സ്വന്തം ലേഖകൻ
തൃശൂർ: വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ യുവാവിന്റെ വയറ്റിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ.എക്‌സ്‌റേ റിപ്പോർട്ടിലാണ് യുവാവിന്റെ വയറ്റിലുണ്ടായിരുന്നത് സ്വർണ്ണാഭരണങ്ങളാണെന്ന് തിരിച്ചറിഞ്ഞത്.
കുടലിനുള്ളിൽ പാക്കറ്റുകളിലായായിരുന്നു ആഭരണങ്ങൾ ഉണ്ടായിരുന്നത്. മംഗലാപുരം സുള്ള്യയിലെ ആശുപത്രിയിൽ എത്തിയ തൃശൂർ സ്വദേശി ഷിബുവിന്റെ വയറ്റിലാണ് സ്വർണ്ണ നിധി ശേഖരം ഉണ്ടായിരുന്നത്.
എന്നാൽ സംഭവത്തിൽ പന്തികേട് തോന്നിയ ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും സ്ഥലത്ത് ഹാജരായി. കൂടുതൽ പരിശോധനകൾക്ക് ശേഷം ഞായറാഴ്ച ശസ്ത്രക്രിയ നടത്തി ആഭരണങ്ങൾ പുറത്തെടുക്കുകയായിരുന്നു.
സ്വർണ മോതിരങ്ങളും കമ്മലുകളും അടക്കം 35 ഗ്രാം സ്വർണമാണ് ഓപറേഷനിൽ ലഭിച്ചത്. വയറ്റിലുണ്ടായിരുന്ന ആഭരണങ്ങൾ മോഷ്ടിച്ചതാണെന്നും പൊലീസിൽ നിന്ന് മറച്ചുവെക്കാനായി ഐസ്‌ക്രീം ഉപയോഗിച്ച് വിഴുങ്ങിയതാണെന്നും ഷിബു വെളിപ്പെടുത്തി.
ഓപ്പറേഷന് ശേഷം ആുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത പ്രതിയെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇയാളുടെ സഹായി തങ്കച്ചനെയും പൊലീസ് പൊക്കി. 15 ദിവസം മുൻപാണ് ഷിബു സ്വർണ പാക്കറ്റുകൾ വിഴുങ്ങിയത്.
മോഷ്ടിച്ചതിന്റെ ഒരു ഭാഗം വയറ്റിൽ സൂക്ഷിച്ച് സുരക്ഷിതമാക്കുന്നതിനും, പിടിക്കപ്പെട്ടാൽ വീണ്ടെടുക്കൽ ഒഴിവാക്കുന്നതിനും ഇത് പ്രതിയുടെ സ്ഥിരം തന്ത്രമാണെന്ന് പൊലീസ് വ്യക്തമാക്കി. പിടിക്കപ്പെടുമ്പോൾ മോഷ്ടാക്കൾ സ്വർണം വിഴുങ്ങാറുണ്ടെന്നും പൊലീസ് പറയുന്നു. എന്നാൽ ഇത്തരത്തിലൊരു സംഭവം ആദ്യമാണെന്നും പൊലീസ് പറഞ്ഞു.