സ്വന്തം ലേഖകൻ
തിരുവനന്തപുരം: ജില്ലവിട്ടുള്ള യാത്രകൾക്ക് നിയന്ത്രണമുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.
പരീക്ഷ, ചികിത്സ, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് മാത്രമാണ് ജില്ലവിട്ടുള്ള യാത്രയ്ക്ക് അനുമതി. ഇതിന് പുറമെ പുതിയ ജോലിയിൽ ചേരാനും യാത്രയാവാം. യാത്രികർ സത്യവാങ്മൂലവും തിരിച്ചറിയൽ കാർഡും കരുതണം.
അടിയന്തര ആവശ്യങ്ങളിലൊഴികെ ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ലെന്ന് ഡി.ജി.പി അറിയിച്ചു. യാത്രകൾ നിയന്ത്രിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാർക്ക് ഡി.ജി.പി നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം ലോക്ഡൗൺ ഇളവിന്റെ ഭാഗമായി തുറന്ന കടകൾക്ക് മുന്നിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ ഉടമകൾക്കെതിരെ നടപടിയുണ്ടാകും.
കഴിഞ്ഞ ദിവസം ചെറുകിട വ്യവസായ സ്ഥാപനങ്ങൾ, തുണിക്കട, ചെരിപ്പ്കട, കുട്ടികൾക്ക് ആവശ്യമുള്ള പുസ്തകങ്ങൾ വിൽക്കുന്ന കടകൾ തുടങ്ങിയവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു.