എം.എ.ബേബിക്കെതിരെ നടപടി വരുമോ ?മാർക്സിസം പിന്തുടരുന്നതിൽ സഖാക്കൾക്കു തെറ്റുപറ്റിയെന്ന് എം.എ.ബേബി

കണ്ണൂർ:മാർക്സിസം പിന്തുടരുന്നതിൽ സഖാക്കൾക്കു തെറ്റുപറ്റിയെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി. സോഷ്യലിസ്റ്റ് വിപ്ലവത്തിലൂടെ നേടിയെടുത്ത പലതും പിന്നീടു കൈവിട്ടു പോയത് എന്തു കൊണ്ടെന്ന് സഖാക്കൾ ആലോചിക്കണം. മാർക്സിന്റെ കൃതികൾ മാത്രം പഠിച്ചാൽ പോര, മാർക്സിന്റെ ജീവിതവും പഠിക്കണം. മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണെന്നു മാർക്സ് പറഞ്ഞതിന്റെ പശ്ചാത്തലമെന്താണ്? വേദനിക്കുന്ന നിസ്സഹായനായ മനുഷ്യന്റെ വേദനസംഹാരിയായിരുന്നു അക്കാലത്തു കറുപ്പ്. മറ്റു വേദനസംഹാരികളൊന്നും കണ്ടുപിടിച്ചിട്ടില്ല. ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമാണു മതം, ഒരാശ്രയവുമില്ലാത്തവരുടെ ആശ്രയം. അതാണു മാർക്സ് പറഞ്ഞത്. മതവിശ്വാസം, പരിസ്ഥിതി, സ്ത്രീസമത്വം, സാമ്പത്തികസൗഖ്യം തുടങ്ങിയവയിൽ മാർക്സിയൻ വീക്ഷണം പിന്തുടരുന്നതിൽ മാർക്സിസ്റ്റുകാർക്കു തെറ്റുപറ്റി.മാർക്സ് ജന്മവാർഷികത്തിന്റെ ഭാഗമായി കണ്ണൂർ സർവകലാശാലയും ജില്ലാ ലൈബ്രറിയും ചേർന്നു സംഘടിപ്പിച്ച സെമിനാർ‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക സൗഖ്യങ്ങളൊന്നുമില്ലാതെ, സ്വന്തം ജീവിതം നരകയാതനയ്ക്കു വിധേയമാക്കി, ദിവസങ്ങളോളം പട്ടിണികിടന്നാണു മാർക്സ് മൂലധനം എഴുതിയത്. അക്കാലത്ത് അദ്ദേഹത്തിന്റെ രണ്ടു മക്കൾ പോഷകാഹാരം കിട്ടാതെയും പട്ടിണി കിടന്നും മരിച്ചു. ലോകത്തു പരിസ്ഥിതിശാസ്ത്രം ഉണ്ടാകുന്നതിനു മുൻപേ, മുതലാളിത്ത വികസനം മണ്ണിനെ നശിപ്പിക്കുമെന്നു മാർക്സ് ചൂണ്ടിക്കാട്ടിയിരുന്നു.2002ലാണു സിപിഎം പാർട്ടി പരിപാടിയിൽ പരിസ്ഥിതിസംരക്ഷണം ഉൾപ്പെടുത്തിയത്. എന്തു കാര്യം? ആ ശാസ്ത്രീയ അവബോധം ഇന്ന് എത്ര സഖാക്കൾക്കുണ്ട്? എന്തെങ്കിലും പരിസ്ഥിതി പ്രശ്നമുണ്ടായാൽ, ‘പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചു ഞങ്ങളുടെ പാർട്ടി പരിപാടിയിലുണ്ട്. മറ്റുള്ളവരൊക്കെ പരിസ്ഥിതിമൗലികവാദികളാണ്, അവരെ ഞങ്ങൾ നോക്കിക്കൊള്ളാം’ എന്നു പറയും. സ്ത്രീസമത്വത്തിന്റെ കാര്യത്തിലും അതു തന്നെ. നമ്മൾ പറയും, പക്ഷേ പ്രവർത്തിക്കില്ല.പൊതുവിദ്യാഭ്യാസ സംരക്ഷണത്തെക്കുറിച്ചു പറയുന്ന സഖാക്കളിൽ എത്ര പേർ മക്കളെ സർക്കാർ സ്കൂളിലോ എയ്ഡഡ് സ്കൂളിലോ പഠിപ്പിക്കുന്നുണ്ട്? ഞാനും നിങ്ങളുമൊക്കെ, മാർക്സിന്റെ അനന്തരാവകാശികളാകാൻ എന്തു യോഗ്യതയാണു ജീവിതം കൊണ്ടു നേടിയത്?

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലപാടുകളിൽ രണ്ടിടത്തു മാർക്സിനു തെറ്റു പറ്റി. ആദ്യമായി തൊഴിലാളി സംഘടന രൂപീകരിച്ചപ്പോൾ, ഇന്റർനാഷനൽ വർക്കിങ് മെൻസ് അസോസിയേഷൻ എന്നാണു പേരിട്ടത്. സ്ത്രീകൾ‌ അന്നു തൊഴിൽരംഗത്തുണ്ടായിട്ടും അക്കാലത്തെ പൊതുബോധം മാർക്സിനെ സ്വാധീനിച്ചു. ബഹുജനങ്ങളിൽ നിന്നു പിരിവെടുക്കുന്നതിനെ മാർക്സ് എതിർത്തത് അദ്ദേഹത്തിന്റെ മധ്യവർഗ കുടുംബ പശ്ചാത്തലം കൊണ്ടാവാം– ബേബി അഭിപ്രായപ്പെട്ടു.

Top