സംസ്ഥാന ഭരണസിരാകേന്ദ്രം ഭീഷണിയില്‍; അടിയന്തര പരിഹാരം ആവശ്യപ്പെട്ട് സുരക്ഷാ വിഭാഗം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലെ സുരക്ഷ ഭീഷണിയില്‍. വളരെ പഴക്കം ചെന്ന കെട്ടിടത്തില്‍ കാലഹരണപ്പെട്ട വയറിംഗും മറ്റ് അറ്റകുറ്റപ്പണികളുമാണ് പുതിയ പ്രതിസന്ധിയ്ക്ക് കാരണം. നേരിയ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തീ പിടിക്കാവുന്ന സ്ഥിതിയാണ് മിക്ക ഓഫിസുകളിലും. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ഓഫിസില്‍ ഈയിടെ ഉണ്ടായ തീപിടിത്തം ഇതിനുദാഹരണമാണ്. ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടല്‍ കൊണ്ടാണ് വന്‍ദുരന്തം ഒഴിവായത്. സെക്രട്ടേറിയറ്റിലെ സുരക്ഷ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് സുരക്ഷ വിഭാഗം ആറുമാസം മുമ്പ് സമര്‍പ്പിച്ച നിര്‍ദേശം ഇപ്പോഴും മുഖ്യമന്ത്രിയുടെ ഓഫിസില്‍ തീര്‍പ്പുകാത്തുകിടക്കുകയാണ്.

ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഉദ്യോഗസ്ഥരെ ഓര്‍മപ്പെടുത്തുന്ന മുഖ്യമന്ത്രി ഫയലുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ ഒന്നും ചെയ്യാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ഒരുവിഭാഗം ജീവനക്കാര്‍ ആരോപിക്കുന്നു. സെക്രട്ടേറിയറ്റില്‍ തീപിടിത്തമുണ്ടായാല്‍ വന്‍വില കൊടുക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന റിപ്പോര്‍ട്ട് മുന്‍ ഫയര്‍ഫോഴ്‌സ് മേധാവി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞ സര്‍ക്കാറിന് കൈമാറിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് ഉള്‍പ്പെടുന്ന പ്രധാന കെട്ടിടത്തില്‍ അവശ്യംവേണ്ട അഗ്‌നിശമന ഉപകരണങ്ങള്‍ ലഭ്യമല്ല. വരാന്തകളിലും ഇടനാഴികളിലും അലമാരകളും ക്യുബിക്കുകളും കൊണ്ട് നിറച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചില സെക്ഷനുകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എത്തിപ്പെടാന്‍ പോലും സാധ്യമല്ല. വര്‍ഷത്തിലൊരിക്കല്‍ മോക്ഡ്രില്‍ നടത്തിയാല്‍ മാത്രം സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കില്ല. അഗ്‌നിബാധയുണ്ടായാല്‍ സുപ്രധാന രേഖകള്‍ ഇരിക്കുന്ന സെക്ഷനുകള്‍ കത്തിച്ചാമ്പലാകാന്‍ നിമിഷങ്ങള്‍ മതിയെന്നും ബെഹ്‌റ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുറച്ച് അഗ്‌നിശമന ഉപകരണങ്ങള്‍ വാങ്ങിയതല്ലാതെ കാര്യമായ നടപടി ഉണ്ടായില്ല. സെക്രട്ടേറിയറ്റ് വളപ്പില്‍ ഫയര്‍‌സ്റ്റേഷന്‍ സ്ഥാപിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നെങ്കിലും നടപടികള്‍ എങ്ങുമത്തെിയില്ല.

ഈ സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ അടിയന്തര ഇടപെടലിനായി സുരക്ഷ വിഭാഗം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സമരകവാടത്തിലത്തെുന്ന പ്രതിഷേധക്കാര്‍ അകത്തുചാടിക്കടക്കാതിരിക്കാന്‍ ചുറ്റുമതിലിന്റെ ഉയരം വര്‍ധിപ്പിക്കുക, ആത്മഹത്യ ഭീഷണി ഒഴിവാക്കാന്‍ കോമ്പൗണ്ടിലെ മരങ്ങള്‍ക്ക് ചുറ്റും മുള്ളുവേലി കെട്ടുക തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

Top