കാണാപ്പാഠം പഠിച്ചാൽ ഇനി സർക്കാർ ജോലി കിട്ടില്ല; പിഎസ് സി പരീക്ഷയിൽ അടിമുടി മാറ്റം  

 

 

തിരുവനന്തപുരം: സർക്കാർ ജോലി ലഭിക്കാൻ ഒറ്റ പരീക്ഷയും ഒറ്റ വാക്കിലുത്തരവും എന്ന പരമ്പരാഗത സമ്പ്രദായം പിഎസ് സി അവസാനിപ്പിക്കുന്നു. പിഎസ് സിയുടെ പരിഷ്കരിച്ച പരീക്ഷ സംവിധാനം 2018 ജനുവരി മുതൽ പ്രാബല്യത്തിൽ വരും. 2018 മാർച്ചോടെ നിലവിലെ പരീക്ഷാ സംവിധാനം പൂർണ്ണമായും എടുത്തുകളയും. ഒറ്റ വാക്കിൽ ഉത്തരമെഴുതുന്ന പരമ്പരാഗത പരീക്ഷാ സമ്പ്രദായം ഒഴിവാക്കി, വിവരണാത്മക പരീക്ഷ നിർബന്ധമാക്കാനാണ് പിഎസ് സിയുടെ തീരുമാനം. കാണാപ്പാഠം പഠിച്ച് ഒറ്റവാക്കിൽ ഉത്തരമെഴുതുന്ന രീതി ഉദ്യോഗാർഥിയുടെ നൈപുണ്യമളക്കാൻ പ്രാപ്തമല്ലെന്നാണ് പിഎസ് സിയുടെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ പരീക്ഷ സംവിധാനങ്ങളിൽ അടിമുടി മാറ്റം വരുത്താൻ പിഎസ് സി തീരുമാനിച്ചിരിക്കുന്നത്. പിഎസ് സിയുടെ പുതിയ തീരുമാനപ്രകാരം മിക്ക തസ്തികകളിലേക്കും രണ്ട് ഘട്ടങ്ങളിലായാകും പരീക്ഷ നടത്തുക. ഇതിൽ വിവരാണത്മക പരീക്ഷയും ഉൾപ്പെടും. അപേക്ഷകരുടെ ബാഹുല്യം കുറയ്ക്കാനും നിലവാരും ഉറപ്പാക്കാനുമാണ് രണ്ടു ഘട്ടങ്ങളിലായി പരീക്ഷ നടത്തുന്നത്. എസ്എസ്എൽസി, പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ള തസ്തികകളിലേക്ക് ഒന്നിച്ചാവും അപേക്ഷ ക്ഷണിക്കുക. ഒരേ യോഗ്യതയുള്ളവർക്ക് ആദ്യഘട്ടത്തിൽ പൊതുവായി പരീക്ഷ നടത്തും. പിന്നീട് തസ്തികയുടെ സ്വഭാവമനുസരിച്ച് രണ്ടാംഘട്ട പരീക്ഷയും നടത്തും. രണ്ടു പരീക്ഷകൾക്കും ഒന്നിച്ചായിരിക്കും വിജ്ഞാപനം ഇറക്കുക.

വിവരണാത്മക പരീക്ഷയ്ക്കും ഓൺലൈൻ മൂല്യനിർണ്ണയം നടപ്പിലാക്കാനാണ് പിഎസ് സിയുടെ തീരുമാനം. രാജസ്ഥാൻ സർക്കാരിന്റെ മാതൃക പിന്തുടർന്നാണ് ഇത് നടപ്പാക്കുന്നത്. ഇതിനായി സി-ഡിറ്റ് സഹായത്തോടെ സോഫ്റ്റ് വെയർ നിർമ്മിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചുകഴിഞ്ഞു. ഓൺലൈൻ മൂല്യനിർണ്ണയം നടപ്പിലാക്കുന്നതോടെ കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ്, അസിസ്റ്റന്റ് പ്രൊഫസർ, വൈദ്യുതി വകുപ്പിലെ അസിസ്റ്റന്റ് എൻജിനീയർ, ബിഡിഒ തുടങ്ങിയ ഉയർന്ന തസ്തികകളിലേക്ക് വിവരണാത്മക പരീക്ഷയും നിർബന്ധമാക്കും. നിലവിൽ ഒഎംആർ പരീക്ഷയ്ക്ക് മാത്രമാണ് ഓൺലൈൻ മൂല്യനിർണ്ണയമുള്ളത്. നിലവിലെ പരീക്ഷ സംവിധാനത്തിൽ മാറ്റം വരുത്തുന്നതിന് പിഎസ് സി തത്വത്തിൽ അംഗീകാരം നൽകിയിരുന്നു. പരിഷ്കരിച്ച പരീക്ഷാ സംവിധാനം 2018 മുതൽ പ്രാബല്യത്തിൽ വരും. 2018 മാർച്ചോടെ മിക്ക തസ്തികകളിലേക്കും വിവരണാത്മക ചോദ്യങ്ങളും രണ്ടുഘട്ട പരീക്ഷകളും നടപ്പിലാക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top