മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ വിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ സമീപനങ്ങള്‍ക്കെതിരെ ഒരു തുറന്ന കത്ത്; മാദ്ധ്യമ പ്രവര്‍ത്തകന്‍ സവാദ് റഹ്മാന്‍ എഴുതുന്നു

സഖാവ് പിണറായി വിജയന്,

അനുയായിയോ അനുഭാവിയോ അല്ല, താങ്കളുടെ നേതൃത്വത്തില്‍ ഇടതു മുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ വോട്ടു ചെയ്തില്ലെന്നു പോകട്ടെ ഒരു ഫേസ്ബുക്ക് ലൈക്കു കൊണ്ടുപോലും പിന്തുണ നല്‍കാത്ത ഒരുവനാണ്. വന്‍ ഭൂരിപക്ഷം നേടി ഇങ്ങള് അധികാരമേല്‍ക്കുന്ന ചിത്രങ്ങള്‍ കണ്ടും ആവേശമെങ്ങും തോന്നിയിരുന്നില്ല. പക്ഷെ മുഖ്യമന്ത്രി പദമേറ്റ് ആദ്യമായി ഡല്‍ഹിയില്‍ എത്തി കേരളഹൗസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കേരള പൊലീസിലെ ആര്‍.എസ്.എസ് എലമെന്റുകള്‍ പ്രവര്‍ത്തിക്കുന്നത് തിരിച്ചറിഞ്ഞതായും പ്രശ്‌നങ്ങള്‍ വഷളാക്കാന്‍ നോക്കുന്ന അത്തരം ഉദ്യോഗസ്ഥരെ നിലക്കുനിര്‍ത്തുമെന്നും പ്രഖ്യാപിച്ചപ്പോള്‍ ഏറെ ആശ്വസിക്കുകയും സന്തോഷിക്കുകയും ചെയ്തിരുന്നു. എന്തെന്നാല്‍, പൊലീസിലെ വര്‍ഗീയവത്കരണം രാജ്യത്തെ സമാധാന ജീവിതം എത്ര മാത്രം കളങ്കപ്പെടുത്തുന്നുവെന്ന്, സാധാരണക്കാരുടെയും ആദിവാസിന്യൂനപക്ഷവിഭാഗങ്ങളുടെയും അന്യവത്കരണം എമ്മാതിരി ശക്തമാക്കുമെന്ന് ഗുജറാത്തില്‍ നിന്നും രാജസ്ഥാനില്‍ നിന്നും ഛത്തീസ്ഗഢില്‍ നിന്നും മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ ഇടങ്ങളില്‍ നിന്നും എത്തുന്ന ഇരകള്‍ വിവരിക്കുന്നത് പല തവണ നേരിട്ടു കേട്ടിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മിക്കപ്പോഴും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ ബൃന്ദകാരാട്ട്, സുഭാഷിണി അലി, സി.പി.െഎയുടെ മഹിളാ സംഘടനയുടെ അഖിലേന്ത്യാ സെക്രട്ടറി ആനി രാജ എന്നിവരാരുടെയെങ്കിലും സാന്നിധ്യത്തില്‍ നടക്കുന്ന ജനകീയ തെളിവെടുപ്പുകളിലോ വാര്‍ത്താ സമ്മേളനങ്ങളിലോ ആണ് ആര്‍.എസ്.എസിനൊപ്പം ചേര്‍ന്ന് പൊലീസ് കാണിച്ചുകൂട്ടുന്ന ക്രൂരതകളെക്കുറിച്ച് വേട്ടയാടപ്പെട്ടവരും അവരുടെ ബന്ധുക്കളും നെഞ്ചുപൊട്ടി പറയാറ്. പതിനൊന്ന് വര്‍ഷം മുമ്പ് സി.പി.എം ഭരണകാലത്ത് ബംഗാളിലെ സിംഗൂരില്‍ ടാറ്റക്കുവേണ്ടി കുടിയിറക്കപ്പെട്ട കര്‍ഷകരെ ഒഴിച്ചാല്‍ ബി.ജെ.പിയോ കോണ്‍ഗ്രസോ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരായിരുന്നു അവരെല്ലാം. അത്തരമൊരു അവസ്ഥ കേരളത്തിലുണ്ടാവില്ല എന്ന ഉറപ്പാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ നിന്ന് ഞാന്‍ മനസിലേക്കെടുത്തത്. ഓര്‍ത്തുനോക്കണം, ബിഹാര്‍ പൊലീസിലെ കര്‍സേവകരോട് കാക്കി കളസമല്ല, സര്‍ക്കാര്‍ ഇഷ്യൂ ചെയ്ത പാന്റാണിട്ടിരിക്കുന്നതെന്ന് തെര്യപ്പെടുത്തിയ ലാലു പ്രസാദിനും നിതീഷിനും മാത്രമാണ് വര്‍ഗീയ ശക്തികള്‍ മുളപിടിക്കുന്നത് തടയാനായത്. യു.പിയിലും മഹാരാഷ്ട്രയിലും ബിഹാറിലും കര്‍ണാടകത്തിലും ആന്ധ്രയിലുമെല്ലാം കോണ്‍ഗ്രസ് ഭരണകാലങ്ങളില്‍ പൊലീസിന്റെ നിയന്ത്രണം കൈക്കലാക്കിയാണ് ആര്‍.എസ്.എസ് അജണ്ട നടപ്പാക്കിയിരുന്നത്. വൈകാതെ മിക്കയിടത്തും കോണ്‍ഗ്രസ് മണ്ണടിയുകയും ആ ചളിഞ്ഞ മണ്ണില്‍ താമര വിരിയുകയുമായിരുന്നു.

താങ്കളുദ്ദേശിച്ചത്ര എളുപ്പമായിരുന്നില്ല പൊലീസിനെ കൈകാര്യം ചെയ്യല്‍, അല്ലെങ്കില്‍ കരുതിയതിനേക്കാള്‍ വഷളായിരുന്നു പൊലീസിന്റെ അവസ്ഥ. അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മില്‍ രൂപപ്പെട്ട സംഭവിക്കരുതായിരുന്ന സംഘര്‍ഷാവസ്ഥയെ രമ്യതയിലെത്തിക്കാന്‍ താങ്കള്‍ക്കായില്ല. പൊലീസ് ഉദ്യോഗസ്ഥര്‍ ചിലര്‍ സംഭവം വഷളാക്കിയപ്പോള്‍ നിക്ഷ്പക്ഷത എന്ന ഭാവത്തില്‍ അങ്ങ് നിസംഗത പുലര്‍ത്തി.

നിലമ്പൂര്‍ കാടുകളിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമായിരുന്നു അടുത്ത വീഴ്ച. മാവോയിസ്റ്റുകളെന്നും ദേശസുരക്ഷക്ക് ഭീഷണിയെന്നും മറ്റും പണ്ടത്തെ കേന്ദ്ര അഭ്യന്തരന്‍ ചിദംബരത്തെയും രമണ്‍ സിങ്, നായിഡു പോലുള്ള മുഖ്യമന്ത്രിമാരും പറയുന്ന വാദങ്ങളില്‍ മറപിടിക്കേണ്ടി വന്നു, കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കരുത് എന്ന ആര്‍.എസ്.എസ് തിട്ടുരത്തിന് താങ്കളുടെ പൊലീസ് വഴങ്ങിക്കൊടുത്തു. ഏറ്റുമുട്ടല്‍ കൊലയറിഞ്ഞെത്തിയ രക്തസാക്ഷികളുടെ ബന്ധുക്കളെ പരസ്യമായി അപമാനിച്ചു അവര്‍. ഹിന്ദു മുസ്ലിം കലാപമുണ്ടാകാതിരിക്കാനാണ് പൊതുദര്‍ശനം തടഞ്ഞതെന്ന് കള്ളക്കഥ പടച്ച് അതു കോടതിക്ക് മുന്നില്‍ സമര്‍പ്പിക്കാനുള്ള ഉളുപ്പില്ലായ്മയും കാണിച്ചു. ശിവസേനയെന്ന വര്‍ഗീയ തെമ്മാടി സംഘത്തിന്റെ അഴിഞ്ഞാട്ടത്തിന് കുടപിടിച്ചു കൊടുത്തത് അടുത്ത അബദ്ധം.

രക്തസാക്ഷി ജിഷ്ണു പ്രണോയിയുടെ അമ്മ ഡി.ജി.പിയെ കാണാനെത്തിയ നേരത്ത് പൊലീസ് കാണിച്ചു കൂട്ടിയത് യു.ഡി.എഫ് ഭരണത്തിന് കീഴിലാണ് നടന്നതെങ്കില്‍ ആ അനീതിയെ തിരുത്തിക്കാന്‍ താങ്കളുണ്ടായിരുന്നേനെ മുന്നില്‍. കെ.എം.ഷാജഹാനെയും ഷാജര്‍ഖാനെയും അറസ്റ്റു ചെയ്തത്. വാശിയോടെ ജാമ്യം നിഷേധിക്കാന്‍ നോക്കിയത്, 80 പിന്നിട്ട മാതാവിനെ നിരാഹാര സത്യഗ്രഹത്തിന് നിര്‍ബന്ധിതയാക്കിയത്…. പാളിച്ചകളുടെ പരമ്പരകളായിരുന്നു. രക്തസാക്ഷി ജിഷ്ണു പ്രണോയിയുടെ അമ്മയെ പൊലീസ് തടഞ്ഞ സമയം ഷാജഹാനോ ഷാജര്‍ ഖാനോ മറ്റാരെങ്കിലുമോ ഇടപെട്ടുവെങ്കില്‍ കടമ മറന്ന നീതി പാലക സേനക്കു മുന്നില്‍ നീതിക്കായി വാദിക്കുന്ന പൊതു സമൂഹം ഇപ്പോഴും ഈ നാട്ടില്‍ അവശേഷിക്കുന്നു എന്നല്ലേ മനസിലാക്കേണ്ടത്. രാജ്യ തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകനായി ജോലി നോക്കവെ റിപ്പോര്‍ട്ടു ചെയ്യാന്‍ പോയ സമരങ്ങളുടെ കോസിനൊപ്പം ചേര്‍ന്ന് പലവട്ടം പങ്കാളി ആയിട്ടുള്ള ഒരാള്‍ എന്ന നിലയില്‍ പൊലീസല്ല പൊതുപ്രവര്‍ത്തകരാണ് ശരിയെന്ന് വാദിക്കുന്നു.

ഇമ്മട്ടിലെല്ലാം താളപ്പിഴകളുള്ള പൊലീസ് സേനയുടെ പ്രവര്‍ത്തനം നേരെ ചൊവ്വെയാക്കുന്നതിന് ഒരു ഉപദേശകനെ നിയോഗിക്കാന്‍ തീരുമാനിച്ചത് തികച്ചും ന്യായം തന്നെ. പക്ഷെ വര്‍ഗീയ പൊലീസിങ്ങിന്റെ മലയാളത്തിലെ പര്യായ പദമായ ഒരാളില്‍ നിന്നാണ് താങ്കള്‍ ഉപദേശങ്ങള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നത് എന്നോര്‍ക്കുന്നത് നടുക്കമുണ്ടാക്കുന്നു. 1991ല്‍ ബി.ജെ.പി അധ്യക്ഷനായിരുന്ന ഡോ. മുരളി മനോഹര്‍ ജോഷി നയിച്ച വര്‍ഗീയ ഇന്ത്യയിലേക്കുള്ള രഥയാത്രയോടനുബന്ധിച്ച് പാലക്കാട് പുതുപ്പള്ളി തെരുവില്‍ സിറാജുന്നീസ എന്ന സ്‌കൂള്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവം താങ്കള്‍ മറന്നു കാണില്ലല്ലോ. കേരളാ പൊലീസിന്റെ വര്‍ഗീയ വെടിയുണ്ടകളാണ് ആ 12 കാരിയുടെ തലയോട്ടി തകര്‍ത്തത്. ഈ സംഭവം നടക്കുമ്പോള്‍ കരുണാകരനായിരുന്നു കേരള മുഖ്യമന്ത്രി. ഞാനന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. താങ്കള്‍ കൂടി ചുമതല വഹിക്കുന്ന പാര്‍ട്ടി ദിനപത്രത്തില്‍ നിന്നാണ് ഈ സംഭവത്തിെന്റ വിശദാംശങ്ങള്‍ പലതും വായിച്ചറിഞ്ഞത്. എനിക്ക് മുസ്ലിം ബാസ്റ്റാര്‍ഡുകളുടെ ശവശരീരം വേണമെന്ന് ഉത്തരമേഖലാ ഐ.ജി ആക്രോശിച്ചെന്നും കീഴുദ്യോഗസ്ഥരിലൊരാള്‍ വെടിവെപ്പിനുത്തരവിട്ടെന്നും കൊലക്ക് ഉത്തരവാദിയായ പൊലീസുകാരെ മുസ്ലിം ലീഗും സര്‍ക്കാറും സംരക്ഷിക്കുന്നുവെന്നും സി.പി.എം നേതാക്കള്‍ പ്രസംഗിക്കുന്നത് പലവട്ടം കേട്ടു കേരളം. വീട്ടുമുറ്റത്ത് കളിച്ചു നില്‍ക്കവെ കൊലചെയ്യപ്പെട്ട 12വയസുകാരിയെ വര്‍ഗീയ കലാപ സംഘത്തെ നയിച്ച ഭീകര യുവതി എന്നായിരുന്നു പൊലീസ് രേഖപ്പെടുത്തിയത്.

sirajunisa1

ഹാഷിംപുരയിലും ഭാഗല്‍പൂരിലുമെല്ലാം നടന്ന കലാപങ്ങളില്‍ പൊലീസ് ചെയ്തത് കേരളത്തിലും പരീക്ഷിച്ച അതേ ഉദ്യോഗസ്ഥനെ കരുണാകരന്റെ ബദ്ധവൈരിയായിരുന്ന ഉമ്മന്‍ ചാണ്ടി പിന്നീട് കേരളത്തിന്റെ ഡി.ജി.പിയായി അവരോധിച്ചു. അന്നാ തീരുമാനം വന്നയുടന്‍ സിറാജുന്നീസയുടെ നാട്ടില്‍ ചെന്ന് വെടിവെപ്പിന്റെ ദൃസാക്ഷികളെയും ബന്ധുക്കളെ സന്ദര്‍ശിച്ച് ഈയുള്ളവന്‍ ഒരു പത്രക്കുറിപ്പ് എഴുതിയിരുന്നു. നൃശംസനീയമായ ആ വര്‍ഗീയ ആക്രോശം കലക്ടറുടെ ചേംബറിലെ യോഗത്തിനിടെ വയര്‍ലെസിലൂടെ കേട്ട വിവരം മുന്‍മന്ത്രി വി.സി. കബീര്‍ കഴിഞ്ഞ ദിവസവും ശരിവെച്ചിരിക്കുന്നു. ഡി.ജി.പി നിയമനത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന താങ്കളോ ഇത്തരം വിഷയങ്ങളില്‍ ഇടപെട്ട് വാര്‍ത്താക്കിയിരുന്ന അന്നത്തെ പ്രതിപക്ഷനേതാവോ എതിര്‍ത്തതായി ഓര്‍ക്കുന്നില്ല. പിന്നെയും പാലക്കാട്ടിലൂടെ ഒരു ബി.ജെ.പി രഥയാത്ര വന്ന ദിവസം വെടിവെപ്പിന്റെ ഓര്‍മക്കഥകള്‍ ദേശാഭിമാനി ഒന്നാം പേജില്‍ നല്‍കിയിരുന്നു. ഇപ്പോള്‍ താങ്കളെ ന്യായീകരിക്കാനായി ബാസ്റ്റഡ് വിളിയുടെ ആധികാരികതയെക്കുറിച്ച് സംശയം നിര്‍മിച്ചെടുക്കേണ്ട അവസ്ഥയിലാണ് സി.പി.എമ്മിലെ പൗരാവകാശ സുഹൃത്തുക്കള്‍. സിറാജുന്നീസ കൊലപാതകത്തില്‍ ഒതുങ്ങുന്നില്ല ഈ വര്‍ഗീയ പൊലീസ് മുഖം.

ലെറ്റര്‍ ബോംബ് കേസില്‍ കുടുക്കി തിരുവനന്തപുരത്ത് മുഹ്‌സിന്‍ എന്ന വിദ്യാര്‍ഥിയെ പൊലീസ് പണ്ട് അറസ്റ്റു ചെയ്ത് പീഡിപ്പിച്ചു. പിന്നീട് മുഹ്‌സിനല്ല കുറ്റക്കാരനെന്ന് വ്യക്തമാവുകയും സംഘ്പരിവാറുകാരനായ യഥാര്‍ഥ പ്രതി പിടിയിലാവുകയും ചെയ്തപ്പോള്‍ അയാള്‍ മനോരോഗിയാണെന്ന് കളളസാക്ഷ്യം ചമച്ച പൊലീസ് മേധാവി ആരാണെന്ന് ഒന്നു തിരക്കി നോക്കുമോ? വി.െഎ.പികളുടെ സുരക്ഷാ ഡ്യൂട്ടിയില്‍ നിന്ന് ഒരു മത വിഭാഗത്തിലെ പൊലീസുകാരെ മാത്രം മാറ്റി നിര്‍ത്തിയത് ആരുടെ കാലത്താണ് എന്നോര്‍ക്കുന്നോ?

പൊലീസ് ഉപദേശിയായി ആളെ തിരയുമ്പോള്‍ വര്‍ഗീയതക്കെതിരെ നിലപാടെടുത്ത് ഫാഷിസ്റ്റ് കോമരങ്ങളെ ഞെട്ടിച്ച ആര്‍.ബി. ശ്രീകുമാര്‍, ഗുജറാത്ത് വംശഹത്യക്കിടയില്‍ മുന്നൂറിലേറെ യത്തീം ഖാന കുഞ്ഞുങ്ങളെ കൊല്ലാനൊരുമ്പെട്ട സംഘ്പരിവാര്‍ അക്രമിക്കൂട്ടത്തെ ആട്ടിപ്പായിച്ചതിന്റെ പേരില്‍ വേട്ടയാടപ്പെട്ട രാഹുല്‍ ശര്‍മ, സഞ്ജീവ് ഭട്ട്, ജാതവേദന്‍ നമ്പൂതിരി, എസ്.എം. മുശ്രിഫ് തുടങ്ങിയ പൊലീസ് നായകരുടെയൊന്നും പേര് മനസിലെത്താതിരിക്കുകയും രമണ്‍ ശ്രീവാസ്തവ എന്ന പേര് മനസിലുറക്കുകയും ചെയ്യുമ്പോള്‍ താങ്കള്‍ റദ്ദുചെയ്യുന്നത് വര്‍ഗീയ മുക്ത പൊലീസ് എന്ന പ്രഖ്യാപനത്തെയാണ്.

സഖാവെ, മാധ്യമ പ്രവര്‍ത്തകന്‍ എന്നാണ് ഞാനെന്നെ പരിചയപ്പെടുത്താറ്. പള്ളിയില്‍ പോവുകയും നോമ്പെടുക്കുകയും ചെയ്യുമെങ്കിലും ചങ്ങാതിമാരില്‍ ചിലര്‍ക്കെങ്കിലും മുന്നില്‍ ഞാനൊരു മുസ്ലിം ആകുന്നത് എവിടെയെങ്കിലും ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ദിവസങ്ങളിലാണ്. നിന്നെപ്പോലെയുള്ളവരല്ല, ‘മറ്റേ മുസ്ലിംകള്‍’ ആണ് കുഴപ്പക്കാര്‍ എന്ന പൊളളിക്കുന്ന സ്‌നേഹ പ്രകടനം ‘നമാസി’യായ ഞാന്‍ മാത്രമല്ല മതാനുഷ്ഠാനങ്ങളും ചിഹ്നങ്ങളും പാടെ തൂത്തെറിഞ്ഞ മുസ്ലിം പേരുകാര്‍ പോലും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ രമണ്‍ ശ്രീവാസ്തവയുടെ ഉപദേശം സ്വീകരിക്കുന്ന പൊലീസിനും മുഖ്യമന്ത്രിക്കും മുന്നില്‍ അതുപോലൊരു മുസ്ലിമായല്ല ‘മുസ്ലിം ബാസ്റ്റഡ്’ ആയാണ് എന്നെ അടയാളപ്പെടുത്തേണ്ടത്. വയര്‍ലെസിലുടെ ഒരു കൊലവിളി മുഴങ്ങിയാലുടന്‍ നെഞ്ചിലും തലയോട്ടിയിലും വെടിയുണ്ടയേറ്റ് ചത്തുപോവേണ്ട ബാസ്റ്റഡ്.

സഖാവേ, 98 വര്‍ഷം മുന്നെ പഞ്ചാബിലെ ജാലിയന്‍വാലാബാഗില്‍ ഒത്തുകൂടിയ നിരായുധരായ ദേശാഭിമാനികള്‍ക്കുനേരെ വെടിയുണ്ട തറച്ചു കൊന്നതിന്റെ ഒരു ഓര്‍മ ദിനമാണ് ഇന്ന്. ആ ഭീകരതക്ക് ആഹ്വാനം ചെയ്ത ജനറല്‍ ഡയറിനെ അനുസ്മരിപ്പിക്കും വിധം നിരായുധരായ ഒരു ജനക്കൂട്ടത്തിനു നേരെ വെടിയുതിര്‍ക്കാന്‍ ആജ്ഞാപിച്ചയാളെ ഇതുപോലൊരു ദിവസം താങ്കളുടെ ദര്‍ബാറിലേക്ക് ആനയിക്കുന്നത് യാദൃശ്ചികം മാത്രമാവട്ടെ എന്നാശിക്കുന്നു.

സഖാവിനെ സ്‌നേഹിക്കുന്ന അനുയായികള്‍ പിണറായി വിജയന്‍ ഇരട്ട ചങ്കന്‍ എന്നാണ് പറയാറ്. പക്ഷെ രമണ്‍ ശ്രീവാസ്തവയെ ഉപദേശകനാക്കുക വഴി മുസ്ലിം ബാസ്റ്റഡുകളുടെ മാത്രമല്ല, മുഴുവന്‍ മലയാളിയുടെയും മതേതര ചങ്കിനു നേരെയാണ് താങ്കള്‍ തോക്കു ചൂണ്ടുന്നത്.

കടപ്പാട്: മാധ്യമം

Top