ഞങ്ങളുടെ ജീവകാരുണ്യ സംഘടനകള്‍ കേരളത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യും: ഷെയ്ഖ് സായിദ് അല്‍ നഹ്യാന്‍

അബുദബി:  കേരളത്തെ കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചുവെന്ന് അബുദബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അറിയിച്ചു. അര്‍ധരാത്രിയോടെ ട്വിറ്ററിലാണ് അബുദബി കിരീടാവകാശി ഇക്കാര്യം അറിയിച്ചത്. ദുരന്തത്തിന് ഇരയായവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പമാണ്. ഞങ്ങളുടെ ജീവകാരുണ്യ സംഘടനകള്‍ കേരളത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്നാണ് അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കിയത്. കേരളത്തിന്റെ ബുദ്ധിമുട്ടുകള്‍ കണ്ടറിഞ്ഞ് ദുരിതബാധിതര്‍ക്കായി ധനസഹായം അനുവദിച്ച കാര്യം ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തിയിരുന്നു. ഈദ് ആശംസ അറിയിക്കാന്‍ ചെന്ന വ്യവസായി എം.എ. യൂസഫലിയെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ഇക്കാര്യം അറിയിക്കുകയും ചെയ്തുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്.

പക്ഷേപ്രളയ ദുരിതാശ്വാസത്തിനായി വിദേശ രാജ്യങ്ങള്‍ നല്‍കുന്ന സഹായം സ്വീകരിക്കേണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വിദേശരാജ്യങ്ങളുടെയും വിദേശ ഏജന്‍സികളുടെയും സഹായം സ്വീകരിക്കേണ്ടതില്ലെന്ന നയം മാറ്റേണ്ടെന്ന നിലപാടാണു കേന്ദ്രത്തിനുള്ളത്. കേരളത്തിനു സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങളെ വിദേശകാര്യമന്ത്രാലയം ഇക്കാര്യമറിയിച്ചുവെന്നുമാണ് ഏറ്റവും പുതിയ വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top