കേരള പോലീസിന്റെ ‘ഓപ്പറേഷന്‍ പി ഹണ്ട്’: കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച 21 പേര്‍ അറസ്റ്റില്‍; ആശങ്കയോടെ മാതാപിതാക്കൾ

സാമൂഹ്യ മാദ്ധ്യമങ്ങളില്‍ കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ കൈമാറുന്ന രതി വൈകൃതത്തിനെതിരെ കേരള പോലീസിന്റെ കര്‍ഷന നടപടി. പോലീസ് നടത്തിയ റെയ്ഡുകളില്‍ 21 പേര്‍ അറസ്റ്റിലായി. കുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചതിനാണ് ഇവര്‍ പിടിയിലായത്. ഇത്തരക്കാരെ പിടികൂടാന്‍ കേരള പോലീസ് നടത്തിയ ‘ഓപ്പറേഷന്‍ പി ഹണ്ട്’ എന്ന ഓപ്പറേഷനിലൂടെയാണ് നടപടി.

ജില്ലാ പൊലീസ് മേധാവികളുടെ നേതൃത്വത്തില്‍ 12 ജില്ലകളിലെ 45 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. 29 ഇടത്തു നിന്ന് ലാപ്ടോപ്പ്, മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്‌ക്, യു.എസ്.ബി ഡ്രൈവ് മുതലായവ പിടിച്ചെടുത്തു. 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെയും കാണുന്നവരുടെയും ലോഗ് വിവരങ്ങള്‍ ഉള്‍പ്പെടെ കൃത്യമായി മനസിലാക്കാനുള്ള സാങ്കേതിക സംവിധാനത്തിന്റെ സഹായത്തോടെയാണ് പരിശോധനകള്‍ നടത്തിയതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ടെലിഗ്രാം എന്നീ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും ഇന്റര്‍നെറ്റ് വഴിയുമാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് കണ്ടെത്തി.

ഈ സംവിധാനം ഉപയോഗിച്ചുള്ള നിരീക്ഷണവും റെയ്ഡുകളും തുടരുമെന്നും ഡി.ജി.പി അറിയിച്ചു. കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന 84 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സൈബര്‍ഡോം നോഡല്‍ ഓഫീസറും ദക്ഷിണ മേഖലാ എ.ഡി.ജി.പിയുമായ മനോജ് എബ്രഹാം പറഞ്ഞു.

തിരുവനന്തപുരം നഗരത്തില്‍ അഞ്ച് സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി മൂന്നു പേരെ അറസ്റ്റ് ചെയ്തു. ആലപ്പുഴയില്‍ ഏഴിടത്തും എറണാകുളം റൂറലില്‍ അഞ്ചിടത്തും തൃശൂര്‍ സിറ്റിയിലും മലപ്പുറത്തും നാലിടങ്ങളില്‍ വീതവും റെയ്ഡ് നടത്തി. തൃശൂര്‍ റൂറല്‍, കൊല്ലം സിറ്റി, കൊല്ലം റൂറല്‍, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളില്‍ രണ്ടിടങ്ങളില്‍ വീതം റെയ്ഡ് നടത്തി.

”കുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും കാണുന്നതും ശേഖരിക്കുന്നതും പ്രചരിപ്പിക്കുന്നതും അഞ്ചുവര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

Top