വിഎസിന് പ്രായമായില്ലേ, എന്തും പറയാം..രാഷ്ട്രീയ അപചയം സംഭവിച്ചെന്ന വിമര്‍ശനത്തിന് മറുപടിയുമായി കണ്ണന്താനം

തിരുവനന്തപുരം :തനിക്ക് രാഷ്ട്രീയ അപചയം സംഭവിച്ചെന്ന് വിമര്‍ശിച്ച വിഎസ് അച്ചുതാനന്ദന് മറുപടിയുമായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വിഎസിന് പ്രായമായെന്നും വിഎസിന് പ്രായമായതുകൊണ്ടാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് എന്നായിരുന്നു കണ്ണന്താനത്തിന്റെ പ്രതികരണം. എന്തും പറയാനുളള സ്വാതന്ത്ര്യമുണ്ടെന്നാണ് വിഎസ് കരുതുന്നത് ഇതൊന്നും കാര്യമാക്കേണ്ടതില്ല.കണ്ണന്താനത്തിന്റെ മന്ത്രിപദവിയില്‍ അഭിനന്ദിക്കാന്‍ ഒന്നുമില്ലെന്നും, അദ്ദേഹത്തിന് രാഷ്ട്രീയ ജീര്‍ണത സംഭവിച്ചെന്നുമായിരുന്നു വിഎസിന്റെ വിമര്‍ശനം. ഇടതുപക്ഷ സഹയാത്രികന് സംഭവിക്കാവുന്നതില്‍ ഏറ്റവും വലിയ അപചയമാണ് കണ്ണന്താനത്തിന്റെതെന്നും വിഎസ് പറഞ്ഞിരുന്നു. മന്ത്രിസ്ഥാനത്തില്‍ കണ്ണന്താനത്തെ അഭിനന്ദിച്ച മുഖ്യമന്ത്രി പിണറായിയെ തളളി കൊണ്ടായിരുന്നു വിഎസിന്റെ പ്രസ്താവന.

അതേസമയം കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിലെത്തിയ അൽഫോൺസ് കണ്ണന്താനത്തിന് നെടുമ്പാശേരി വിമാനത്താവളത്തിൽ ഉജ്ജ്വല വരവേൽപ്പ് നൽകി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലാണ് കണ്ണന്താനത്തെ സ്വീകരിച്ചത്.വിമാനത്താവളത്തിൽ നിന്ന് പുറത്തേക്കെത്തിയ കണ്ണന്താനത്തെ കുമ്മനം രാജശേഖരൻ ഷാൾ അണിയിച്ചു. മുൻ ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരൻ അടക്കമുള്ള സംസ്ഥാന നേതാക്കളും വിമാനത്താവളത്തിലെത്തിയിരുന്നു. കേന്ദ്രവും കേരളവും തമ്മിൽ അടുത്ത ബന്ധം വേണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഗ്രഹമെന്ന് അൽഫോൺസ് കണ്ണന്താനം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കേരളത്തിന്റെ വികസനകാര്യത്തിൽ മുൻഗണന നൽകും. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമുണ്ട്. ഇത് സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് സഹായകമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ബിജെപിയിൽ പ്രശ്നങ്ങളൊന്നുമില്ല. ഓണമായതിനാലാണ് സത്യപ്രതിജ്ഞ ചെയ്ത ദിവസം സംസ്ഥാനത്ത് ആഘോഷങ്ങളൊന്നുമില്ലാതിരുന്നത്. അതിലൊന്നും തനിക്ക് നിരാശയില്ലെന്നും കണ്ണന്താനം വ്യക്തമാക്കി.

അൽഫോൺസ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയതിൽ സംസ്ഥാനത്തെ ബിജെപിയ്ക്കുള്ളിൽ അസംതൃപ്തിയുണ്ടെന്ന വാർത്തകളും ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം, കൊച്ചിയിലെത്തിയ കേന്ദ്രമന്ത്രി കണ്ണന്താനത്തെ സ്വീകരിക്കാൻ എൻഡിഎയിലെ ഘടകക്ഷി നേതാക്കളെല്ലാം എത്തിയപ്പോൾ ബിഡിജെഎസ് നേതാക്കൾ എത്താതിരുന്നത് ശ്രദ്ധേയമായി. ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റും എൻഡിഎ സംസ്ഥാന കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി അടക്കമുള്ള ഒരു ബിഡിജെഎസ് നേതാക്കളും കണ്ണന്താനത്തെ സ്വീകരിക്കാനെത്തിയില്ല. കൊച്ചിയിൽ നിന്നും മൂവാറ്റപുഴയിലെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കാനാണ് അൽഫോൺസ് കണ്ണന്താനം പോയത്. അതിനുശേഷം, കോട്ടയത്തെയും, കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിലെയും സ്വീകരണ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.

Top