ്ദനത്തിന് ഇരയാകുന്നത്.
ജിഷ്ണു പ്രണോയിയുടെ കേസില്‍ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ച വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിന്റെ ജാമ്യം നേരത്തെ സ്ഥിരപ്പെടുത്തിയിരുന്നു. കൂടാതെ ഒളിവിലുളള നാലും അഞ്ചും പ്രതികളായ പ്രവീണ്‍, ദിപിന്‍ എന്നിവര്‍ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. ജിഷ്ണുകേസില്‍ എല്ലാവര്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. നേരത്തെ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.