കണ്ണൂർ :ചട്ടം പാലിക്കാതെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കെ ചട്ടം ലംഘിച്ച് പൊലീസില്‍ ജനറല്‍ ട്രാന്‍സ്ഫറിന് നീക്കം. സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ച് വയനാട് ജില്ലാ പൊലീസ് മേധാവി ഉത്തരവിറക്കിയിരിക്കയാണ് . അതിനിടെ പൊലീസിലെ കളളവോട്ട് ആരോപണത്തില്‍ അസോസിയേഷന്‍ ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തുന്നത് ആരംഭിച്ചു.വയനാട് പൊലീസ് ജില്ലയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥര്‍ സ്ഥലംമാറ്റത്തിന് അപേക്ഷ സമര്‍പ്പിക്കണമെന്നാണ് ജില്ലാ പൊലീസ് മേധവിയുടെ ഉത്തരവ്.
ഈ മാസം അഞ്ചിന് വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ അപേക്ഷ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. പെരുമാറ്റ ചട്ടം നിലനില്‍ക്കെയാണ് ഉത്തരവ് ഇറങ്ങിയത്. നേരത്തെ പോസ്റ്റല്‍ ബാലറ്റ് നല്‍കാത്തവര്‍ക്കെതിരെ സ്ഥലം മാറ്റ ഭീഷണി മുഴക്കുന്നതായി ആരോപണമുണ്ടായിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് വയനാട് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ്.
അതേസമയം പൊലീസുകാര്‍ കളളവോട്ട് ചെയ്ത സംഭവത്തില്‍ ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു. പൊലീസ് അസോസിയേഷന്റെ ഭാരവാഹികള്‍ അടക്കം എട്ട് പേരുടെ മൊഴി സ്പഷ്യല്‍ ബ്രാഞ്ച് രേഖപ്പെടുത്തുകയാണ്. ഇന്റലിജന്‍സ് എ.ഡി.ജി.പിയുടെ നിര്‍ദ്ദേശ പ്രകാരമാണ് രാവിലെ തന്നെ അന്വേഷണം ആരംഭിച്ചത്. വാട്‌സ് ആപ്പ് വഴി ബാലറ്റ് നല്‍കാന്‍ ആഹ്വാനം നടത്തിയ ഉദ്യോഗസ്ഥരെയും സ്‌പെഷ്യല്‍ ബ്രാഞ്ച് തിരിച്ചറിഞ്ഞിട്ടുണ്ട്.