ഗീതാ ഗോപിനാഥിനെ പിണറായി സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത് ശരിയായില്ലെന്ന് വിഎസ്

THSRN_VS

തിരുവനന്തപുരം: സാമ്പത്തിക ഉപദേഷ്ടാവായി ഹാര്‍വാഡ് സര്‍വകലാശാല പ്രൊഫസര്‍ ഗീതാ ഗോപിനാഥിനെ പിണറായി നിയമിച്ചത് ശരിയായ നടപടിയെന്ന് പ്രമുഖര്‍ പറയുമ്പോള്‍ വിഎസ് ഇതിനെതിരാണ്. നിയമനത്തെ ചോദ്യം ചെയ്താണ് വിഎസ് രംഗത്തെത്തിയത്.

വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വിഎസ് സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കത്തുനല്‍കി. ഗീതാ ഗോപിനാഥിന്റെ നിലപാടുകള്‍ പാര്‍ട്ടിയുടെ നയങ്ങള്‍ക്കെതിരാണെന്ന് കത്തില്‍ വിഎസ് ചൂണ്ടിക്കാട്ടുന്നു. ഗീതാ ഗോപിനാഥിന്റെ നിയമനം പാര്‍ട്ടി തീരുമാനമാണെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവകാശപ്പെടുമ്പോഴാണ് ഇതിനെതിരെ കേന്ദ്ര നേതൃത്വത്തിന് വിഎസ് കത്തയക്കുന്നത്.

ഗീതാ ഗോപിനാഥിന്റെ നിയമനം പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും കത്തില്‍ വിഎസ് പറയുന്നുണ്ട്. സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിക്കാണ് വിഎസ് കത്തയച്ചത്. തീവ്ര വലതുപക്ഷ ചിന്താഗതിയുള്ളയാളെ ഇടതു സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത് ശരിയായില്ല. ഇത്തരം നിയമനങ്ങള്‍ നടക്കുമ്പോള്‍ കേന്ദ്ര നേതൃത്വം നോക്കിനില്‍ക്കുകയാണോ എന്നും വിഎസ് ചോദിക്കുന്നു.

southlive

ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിക്കാന്‍ തീരുമാനിച്ചത് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആണെന്ന് കോടിയേരി പറഞ്ഞിരുന്നു. ആര് എന്തുപദേശിച്ചാലും എല്‍.ഡി.എഫ് നിയമമനുസരിച്ചേ പ്രവര്‍ത്തിക്കൂ. നിയമോപദേശക പദവി അവര്‍ക്ക് നല്‍കിയത് ആദരവിന് വേണ്ടിയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാറും സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിച്ചിരുന്നു. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ ചില വകുപ്പുകളില്‍ ഉദേഷ്ടാവിനെ നിയമിച്ചിരുന്നതായും കോടിയേരി പറഞ്ഞിരുന്നു.

ഹാര്‍വാഡ് സര്‍വകലാശാല സാമ്പത്തികശാസ്ത്ര വിഭാഗം വകുപ്പ് മേധാവി ഗീതാ ഗോപിനാഥിനെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത്. മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍ 1990കളില്‍ രാജ്യത്ത് നടപ്പാക്കിയ ആഗോളവല്‍ക്കരണ നയങ്ങളെ പിന്തുണക്കുന്നയാളാണ് ഗീത ഗോപിനാഥ്. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ പിന്തുണക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന ഇവരുടെ അഭിമുഖങ്ങളും പ്രസ്താവനകളും മാധ്യമങ്ങളില്‍ നേരത്തെ വന്നിട്ടുണ്ട്. ആഗോള വല്‍ക്കരണത്തെയും നവ ഉദാരീകരണത്തെയും ശക്തമായി എതിര്‍ക്കുന്ന സിപിഐഎമ്മിന്റെ മുഖ്യമന്ത്രി നവ ലിബറലിസത്തിന്റെ വക്താവായ ഒരാളെ സാമ്പത്തിക ഉപദേഷ്ടാവായി വെച്ചതിലെ ഔചിത്യമാണ് ചോദ്യംചെയ്യപ്പെടുന്നത്.

അതേസമയം സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്. ലോകത്തെ തന്നെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധരില്‍ ഒരാളാണ് ഗീത ഗോപിനാഥ്. ലോക സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട് അവരുടെ അഭിപ്രായം ആരായുന്നതില്‍ എന്താണ് തെറ്റ്. സര്‍ക്കാര്‍ നിലപാട് വ്യക്തമായതിനാല്‍ ഒരു തരത്തിലുള്ള ആശങ്കക്കും വകയില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

Top