ജയരാജനെ ‘പൊക്കി’ സിപിഎമ്മിനെ ‘കുടുക്കാന്‍’ സംഘപരിവാര്‍, കതിരൂര്‍ മനോജ് വധക്കേസില്‍ ജില്ല സെക്രട്ടറിയുടെ അറസ്റ്റ് ഉടന്‍.

കൊച്ചി:കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്‌തേക്കും.കേസ് ഇപ്പോള്‍ അന്വേഷിക്കുന്ന സിബിഐ സംഘം മൊഴിയെടുക്കാനായി വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നതെന്നാണ് വിവരം.അടുത്ത ആഴ്ചയോടെ അറസ്റ്റ് ഉണ്ടായെക്കുമെന്ന് തന്നെയാണ് സിബിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.കേസിന്റെ മെല്ലെപ്പോക്കില്‍ സംഘപരിവാര്‍ കേരള നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിരുന്നു.കണ്ണൂരില്‍ കഴിഞ്ഞ മാസം ചേര്‍ന്ന ആര്‍എസ്എസ് ബൈട്ടകിന്റെ തീരുമാന പ്രകാരമാണ് ഇപ്പോഴത്തെ നീക്കമെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.കതിരൂര്‍ മനോജ് വധക്കേസിലെ ഗൂഡാലോചനയാണ് സിബിഐ ഇപ്പോള്‍ അന്വേഷിക്കുന്നത്.സിപിഎമ്മിന്റെ ഉന്നത നേതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്ന് സംഘപരിവാര്‍ ബൈട്ടക് ആവശ്യപ്പെട്ടിട്ടുണ്ട്.ഈ സാഹചര്യത്തില്‍ ജയരാജനെ കസ്റ്റഡിയില്‍ എടുത്താല്‍ സിപിഎം നേതാക്കള്‍ക്ക് അത് വലിയ തിരിച്ചടിയാകുമെന്ന് സംഘപരിവാര്‍ കണക്കുകൂട്ടുന്നു.

 

കോണ്‍ഗ്രസ്സിനേക്കാള്‍ ഒരുപടി മുന്നില്‍ നിന്ന് എതിര്‍ക്കേണ്ടത് സിപിഎമ്മിനെ തന്നെയാണെന്നാണ് കേരളത്തിലെ ആര്‍എസ്എസിന്റെ തീരുമാനം.സംഘടന സംവിധാനം വച്ച് കണ്ണൂരില്‍ ഉള്‍പ്പെടെ സിപിഎം സംഘത്തെ അടിച്ചമര്‍ത്തുകയാണെന്ന് ബൈട്ടക് വിലയിരുത്തിയിരുന്നു.ഇതിന്റെ എല്ലാം ബാക്കിപത്രമെന്നോണമാണ് ജയരാജനെ അറസ്റ്റ് ചെയ്യാനുള്ള നീക്കമെന്നാണ് വിലയിരുത്തുന്നത്.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേയും പ്രത്യേക നിര്‍ദ്ദേശം കഴിഞ്ഞ ദിവസം സിബിഐക്ക് ലഭിച്ചിട്ടുണ്ട്.വേണ്ട മുന്‍കരുതലുകള്‍ എടുത്ത് അടുത്ത ആഴ്ച തന്നെ അറസ്റ്റ് ഉണ്ടായേക്കും.പക്ഷേ എന്ത് തെളിവാണ് ജയരാജനെതിരായി ഉള്ളതെന്ന് ഇനിയും വ്യക്തമായിട്ടില്ല.
എന്നാല്‍ തികച്ചും രാഷ്ട്രീയ പ്രേരിതമാണ് ഇപ്പോഴത്തെ നീക്കമെന്നാണ് സിപിഎം നേതാക്കള്‍ കുറ്റപ്പെടുത്തുന്നത്.അരസ്റ്റ് പ്രതിരോധിച്ചില്ലെങ്കിലും സംഘപരിവാര്‍ അജണ്ടക്കെതിരായി ശക്തമായ പ്രതിഷേധമുയര്‍ത്താനാണ് പാര്‍ട്ടി തീരുമാനം.ഫാസിസ്റ്റ് വിരുദ്ദ നിലപാട് എടുത്തതിന്റെ ഭാഗമാണ് തങ്ങളെ സംഘം ശത്രുക്കളായി പ്രഖ്യാപിക്കുന്നതെന്ന പ്രചരണത്തിനായിരിക്കും സിപിഎം പ്രാമുഖ്യം നല്‍കുക.പുതിയ നീക്കത്തോടെ സിപിഎമ്മാണ് തങ്ങളുടെ പ്രധാന ശത്രുക്കലെന്ന് അടിവരയിടുകയാണ് കേരളത്തിലെ സംഘപരിവാര്‍ നേതൃത്വം.

Top