ഇരിട്ടി : എടക്കാനത്തെ മടത്തിനകത്ത് ബേബിയുടെ വീട് നിലംപൊത്തുമ്പോൾ പോലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും നിസഹായരായി നോക്കി നിൽക്കുകയായിരുന്നു . പിന്നിലെ കുന്നും അതിലെ റബ്ബറും തെങ്ങും മറ്റും ഒന്നൊന്നായി കുത്തിയൊഴുകിവരുന്ന വെള്ളത്തിനും മണ്ണിനും ഒപ്പം ഉച്ചമുതലേ നീങ്ങി നിരങ്ങി വീടിനു നേരെ വരികയായിരുന്നു. ഇതോടെ ഏതു നിമിഷവും വീട് നിലം പോത്തും എന്ന അവസ്ഥയിൽ വീടിനു മുന്നിലേക്ക് പോകാൻ കഴിയാതെ എല്ലാവരും ശ്വാസമടക്കി വീടും നോക്കി നിന്നു . പോലീസും അഗ്നിരക്ഷാ സേനയും എല്ലാവരെയും വീടിനടുത്തേക്കു പോകുന്നത് കർശനമായും വിലക്കി.
ഇതിനിടെ വൈകുന്നേരം അഞ്ചു മണിയോടെ എല്ലാവരും നോക്കി നിൽക്കെ വീട് വൻ ശബ്ദത്തോടെ നിലംപൊത്തുകയായിരുന്നു. വീട് റോന്റെ ഭാഗത്തേക്ക് മറിഞ്ഞു വീണപ്പോൾ വീട് നിന്നിരുന്ന സ്റ്റൈഹനത്തു വൻ മൺകൂന രൂപപ്പെട്ടു. കഴിഞ്ഞ ആഴ്ച എടപ്പുഴ വാളത്തോടിൽ ഒറ്റപ്പനാൽ മോഹനൻ – രവീന്ദ്രൻ സഹോദരങ്ങളുടെ രണ്ട് വീടുകൾ ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും വീണ ദുരന്തത്തിന്റെ തനിയാവർത്തനം തന്നെ ആയിരുന്നു ഈ ദുരന്തവും. ഇരിട്ടി – എടക്കാനം റൂട്ടിൽ വള്ളിയാട് അകംതുരുത്തി ദ്വീപിന് എതിർവശത്തെ കുന്നിൻ ചെരിവിലായിരുന്നു ബേബിയുടെ വാർപ്പ് വീട്. ചൊവ്വാഴ്ച രാവിലെ പിന്നാമ്പുറത്ത് മണ്ണിടിഞ്ഞു. നാട്ടുകാർ ചേർന്ന് നീക്കി.
അൽപ്പം കഴിഞ്ഞപ്പോൾ ഇടിച്ചിൽ ശക്തിപ്പെട്ടു. നീർചാലുകളും പൊട്ടിയെത്തി. വൈകിട്ടോടെ ഒഴുക്കും മണ്ണിടിച്ചിലും അതിശക്തമായി. നാട് നോക്കി നിൽക്കെ വീട് മണ്ണടിഞ്ഞു.നഗരസഭാ ചെയർമാൻ പി പി അശോകൻ, നഗരസഭാ കൗൺസിലർമാരായ പി.എം. രവീന്ദ്രൻ , സത്യൻ കൊമ്മേരി,പി.പി. ഉസ്മാൻ , റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ , എം എൽ എ സണ്ണി ജോസഫ് ഉൾപ്പെടെ ഉള്ളവർ സ്ഥലത്തെത്തി . കനക്കുന്ന ഉരുൾപൊട്ടലിൽ റോഡ് പിളർന്ന് പുഴയിലേക്ക് താഴുമെന്ന ഭീതിയിൽ എടക്കാനം റോഡ് പൊലീസ് വടം കെട്ടി അടച്ചു. ബേബിയടക്കം പരിസരത്തെ എട്ട് കുടുംബങ്ങളിലെ 20 പേരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാർപ്പിച്ചു.