തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവം അവസാനത്തോട് അടുക്കുമ്പോള്‍ കലോത്സവത്തിന്റെ മാറ്റ് കുറക്കുന്ന വ്യാജരേഖ കേസ്. സംസ്ഥാന കലോത്സവത്തിന് മത്സരിക്കുന്നതിനായി അപ്പീല്‍ സമര്‍പ്പിക്കുന്നതിന് ബാലാവകാശ കമ്മീഷന്റെ വ്യാജരേഖ ഉണ്ടാക്കിയതിന് രണ്ട് പേര്‍ അറസ്റ്റില്‍. നൃത്ത അദ്ധ്യാപകരാണ് പിടിയിലായത്. വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു കൊടുക്കാന്‍ അരലക്ഷം രൂപ വരെ ഈടാക്കിയിരുന്നതായി സൂചന.
തൃശൂര്‍ ചേര്‍പ്പ് സ്വദേശി സൂരജ്, കോഴിക്കോട് സ്വദേശി ജോബി എന്നിവരെയാണ് വ്യാജരേഖ നിര്‍മ്മിച്ചതിന് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജില്ലാതലത്തില്‍ തോറ്റവരെ വ്യാജ അപ്പീലിലൂടെ മത്സരത്തിനെത്തിച്ച് ജഡ്ജിമാരെ സ്വാധീനിച്ചു ഗ്രേഡ് വാങ്ങുകയാണ് ഇവരുടെ രീതി. അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയേക്കും. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കൂടി അന്വേഷിക്കുന്നു.
മുന്‍ വര്‍ഷങ്ങളിലും ഇവര്‍ ഇത്തരം രേഖയുണ്ടാക്കുകയും ജഡ്ജിമാരെ സ്വാധീനിക്കുകയും ചെയ്തുവെന്നാണു സൂചന. വട്ടപ്പാട്ടിനു മലപ്പുറത്തുനിന്നെത്തിയ അപ്പീല്‍, മത്സരത്തില്‍ വളരെ മോശം നിലവാരം പുലര്‍ത്തിയതായിരുന്നു. 12 അപ്പീലുകളെങ്കിലും വ്യാജരേഖയുടെ ബലത്തിലാണു വന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. അപ്പീലിനോടൊപ്പം സമര്‍പ്പിച്ച രേഖ വ്യാജമാണെന്ന് ആദ്യം കണ്ടെത്തിയതു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരാണ്. വിവരം ഉടന്‍ ഡിപിഐക്കു കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത്. ഐജി എസ്.ശ്രീജിത്തിനും എസ്പി പി.എന്‍.ഉണ്ണിരാജയ്ക്കുമായിരുന്നു അന്വേഷണച്ചുമതല.
അതേസമയം ജഡ്ജിമാരെ നിയമിക്കുന്നതില്‍ ഇടപെട്ട ഒരു അധ്യാപക സംഘടനാ നേതാവിനെയും സംശയിക്കുന്നുണ്ട്. ഇദ്ദേഹത്തെ ചോദ്യം ചെയ്യും. ഇദ്ദേഹം സ്വാധീനിച്ചുവെന്നു സൂചന കിട്ടിയതിനാല്‍ തിരുവനന്തപുരം ജില്ലാ കലോത്സവത്തിലെ 21 ജഡ്ജിമാരെ അവസാന നിമിഷം മാറ്റിയിരുന്നു.സംസ്ഥാന വ്യാപകമായി ഇവര്‍ക്കു ശൃഖംലയുണ്ടെന്ന് ഐജി പറഞ്ഞു. 8000 മുതല്‍ 20,000 രൂപയാണ് ഓരോ അപ്പീലിനും വാങ്ങിയത്. ബാലാവകാശ കമ്മീഷന്‍ രേഖയാണെന്നു വിശ്വസിച്ചാണു രക്ഷിതാക്കള്‍ പണം നല്‍കിയിരിക്കുന്നത്. മലപ്പുറത്തുനിന്നു വട്ടപ്പാട്ട് മത്സരത്തില്‍ ഡിപിഐക്ക് അപ്പീല്‍ നല്‍കിയപ്പോള്‍ സമര്‍പ്പിച്ച രേഖയാണ് വ്യാജമാണെന്ന് ആദ്യം കണ്ടെത്തിയത്.
തുടര്‍ന്ന് തൃശൂരില്‍നിന്നു മൂന്നും മലപ്പുറത്തുനിന്ന് ഒന്നും വ്യാജമാണെന്നു വ്യക്തമായി.തൃശൂര്‍ ജില്ലയില്‍നിന്നു നൃത്ത ഇനങ്ങളില്‍ മത്സരിച്ചവരുടെ രണ്ട് അപ്പീലുകള്‍ക്കൊപ്പം നല്‍കിയ രേഖ വ്യാജമാണെന്ന് ആദ്യം ഉദ്യോഗസ്ഥര്‍ പറഞ്ഞുവെങ്കിലും അവര്‍ അപ്പീല്‍ എടുക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഈ രണ്ട് അമ്മമാരില്‍നിന്നും ഇന്നലെ ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചു.