ബിജെപി സാധ്യത പട്ടിക; തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും ആറ്റിങ്ങലില്‍ വി മുരളീധരനും മത്സരിക്കാനുള്ള സാധ്യതയേറി; വയനാട് സീറ്റുകള്‍ ബിഡിജെഎസിന് നല്‍കും; സുരേഷ് ഗോപി, കെ സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍, എം ടി രമേശ്, സി കൃഷ്ണകുമാര്‍, പി കെ കൃഷ്ണദാസ് എന്നിവരെല്ലാം മത്സരരംഗത്തുണ്ടാവും

തിരുവനന്തപുരം: ബിജെപിയില്‍ ലോക്സഭ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവം. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖറും വി മുരളീധരനും മത്സരത്തിനിറങ്ങും. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും ആറ്റിങ്ങലില്‍ വി മുരളീധരനും മത്സരിക്കാനുള്ള സാധ്യതയേറി. രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെത്തി പ്രമുഖരെ കണ്ടിരുന്നു. ഇടുക്കി, വയനാട് സീറ്റുകള്‍ ബിഡിജെഎസിന് നല്‍കും.

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍, എം ടി രമേശ്, സി കൃഷ്ണകുമാര്‍, പി കെ കൃഷ്ണദാസ് എന്നിവരെല്ലാം മത്സരരംഗത്തുണ്ടാവും. കെ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ മത്സരിക്കും. ശോഭാ സുരേന്ദ്രനും സീറ്റ് നല്‍കി ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത് എന്ന സന്ദേശം നല്‍കാനാണ് ആലോചന. സുരേഷ് ഗോപി തൃശ്ശൂരില്‍ മത്സരിക്കും. കുമ്മനം രാജശേഖരന്‍ കൊല്ലത്തായിരിക്കും ജനവിധി തേടുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊല്ലത്ത് കുമ്മനമല്ലെങ്കില്‍ ബി ബി ഗോപകുമാറായിരിക്കും മത്സരിക്കുക. ബിജെപി പ്രതീക്ഷയര്‍പ്പിക്കുന്ന കാസര്‍കോഡ് പി കെ കൃഷ്ണദാസോ അല്ലെങ്കില്‍ കെ ശ്രീശാന്തോ മത്സരിക്കും. കണ്ണൂരില്‍ പി കെ കൃഷ്ണദാസോ ശോഭാ സുരേന്ദ്രനോ മത്സരിക്കും. വടകരയില്‍ പ്രകാശ് ബാബുവായിരിക്കും സ്ഥാനാര്‍ത്ഥി.

കോഴിക്കോട് എം ടി രമേശ്, പൊന്നാനിയില്‍ പ്രഫുല്‍ കൃഷ്ണ, മലപ്പുറത്ത് എ പി അബ്ദുള്ളക്കുട്ടി, ആലത്തൂരില്‍ പി സുധീര്‍ എന്നിവരെയാണ് പരിഗണിക്കുന്നത്. പാലക്കാട് സി കൃഷ്ണകുമാറോ ശോഭാ സുരേന്ദ്രനോ മത്സരിക്കും. മുതിര്‍ന്ന നേതാവ് എ എന്‍ രാധാകൃഷ്ണനെ ചാലക്കുടിയിലേക്കാണ് പരിഗണിക്കുന്നത്. ജേക്കബ്ബ് തോമസിനെയും ഈ മണ്ഡലത്തിലേക്ക് പരിഗണിക്കുന്നുണ്ട്.

മാവേലിക്കര മണ്ഡലത്തില്‍ പന്തളം പ്രതാപന്‍, ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ ഭാര്യ ലിഷ രഞ്ജിത്തിനെയാണ് പരിഗണിക്കുന്നത്. അല്ലെങ്കില്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍ മത്സരിക്കും. കോട്ടയം മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് വിട്ടെത്തിയ വിക്ടര്‍ ടി തോമസിനെ മത്സരിപ്പിക്കും. എറണാകുളം മണ്ഡലത്തിലേക്ക് കുറച്ചധികം നേതാക്കളെ പരിഗണിക്കുന്നുണ്ട്. അനില്‍ കെ ആന്റണി, വിനീത ഹരിഹരന്‍, ടി പി സിന്ധുമോള്‍ എന്നിവരില്‍ ഒരാളെയാണ് ആലോചിക്കുന്നത്.

Top