ഒളിവിൽ കഴിയാൻ സഹായം നൽകിയിരുന്നത് കൃഷ്ണദാസ്; പോലീസ് പിടിയിലായ ശക്തിവേലിന്റെ മൊഴി

തൃശൂര്‍: ഒളിവില്‍ കഴിയാന്‍ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് സഹായം നല്‍കിയിരുന്നതായി ഇന്നലെ അറസ്റ്റിലായ വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ ശക്തിവേലിന്റെ മൊഴി. ഒളിവിലിരിക്കെ കൃഷ്ണദാസിനെ സന്ദര്‍ശിച്ചിരുന്നുവെന്നും നിയമസഹായവും കൃഷ്ണദാസ് നല്‍കിയതായും ശക്തിവേല്‍ മൊഴി നല്‍കിയിട്ടുണ്ട്.ജിഷ്ണുവിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ശക്തിവേല്‍ അറിയിച്ചു. എന്നാല്‍ കോപ്പിയടി സര്‍വകലാശാലയിലേക്ക് റിപ്പോര്‍ട്ട് ചെയ്താല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ജിഷ്ണുവിനെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷത്തെത്തുടര്‍ന്നായിരിക്കും ജിഷ്ണു മരിച്ചതെന്നുമാണ് ശക്തിവേല്‍ പറഞ്ഞത്.

ഇന്നലെ രാത്രി അഞ്ചു മണിക്കൂറിലധികം പോലീസ് ശക്തിവേലിനെ ചോദ്യം ചെയ്തിരുന്നു. പിന്നീട് പുലര്‍ച്ചെ ഒന്നരയോടെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ജിഷ്ണു കേസില്‍ സുപ്രധാന വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന രണ്ടു പേരിലൊരാളാണ് ശക്തിവേല്‍. കേസിലെ ഒന്നാം പ്രതിയായ കൃഷ്ണദാസും ഇയാളുമായുള്ള ബന്ധം വ്യക്തമാക്കേണ്ടത് പോലീസിന്റെ അനിവാര്യത കൂടിയാണ്. ഇതിനായി തെളിവുകള്‍ ശേഖരിക്കുയാണ് പോലീസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശക്തിവേലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൃഷ്ണദാസിനേയും പിആര്‍ഒ സഞ്ജിത്ത് വിശ്വനാഥനേയും വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.അതേസമയം നാലാം പ്രതിയായ പ്രവീണിനു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. ഇയാള്‍ നാസിക്കില്‍ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്.രണ്ടു മാസത്തോളം ഒളിവില്‍ കഴിഞ്ഞ ശക്തിവേലിനെ കോയമ്പത്തൂരിന് സമീപത്തെ അന്നൂരിലെ വാടകവീട്ടില്‍ നിന്നാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.

Top