കൊച്ചി: ലിജോ ജോസ് പെല്ലിശേരിയുടെ സിനിമ ‘ചുരുളി’യിലെ ഭാഷാ പ്രയോഗം അതിഭീകരമെന്നു ഹൈക്കോടതി. ചിത്രത്തിലെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ജസ്റ്റിസ് എൻ. നഗരേഷാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. പൊതു ധാർമികതയ്ക്കു നിരക്കാത്ത അസഭ്യ വാക്കുകൾ കൊണ്ടു നിറഞ്ഞതാണെന്നും, ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ നിന്നു നീക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് തൃശൂർ സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്.
ഹർജിയിൽ കേന്ദ്ര സെൻസർ ബോർഡ്, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, നടൻ ജോജു ജോർജ് എന്നിവർ ഉൾപ്പടെയുള്ളവർക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അതേ സമയം സെൻസർ ചെയ്ത പകർപ്പല്ല ഒടിടിയിൽ പ്രദർശിപ്പിച്ചതെന്നു കേന്ദ്ര സെൻസർ ബോർഡ് കോടതിയെ അറിയിച്ചു.
സിനിമയുടെ റിലീസിന് അനുമതി നൽകിയതിലൂടെ സെൻസർ ബോർഡ് ചട്ടങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചുവെന്നും അത്തരം റിലീസ് ഇന്ത്യൻ ശിക്ഷാനിയമപ്രകാരമുള്ള കുറ്റങ്ങൾക്ക് വിധേയമാകുമെന്നും ഹർജിക്കാരി ആരോപിച്ചു. കോവിഡ് കാലമായതിനാൽ വീടുകളിൽ കഴിയുന്ന കുട്ടികൾ ഇത്തരം ഉള്ളടക്കങ്ങളിലേക്കെത്താനുള്ള സാധ്യത കൂടുതലാണെന്നും ഹർജിക്കാരി ആരോപിക്കുന്നു.
കഴിഞ്ഞ മാസം 19-നാണ് സോണി ലിവിൽ ചുരുളി റിലീസായത്. പ്രദർശനത്തിനെത്തിയതു മുതൽ ചിത്രത്തിലെ സംഭാഷണങ്ങളിലെ മോശം പ്രയോഗങ്ങൾ വ്യാപകമായ വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു.