സ്വന്തം സ്ഥലത്ത് മത്സരിച്ചാല്‍ കണ്ണന്താനം കൗണ്‍സിലര്‍പോലും ആകില്ല!; രാജ്യസഭാ പ്രവേശനത്തിനെതിരെ പാര്‍ട്ടിയില്‍ എതിര്‍പ്പ്

തിരുവനന്തപുരം: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ രാജസ്ഥാനില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിപ്പിക്കുന്നതിനെതിരെ പാര്‍ട്ടിയില്‍ നിന്നുതന്നെ എതിര്‍പ്പുയരുന്നു. രാജസ്ഥാനിലെ മുതിര്‍ന്ന ബി.ജെ.പി നേതാവും എം.എല്‍.എയുമായ ഘനശ്യാം തിവാരിയാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്.

വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായതിനെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് കണ്ണന്താനം പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയാണ് തിവാരിയുടെ വിമര്‍ശനം. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സ്ഥാനാര്‍ത്ഥികളെ ഇവിടെ നിന്നും മത്സരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. സ്വന്തം സംസ്ഥാനങ്ങളില്‍ മത്സരിച്ചാല്‍ ഇവര്‍ എം.എല്‍.എയോ കൗണ്‍സിലറോ പോലുമാകില്ലെന്നും അദ്ദേഹം പറഞ്ഞു. തിവാരിയുടെ പ്രസ്താവനയ്‌ക്കെതിരെ പാര്‍ട്ടിയോ കണ്ണന്താനമോ പ്രതികരിച്ചിട്ടില്ല.

കോണ്‍ഗ്രസ് മത്സരിക്കുന്നില്ല എന്നു തീരുമാനിച്ചതോടെ കണ്ണന്താനം രാജസ്ഥാനില്‍ നിന്നു രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും എന്ന് ഉറപ്പായി. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ വ്യാഴാഴ്ച കണ്ണന്താനം എതിരില്ലാതെ വിജയിച്ചതായി പ്രഖ്യാപിക്കും. 200 അംഗങ്ങളുള്ള രാജസ്ഥാന്‍ നിയമസഭയില്‍ ബിജെപിക്ക് 160 എംഎല്‍എമാരുണ്ട്. 24 അംഗങ്ങളുള്ള കോണ്‍ഗ്രസാണ് മുഖ്യ പ്രതിപക്ഷം.

Top