പ്രളയത്തിൽ ലൈസൻസും ആർ.സി ബുക്കും നഷ്ടപ്പെട്ടവർക്ക് ആശ്വാസവാർത്ത

തിരുവനന്തപുരം : പ്രളയത്തിൽ ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും ലൈസൻസും വാഹനങ്ങളുടെ ആർ.സി ബുക്ക് അടക്കമുള്ള രേഖകൾ നഷ്ടപ്പെട്ടവർക്ക് അത് നൽകാൻ മോട്ടോർവാഹന വകുപ്പ് നടപടി സ്വീകരിക്കുമെന്ന മന്ത്രി എ.കെ.ശശീന്ദ്രൻ. മറ്റ് നടപടികളെല്ലാം ഒഴിവാക്കി വില്ലേജ് ഓഫിസറുടെ സാക്ഷ്യ പത്രം ഹാജരാക്കിയാൽ മതിയെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. രേഖകൾ നഷ്ടപ്പെട്ടവർ പത്ര പരസ്യം നൽകേണ്ട. വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ രേഖകളുടെ ഡ്യുപ്ലിക്കേറ്റ് കോപ്പി ഫീസ് ഈടാക്കാതെ നൽകും. നഷ്ടപ്പെട്ടവരുടെ എണ്ണം വളരെ കൂടുതലാണെങ്കിൽ ജില്ലാതലത്തിൽ അദാലത്ത് നടത്തും. വാഹനങ്ങളുടെ താൽക്കാലിക രജിസ്ട്രേഷൻ രേഖകൾ നഷ്ടപ്പെട്ടതും വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ മറ്റ് രേഖകൾ ഇല്ലാതെ രജിസ്റ്റർ ചെയ്യാം. ഈമാസം 13 മുതൽ 31വരെ നഷ്ടപ്പെട്ട രേഖകൾക്കാണ് പകരം നൽകാൻ നടപടി സ്വീകരിക്കുന്നത്.

ഏതു തീയതിവരെയും അപേക്ഷ നൽകാം. താൽക്കാലിക രജിസ്ട്രേഷൻ കഴിഞ്ഞ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനും രജിസട്രേഷൻ പുതുക്കുന്നതിനും സൗകര്യം ഏർപ്പെടുത്തും.
ഡ്രൈവിങ് ടെസ്റ്റുകൾ ഉൾപ്പെടെയുള്ള നടത്താൻ കഴിയാത്ത സാഹചര്യത്തിൽ പിഴകൾ ഉൾപ്പെടെയുള്ള സാമ്പത്തിക ബാധ്യതയും ഒഴിവാക്കും. സി.എഫ് ടെസ്റ്റിന്റെ കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ കോംപൗണ്ടിങ് ഫീസ് ഒഴിവാക്കും. ഫാൻസി നമ്പർ കാലവധി കഴിയുന്നത് ക്രമപ്പെടുത്തും.
കെ.എസ്.ആർ.ടി.സിക്ക് 30 കോടിയുടെ നഷ്ടം സംഭവിച്ചതായി പ്രഥമിക കണക്ക്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top