കണ്ണൂര്‍ :പ്രളയ ദുരിതത്തില്‍ മുങ്ങിതാഴ്ന്ന കേരളീയര്‍ക്ക് കൈത്താങ്ങുമായി ബഹ്‌റൈന്‍ സ്വദേശിയും. ഫാത്തിമ അല്‍ മന്‍സൂരിയെന്ന ബഹ്‌റൈന്‍ സ്വദേശിനിയാണ് കൊട്ടിയൂര്‍ അമ്പായത്തോടിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയത്. മാംഗ്ലൂരിലെ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ കൂടിയായ ഫാത്തിമ അല്‍ മന്‍സൂരി കണ്ണൂരിലുള്ള സുഹൃത്തിനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു. അപ്പോഴാണ് കേരളത്തില്‍ പ്രളയദുരിതമുണ്ടായത്.
ഉടന്‍ തന്നെ ദുരിതബാധിതരെ കാണാനും സഹായിക്കാനുമായി ഫാത്തിമ ക്യാമ്പുകളിലേക്ക് തിരിച്ചു. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി, കൊട്ടിയൂര്‍ ഭാഗങ്ങളിലുള്ള നിരവധി ക്യാമ്പുകളില്‍ ഫാത്തിമ സന്ദര്‍ശനം നടത്തി. ആശ്വാസ വചനങ്ങളും സഹായ വാഗ്ദാനങ്ങളുമായി അമ്മമാരെയും സഹോദരിമാരെയും കെട്ടിപ്പിടിച്ചും കുശലം പറഞ്ഞും ഫാത്തിമ ക്യാമ്പുകളില്‍ നിന്ന് ക്യാമ്പുകളിലേക്ക് യാത്ര ചെയ്തു. തന്റെ സന്ദര്‍ശന വിവരങ്ങള്‍ ഉടന്‍ തന്നെ അവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തു.
ബഹ്‌റൈനില്‍ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകയും യോഗ പരിശീലകയുമാണ് ഫാത്തിമ. ബഹ്‌റൈനില്‍ നിന്നുള്ള സഹായങ്ങള്‍ ഏകോപിപ്പിക്കുവാനുള്ള പരിശ്രമത്തിലാണ് ഫാത്തിമ ഇപ്പോള്‍. തന്റെ ക്യാമ്പ് സന്ദര്‍ശനങ്ങള്‍ ഇനിയും തുടരുമെന്ന് ഫാത്തിമ പറയുന്നു. കുറച്ച് ദിവസങ്ങള്‍ കൂടി കേരളത്തില്‍ തങ്ങി പരമാവധി സഹായ സഹകരണങ്ങള്‍ ചെയ്യാനാണ് ലക്ഷ്യമെന്ന് ഫാത്തിമ പറഞ്ഞു. സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ നേതാക്കള്‍ക്കൊപ്പമാണ് ഫാത്തിമ ക്യാമ്ബുകളിലെത്തിയത്.