വെള്ളമൊഴിഞ്ഞുപോകുമ്പോൾ ബാക്കിവയ്ക്കുന്ന മാലിന്യങ്ങൾ ഒരു ചോദ്യചിഹ്നമാവുകയാണ് മിക്കയിടങ്ങളിലും. പ്രളയത്തില്‍ ചത്ത മൃഗങ്ങളെ ഇനിയും പൂര്‍ണ്ണമായി മറവ് ചെയ്യാനായിട്ടില്ല. കുഴിച്ചുമൂടുന്നത് വൈകും തോറും പകര്‍ച്ചവ്യാധി ഭീഷണിയും നിലനില്‍ക്കുകയാണ്. പ്രളയം ഏറെ നാശം വിതച്ച വയനാട്ടില്‍ മറവ് ചെയ്യാനാവാതെ ചത്ത മൃഗങ്ങളെ പുഴയില്‍ ഒഴുക്കേണ്ടി വരെ വന്ന അവസ്ഥ വരെ ഉണ്ടായി. പ്രളയത്തില്‍ എട്ട് ലക്ഷത്തോളം മൃഗങ്ങള്‍ ചത്തുവെന്നാണ് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്‍റെ കണക്ക്.
പത്തനംതിട്ട, വയനാട്, തൃശൂര്‍ ജില്ലകളിലാണ് ഏറെയും ചത്തൊടുങ്ങിയത്. ചത്ത മൃഗങ്ങളെ കത്തിക്കരുതെന്നും, ആറടി താഴ്ചയില്‍ കുഴിച്ചിടണമെന്നുമാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ നിര്‍ദ്ദേശം. എന്നാല്‍ പ്രളയത്തില്‍ മുങ്ങിയ പലയിടങ്ങളിലും ഇത് സാധ്യമായിട്ടില്ല. നാല്‍പതിനായിരത്തോളം മൃഗങ്ങള്‍ ചത്ത വയനാട്ടില്‍ പകുതിയോളം ജഡം പുഴകളില്‍ ഒഴുക്കി. ഉദ്യോഗസ്ഥരുടെ അറിവോടെയാണിതെന്ന് പ്രളയബാധിതര്‍ പറയുന്നു. ചെന്നെത്താന്‍ പറ്റാത്ത തുരുത്തുകളില്‍ കന്നുകാലികളുടെ ജഡം സംസ്കരിക്കാനായിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കുന്നു.എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഈ പ്രതിസന്ധിയുണ്ട്. പകര്‍ച്ചവ്യാധികള്‍ക്കുള്ള സാധ്യതയിലേക്കാണ് സാഹചര്യം വിരല്‍ചൂണ്ടുന്നത്.
ശുചിത്വമിഷനുമായി ചേര്‍ന്ന് ചത്ത കന്നുകാലികളെ മറവ് ചെയ്യാനുള്ള പദ്ധതി മൃഗസംരക്ഷണ വകുപ്പ് ഒരുക്കിയിട്ടുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊതുസ്ഥലങ്ങളില്‍ മറവ് ചെയ്യാനാണ് തീരുമാനം. എന്നാല്‍ വളര്‍ത്തുമൃഗങ്ങളുടെ ഉടമസ്ഥരരിലധികവും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നതിനാല്‍ വിവരങ്ങള്‍ പൂര്‍ണ്ണമായും ലഭ്യമായിട്ടില്ല. അതിനാല്‍ പദ്ധതിയും ഉദ്ദേശ്യലക്ഷം കാണുന്നില്ല.