കൊച്ചി: ഇന്നലെയും ഇന്നുമായി പ്രളയ ദുരന്തത്തില്‍ 46 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഉരുള്‍പൊട്ടല്‍,മണ്ണിടിച്ചില്‍ എന്നിവയിലാണ് ഇതില്‍ ഭൂരിപക്ഷം പേര്‍ക്കും ജീവന്‍ നഷ്ടമായത്. ഇന്ന് പുലര്‍ച്ച മുതല്‍ ഇതുവരെ 13 പേരാണ് മരിച്ചത്. പെരിയാര്‍, പമ്പ, ചാലക്കുടി പുഴ ,ഭാരതപ്പുഴ എന്നിവ കവിഞ്ഞൊഴുകുകയാണ്. പുഴയും കരയും തമ്മില്‍ വേര്‍തിരിച്ചറിയാനാവാത്ത നിലയില്‍ കരപുഴയായി മാറിയിരിക്കുകയാണ്.
ഈരാറ്റുപേട്ട തീക്കോയില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണ് നാല് പേരും, തൃശൂര്‍ പൂമാലയില്‍ രണ്ടു പേരും മരിച്ചു. കോഴിക്കോട് ഉരുള്‍പൊട്ടലില്‍ രണ്ടു പേരും മരിച്ചു. ഉരുള്‍പൊട്ടല്‍,മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ പല ജില്ലകളിലെയും സ്ഥിതി അതീവ ഗുരുതരമാക്കി. ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ സ്ഥിതി അതീവ ഗുരുതരമാണ്.
ഈ ജില്ലകളില്‍ പല സ്ഥലത്തും ആളുകള്‍ കുടുങ്ങി കിടക്കുന്ന അവസ്ഥയിലാണ്. ഗതാഗത വൈദ്യുതി ബന്ധങ്ങള്‍ വിഛേദിക്കപ്പെട്ട അവസ്ഥയിലാണ്. ഈ ജില്ലകളിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ചാലക്കുടി പുഴ നിറഞ്ഞു കവിഞ്ഞതോടെ ചാലക്കുടി ടൗണില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. പല ദുരിതാശ്വാസ ക്യാമ്പുകളിലും വെള്ളം കയറുന്നത് സ്ഥിതി രൂക്ഷമാക്കുന്നു.