കൊച്ചി: ചലച്ചിത്ര താരം മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ജെഎന്‍യു വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി ബ്ലോഗ് വന്നതിന് തൊട്ടുപിന്നാലെയാണ് നടപടി. കേസില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തില്ലെങ്കിലും കേരളം പിന്തുണച്ചു. മാറിയ സാഹചര്യത്തില്‍ കേന്ദ്രം നിശബ്ദത പാലിക്കുകയും ചെയ്തു. ഇതോടെ മോഹന്‍ ലാലിന്റെ കേസില്‍ കോടതി തീരുമാനം എടുത്തു. ആനക്കൊമ്പ് കൈവശമുള്ളതായി മുഖ്യ വന്യജീവി വാര്‍ഡനെ അറിയിക്കാന്‍ മോഹന്‍ലാലിന് സാവകാശം നല്‍കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. പ്രസ്തുത നടപടിക്രമം പാലിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ബി. കെമാല്‍ പാഷ ഹര്‍ജി തീര്‍പ്പാക്കിയത്.
ആനക്കൊമ്പുള്ള കാര്യം അധികൃതരെ അറിയിക്കാന്‍ മൂന്ന് മാസം അനുവദിച്ചുകൊണ്ട് 2015 ഡിസംബര്‍ 16നാണ് ഗവ. ഉത്തരവ് ഇറങ്ങിയത്. പാലക്കാട്ടെ അഴിമതി വിരുദ്ധ, മനുഷ്യാവകാശ സംരക്ഷണ കൗണ്‍സിലിന്റെ ഹര്‍ജിയാണ് കോടതി തീര്‍പ്പാക്കിയിട്ടുള്ളത്. ലാല്‍ ആനക്കൊമ്പ് കൈവശം വക്കാന്‍ അനുമതി തേടി കേന്ദ്രവനം മന്ത്രാലയത്തിന് 2015 ഫെബ്രുവരിയില്‍ കത്തെഴുതി. അവര്‍ നല്‍കിയ മറുപടി 1972 ലെ നിയമം ഇതിന് അനുവദിക്കുന്നില്ല എന്നായിരുന്നു. കേരളാ സര്‍ക്കാരിനെ സമീപിച്ചു നോക്കുവെന്ന് പറയുകയും ചെയ്തു. ഇതോടെ ലാല്‍ കേരളാ വനം വകുപ്പിന് കത്തയച്ചു. 2015 ഡിസംബറില്‍ കേരളത്തിലെ ഗവണ്‍മെന്റ് ആനക്കൊമ്പ് കൈവശം വെക്കാന്‍ ലാലിന് പ്രത്യേക അനുമതി നല്‍കി. അതുകൊണ്ട് തന്നെ ബ്ലോഗ് എഴുത്തുമായി ഇതിനെ ബന്ധിപ്പിക്കേണ്ട ആവശ്യമില്ലെന്ന വാദമാണ് ഇതിലൂടെ ലാലിനെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തുന്നത്.
വന്യജീവി സംരക്ഷണ നിയമപ്രകാരം ആനക്കൊമ്പ് കൈവശം വയ്ക്കുന്നവര്‍ അത് വെളിപ്പെടുത്തിയാല്‍ അവര്‍ക്കെതിരെയുള്ള നടപടികള്‍ അവസാനിപ്പിക്കാമെന്ന ചട്ടപ്രകാരമാണ് മോഹന്‍ലാലിന് ഇളവ് നല്‍കുന്നത്. ഈ വ്യവസ്ഥകള്‍ സംബന്ധിച്ച് പുതിയ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയതിനെ തുടര്‍ന്ന് മോഹന്‍ലാല്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് മുന്നില്‍ ഹാജരായി കൈവശമുള്ള ആനക്കൊമ്പുകളുടെ വിവരം ധരിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പരിശോധിച്ചു. ഇതിന് ശേഷമാണ് കേസ് ഒത്തുതീര്‍പ്പാക്കുന്നത്. ജെഎന്‍യുവിലെ ബ്ലോഗുമായി ഇതിന് ബന്ധമുണ്ടെന്നത് ശരിയില്ലെന്നാണ് ലാലിന്റെ ആരാധകര്‍ പറയുന്നത്.
മോഹന്‍ലാലിന്റെ തേവരയിലെ വസതിയില്‍ 2011ല്‍ നടത്തിയ ആദായനികുതി റെയ്ഡിലാണ് രണ്ട് ആനക്കൊമ്പുകള്‍ പിടികൂടിയത്. പരിശോധനയില്‍ പിടികൂടിയ ആനക്കൊമ്പ് മോഹന്‍ലാലിന്റെ ഉടമസ്ഥതയിലല്ലെന്നും വനംവകുപ്പിന് കൈമാറിയ ആനക്കൊമ്പുകള്‍ പിന്നീട് ആന്റണി പെരുമ്പാവൂരിന് കൈമാറിയെന്നും വാര്‍ത്തകളുണ്ടായിരുന്നു. മോഹന്‍ലാല്‍ നേരത്തെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും ആനക്കൊമ്പുകള്‍ കൈവശം സൂക്ഷിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. ആനക്കൊമ്പുകള്‍ തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതല്ലെന്നും, ലൈസന്‍സ് സുഹൃത്തുക്കളുടെ പേരിലാണെന്നും ഇതില്‍ വ്യക്തമാക്കിയിരുന്നു.
തുടര്‍ന്നാണ് സ്റ്റേറ്റ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനു മുന്നില്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശമുണ്ടായതും, മോഹന്‍ലാലിനായി ഉത്തരവ് പുറപ്പെടുവിച്ചതെന്നും അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഓം പ്രകാശ് കാലേര്‍ പറയുന്നു. അനധികൃതമായി വന്യജീവികളെയോ, അതുമായി ബന്ധപ്പെട്ട വസ്തുക്കളോ കൈവശം സൂക്ഷിച്ചവര്‍ക്ക് അത് സര്‍ക്കാരിനെയോ, ബന്ധപ്പെട്ട വകുപ്പിനെയോ അറിയിക്കാന്‍ 2003ല്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു.
തുടര്‍ന്നും സര്‍ക്കാരിന്റെ അനുമതിയോ, ലൈസന്‍സോ ഇല്ലാതെ ഇവ സൂക്ഷിക്കുന്നത് കുറ്റകരമാണെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്. എന്നിട്ടും പഴുതകളൊരുക്കി ലാലിനെ കേസില്‍ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു.