തിരുവനന്തപുരം: അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയതോടെ സംസ്ഥാന ബിജെപിയിലെ അസംതൃപ്തി പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതായി സൂചന.ബിജെപിയിലെ പല ഉന്നതരും ഉടൻ തന്നെ പാർട്ടി വിടുമെന്നും സൂചനയുണ്ട്. വെള്ളം കോരാനും വിറകുവെട്ടാനും മാത്രമായി പാര്‍ട്ടിയില്‍ തുടരുവാന്‍ താല്പര്യമില്ലെന്ന് ഒരു വിഭാഗം നേതാക്കള്‍ വ്യക്തമാക്കിയതായാണ് സൂചന. ഇതിനിടെ ബിജെപിയിലെ രണ്ട് ഉന്നത നേതാക്കള്‍ സിപിഐ(എം)ല്‍ ചേരുവാനുള്ള രഹസ്യ ചര്‍ച്ചയും ആരംഭിച്ചു.
മണ്ണും ചാരി നിന്നവന്‍ പെണ്ണുംകൊണ്ട് പോയി എന്ന് ഒരു ബിജെപി നേതാവ് നടത്തിയ പ്രസ്താവന ശരിക്കും കേരളഘടകത്തിന്റെ മനസ്സറിഞ്ഞ് തന്നെയാണ്. മുപ്പതും നാല്പതും വര്‍ഷം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിട്ടും സ്ഥാനമാനങ്ങള്‍ ഇന്നലെ പാര്‍ട്ടിയില്‍ വന്നവര്‍ കൊണ്ടുപോകുന്ന കാഴ്ച കാണേണ്ട ഗതികേടിലാണ് കേരള ബിജെപി നേതാക്കള്‍. പാര്‍ട്ടിയുമായി ഒരു ബന്ധവും ഇല്ലാതിരുന്ന സുരേഷ് ഗോപി എം.പി യായി. ആംഗ്‌ളോ ഇന്‍ഡ്യന്‍ പ്രതിനിധിയായി റിച്ചാര്‍ഡ്‌ഹൈയും എംപിയായി. സിപിഐ(എം)ല്‍ നിന്നും നേരെ ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്ത അല്‍ഫോണ്‍സ് കണ്ണന്താനം കേരളത്തിന്റെ പേരുപറഞ്ഞ് കേന്ദ്രമന്ത്രിയായി. എന്നാല്‍ കേന്ദ്രമന്ത്രി സഭ നാലാം വര്‍ഷത്തിലേക്ക് എത്തിയിട്ടും കേരള ബിജെപി യിലെ ഒരു മുതിര്‍ന്ന നേതാവിനും നല്ല സ്ഥാനം കിട്ടിയിട്ടില്ല. നൂലില്‍ കെട്ടിയിറങ്ങിയവര്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിക്കുമ്പോള്‍ സമരം ചെയ്തും പോലീസിന്റെ അടികൊണ്ടും തങ്ങളെന്തിനാണ് പാര്‍ട്ടിയില്‍ തുടരേണ്ടതെന്നാണ് ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞത്.
ഇതൊരു വികാരപ്രസ്താവന അല്ലെന്നാണ് അടിയൊഴുക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാന ബിജെപിയിലെ രണ്ട് നേതാക്കള്‍ സിപിഐ(എം)ല്‍ ചേരുവാനുള്ള പ്രാരംഭ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. മികച്ച പ്രതിച്ഛായയുള്ള ഒരു യുവനേതാവാണ് ഇതില്‍ ഒന്ന്. പാര്‍ട്ടിയില്‍ എത്തിയാല്‍ മികച്ച സ്ഥാനം സിപിഐ(എം) ഉറപ്പ് നല്‍കിയിട്ടുണ്ട്. ബിജെപിയില്‍ നിന്ന് സിപിഐ(എം)ല്‍ എത്തിയ വാസു മാസ്റ്ററെ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാക്കിയതും അശോകനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാക്കിയതും ബിജെപി നേതാക്കള്‍ക്ക് ഇടതുപക്ഷത്തെത്തിയാല്‍ നല്ല സ്ഥാനം കിട്ടുമെന്ന പ്രതീക്ഷ നല്‍കുന്നുണ്ട്.
കോഴ വിവാദത്തെ തുടര്‍ന്ന് നിശ്ചലമായ ബിജെപി കേരളാഘടകം കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രിസ്ഥാനത്തോടെ കൂടുതല്‍ അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്. കുമ്മനത്തിന്റെ കേന്ദ്രമന്ത്രിസ്ഥാനത്തിന് മറ്റൊരു ബിജെപി നേതാവ് പാരവെച്ചതായുള്ള ആരോപണവും പാര്‍ട്ടിയില്‍ ശക്തമായിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പിടിച്ച് നില്‍ക്കുവാന്‍ കണ്ണന്താനത്തിന് ഗംഭീര സ്വീകരണം കൊടുക്കുവാന്‍ സംസ്ഥാന കമ്മിറ്റി ആലോചിക്കുന്നുണ്ട്. ഉടന്‍ തുടങ്ങുന്ന കേരള യാത്രയോട് ബിജെപി നേതാക്കള്‍ മുഖം തിരിച്ച് നില്‍ക്കുകയാണ്. നേതാക്കള്‍ തമ്മിലുള്ള അകല്‍ച്ച മൂലം ജാഥയെ സംബന്ധിച്ച ചര്‍ച്ചകള്‍പോലും നടക്കുന്നില്ല. സമീപ കാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ബിജെപി കേരളഘടകം നേരിടുന്നത്. ബിഡിജെഎസ് ഇപ്പോള്‍ തന്നെ ബിജെപി സഖ്യം വിട്ട് നില്‍ക്കുകയാണ്. മറ്റൊരു കക്ഷിയില്‍ നിന്നും ക്ഷണം കിട്ടാത്തതുകൊണ്ടാണ് അവര്‍ പ്രതികരിക്കാതിരിക്കുന്നത്. ഇടതുപക്ഷമോഹം വെള്ളാപ്പള്ളി നടേശന്‍ പ്രകടിപ്പിക്കുന്നുണ്ട്. ആദ്യ തെരെഞ്ഞെടുപ്പില്‍ തന്നെ എട്ടുലക്ഷത്തോളം വോട്ടുപിടിച്ച് ശക്തി കാണിച്ച വെള്ളാപ്പള്ളിയെ സിപിഐ(എം) കൈവിടുവാന്‍ സാധ്യതയില്ല. മികച്ച നേതാക്കള്‍ കൂടി പാര്‍ട്ടിവിട്ടുപോയാല്‍ ബിജെപിയെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയാണ്.