കേരള ഹൌസില്‍ റെയ്ഡ് നടത്തിയിട്ടില്ല,ഡല്‍ഹി പൊലീസ് മേധാവി.നാളെ മുതല്‍ ബീഫ്‌ വിളമ്പും

കേരള ഹൗസില്‍ റെയ്ഡ് നടത്തിയെന്ന വാര്‍ത്ത ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി എസ് ബസി നിഷേധിച്ചു. ബീഫ് വിളമ്പുന്നതുമായി ബന്ധപ്പെട്ട് ചില പരാതികള്‍ കിട്ടിയിരുന്നെന്നും ഇത് അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും എന്തെങ്കിലും കുഴപ്പങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കണെന്ന് സുരക്ഷാ ജീവനക്കാരോട് നിര്‍ദ്ദേശിച്ച് പൊലീസ് മടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. നടപടികള്‍ മറികടന്ന് ഡല്‍ഹി പൊലീസ് യാതൊരു നീക്കവും നടത്തിയിട്ടില്ലെന്നും ബസി പറഞ്ഞു.

ക്യാന്റീനില്‍ പശുവിറച്ചി വിളമ്പിയെന്ന് ഫോണ്‍സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം ഉണ്ടാകുമെന്ന ധാരണയിലാണ് കേരള ഹൗസില്‍ പോലീസിനെ വിന്യസിച്ചത്. അതൊരു റെയ്ഡായിരുന്നില്ല. കാന്റീനില്‍ പശുവിറച്ചി വിളമ്പിയോ എന്ന കാര്യം പോലീസിന് അറിയില്ല. ബീഫ് വിളമ്പിയിട്ടില്ലെന്നാണ് കാന്റീന്‍ ജീവനക്കാര്‍ പോലീസിനോട് പറഞ്ഞത്-ബസി പറഞ്ഞു.കേരള ഹൗസിലെ സുരക്ഷ ഉറപ്പാക്കാന്‍ മാത്രമാണ് പോലീസ് അവിടെ എത്തിയതെന്നും ബസി പറഞ്ഞു. സംഭവം അന്വേഷിക്കുകയെന്ന് പൊലീസിന്റെ ഉത്തരവാദിത്വത്തിനുളളില്‍ നിന്ന് മാത്രമാണ് പ്രവര്‍ത്തിച്ചത്. അല്ലാതെ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ഇത്തരം പരാതികള്‍ ലഭിച്ചാല്‍ പ്രാഥമിക അന്വേഷണം നടത്താതിരിക്കാന്‍ തരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.kerala-house-security

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1994ലെ സംസ്ഥാന കാര്‍ഷിക, കന്നുകാലി സംരക്ഷണ നിയമം അനുസരിച്ച് ഡല്‍ഹിയില്‍ പശുവിനെ കശാപ്പു ചെയ്യുന്നത് നിരോധിക്കപ്പെട്ടിരിക്കുകയാണെന്നും ബസി പറഞ്ഞു. ഈ നിയമം ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത പോലീസിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് കേരള ഹൗസില്‍ പരിശോധന നടത്തിയത് വലിയ ഒച്ചപ്പാട് ഉണ്ടാക്കിയിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് വിശദീകരണവുമായി പൊലീസ് മേധാവി രംഗത്തെത്തിയത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പോലീസ് നടപടിക്കെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. കൂടാതെ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിഷയത്തില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. സിപിഎം എം പി മാര്‍ കേരള ഹൗസില്‍ ധര്‍ണ നടത്തുകയും മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.അതിനിടയില്‍ കേരള ഹൗസില്‍ നാളെ മുതല്‍ ബീഫ്‌ വിളമ്പുവാന്‍ തീരുമാനമായി . ഗോമാംസം വിളമ്പുന്നുവെന്ന പരാതിയെ തുടര്‍ന്ന്‌ ഇന്നലെ കേരള ഹൗസ്‌ ഡല്‍ഹി പോലീസ്‌ റെയ്‌ഡ് ചെയ്‌തതിനെ തുടര്‍ന്ന്‌ ഇന്ന്‌ ബീഫ്‌ വിഭവങ്ങള്‍ നല്‍കിയിരുന്നില്ല. റെയ്‌ഡിന്റെ പേരില്‍ ബീഫ്‌ വിഭവങ്ങള്‍ നിര്‍ത്തിവച്ചത്‌ വിവാദമായിരുന്നു. സംസ്‌ഥാന സര്‍ക്കാര്‍ സംഘപരിവാര്‍ അജണ്ടയ്‌ക്ക് അനുകൂല നിലപാട്‌ സ്വീകരിക്കുന്നുവെന്നാണ്‌ വിമര്‍ശനം ഉയര്‍ന്നത്‌. വിമര്‍ശനത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ ബീഫ്‌ വിഭവങ്ങള്‍ പുനഃസ്‌ഥാപിച്ചു കൊണ്ടുള്ള തീരുമാനം കേരള ഹൗസ്‌ അധികൃതര്‍ എടുത്തത്‌.

Top