ഇടത് സര്‍ക്കാര്‍ തിരക്കിട്ട് ഓര്‍ഡിനന്‍സിലൂടെ കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതിക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. വിമര്‍ശനം ഉണ്ടാക്കും വിധം പൊലീസ് നിയമ ഭേദഗതി കൊണ്ടു വന്നത് പോരായ്മയാണെന്ന് എംഎ ബേബി പറഞ്ഞു. വിവാദങ്ങള്‍ ഒഴിവാക്കാനാണ് ഇനി ശ്രമിക്കേണ്ടത്. എങ്ങനെ മുന്നോട്ട് പോകണമെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കുമെന്നും എം എ ബേബി പറഞ്ഞു.
പോലീസ് നിയമ ഭേദഗതി പിന്‍വലിക്കാന്‍ തീരുമാനിച്ചത് പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടാണെന്നും എം എ ബേബി. അതിനു മുമ്പുളള കാര്യങ്ങള്‍ ഇനി ചര്‍ച്ച ചെയ്തിട്ട് കാര്യമില്ല. ഈ നിയമ ഭേദഗതി സംബന്ധിച്ച് എത്ര ആലോചനകള്‍ നടന്നാലും പോരായ്മകള്‍ ഉണ്ടാകാമെന്നാണ് വ്യക്തമായത്. പോരായ്മകളെല്ലാം തിരിച്ചറിയുകയും അത് മനസിലാക്കുകയും ചെയ്യുന്നുവെന്നും എം എ ബേബി വ്യക്തമാക്കി.
പൊലീസ് നിയമ ഭേദഗതിക്കെതിരെ പാര്‍ട്ടിക്കകത്ത് തന്നെ രൂപപ്പെട്ട അസംതൃപ്തി പരസ്യമായി പ്രകടമാക്കുന്നതാണ് എം എ ബേബിയുടെ വാക്കുകള്‍. പൊലീസ് നിയമ ഭേഗതിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്കകത്തും പ്രതിപക്ഷ നിരയിലും പൊതു സമൂഹത്തിലും ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വിവാദ ഭേദഗതി പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. സിപിഎം കേന്ദ്ര നേതൃത്വത്തില്‍ നിന്ന് അടക്കം വലിയ വിര്‍ശനമാണ് സംസ്ഥാന ഘടകവും സര്‍ക്കാരും നേരിട്ടത്.