കൊച്ചി: കേരളത്തിന്റെ സൈന്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രശംസ നേടിയ മത്സ്യബന്ധന തൊഴിലാളി സഹോദരങ്ങള്‍. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഇന്ത്യന്‍ സൈന്യത്തേക്കാള്‍ കൂടുതല്‍ ജനങ്ങളെ രക്ഷിച്ച് കരക്കെത്തിച്ചത് സ്വന്തം വള്ളവുമായെത്തിയ ഈ സഹോദരങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. ദുരന്തമുഖത്ത് സ്വന്തം സുരക്ഷയും ഏക സ്വത്തായ വള്ളവും ബോട്ടുകളും പോലും മറന്നു പ്രവര്‍ത്തിച്ച ഇവര്‍ക്ക് മുഖ്യമന്ത്രി ഇന്നലെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് വേണ്ടെന്നു പറഞ്ഞ് താരമായിരിക്കുകയാണ് കൊച്ചിയില്‍ നിന്നുള്ള തൊഴിലാളി ഖയാസ് മുഹമ്മദ്. സ്വന്തം സഹോദരങ്ങളെയാണ് രക്ഷിച്ചത് അതിന് പ്രതിഫലം വേണ്ടെന്ന് ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ ഖയാസ് പറഞ്ഞു.
എന്റെ പേര് ഖയാസ്, വീട് ഫോര്‍ട്ട് കൊച്ചിയാണ്
മത്സ്യത്തൊഴിലാളിയുടെ മകനാണ്. ഉപ്പ പണിയെടുത്തത് ഹാര്‍ബറിലാണ്. ആ പൈസ കൊണ്ടാണ് എന്റെ കുടുംബവും ഞാനും എന്റെ അനിയുമൊക്കെ ജീവിച്ചത്. വാപ്പ പണിയെടുത്ത ഹാര്‍ബറിലാണ് ആ പണി കൊണ്ട് ഞങ്ങള്‍ ജീവിച്ചത്.
ഇന്നലെ, എന്റെ കൂട്ടുകാരന്മാര്‍ക്കൊപ്പം എന്റെ കൂടപ്പിറപ്പുകള്‍ക്കൊപ്പം ബോട്ടെടുത്ത് ഒരുപാട് പേരെ രക്ഷിക്കാന്‍ പോയി. അതില്‍ പങ്കെടുത്തതില്‍ ഞാന്‍ അഭിമാനം കൊളളുന്നു. ഇന്ന് രാവിലെ ഉറക്കമെഴുന്നേറ്റപ്പോള്‍ ഞാന്‍ കേട്ടിരുന്നു ഞങ്ങളാണ് സാറിന്റെ സൈന്യമെന്ന്, മത്സ്യത്തൊഴിലാളികളാണ് സാറിന്റെ സൈന്യമെന്ന്, ഞാന്‍ ഒരുപാട് അഭിമാനിച്ചു സാര്‍.
പക്ഷേ, ഇന്ന് വൈകിട്ട് ഞാന്‍ അറിഞ്ഞു സാറെ മൂവായിരം രൂപവച്ച് ഒരു മത്സ്യത്തൊഴിലാളിക്ക് കൊടുക്കുന്നു എന്ന്. വളരെ സങ്കടത്തോടെ പറയുന്നു സാര്‍ ഞങ്ങളുടെ കൂടപ്പിറപ്പുകളെ രക്ഷിച്ചതിന് ഞങ്ങള്‍ക്ക് പൈസ വേണ്ട സാര്‍. ബോട്ട് നന്നാക്കി തരുമെന്ന് സാര്‍ പറഞ്ഞു അത് നല്ല കാര്യം. ജീവിക്കാന്‍ വേറെ ഉപജീവന മാര്‍ഗമില്ല. സൗഹൃദങ്ങളെ രക്ഷിച്ചതിന് കാശ് വേണ്ട സാര്‍, കൂടപ്പിറപ്പുകളെ രക്ഷിച്ചതിന് കാശ് വേണ്ട സാര്‍ ഒരുപാട് നന്ദി സാര്‍ ഒരുപാട് ആദരവോട് കൂടി. ഇത്രയും പറഞ്ഞ് ഖയാസ് അവസാനിപ്പിക്കുന്ന ലഘു വീഡിയോ നിരവധിപേര്‍ കണ്ട് കഴിഞ്ഞു. ആ ആര്‍ജ്ജവത്തെയും സത്യസന്ധതയെയും അഭിനന്ദിച്ചും പുകഴ്ത്തിയും മത്സ്യത്തൊഴിലാളികളുടെ സേവനത്തെ ശ്ലാഘിച്ചും നിരവധിപേര്‍ ഇതിന് കമന്റ് ചെയ്തു കഴിഞ്ഞു.