പുതിയ സര്‍ക്കാരിന് ഞങ്ങളുടെ സേവനം ആവശ്യമില്ലെങ്കില്‍ മാന്യമായി പറയാമെന്ന് അഞ്ജു ബോബി ജോര്‍ജ്

anju-bobby-george

തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറിനില്‍ക്കണമെന്നാവശ്യപ്പെട്ടതിനാണ് അഞ്ജു ബോബി ജോര്‍ജ് ഇത്തരത്തില്‍ പ്രതികരിച്ചതെന്നുള്ള വാര്‍ത്ത വന്നതിനു പിന്നാലെ അഞ്ജു തന്നെ പ്രതികരിക്കുന്നു. ഒരിക്കലും സ്ഥാനങ്ങള്‍ക്കോ അവാര്‍ഡിന് വേണ്ടിയോ ഞങ്ങള്‍ പോയിട്ടില്ല. തന്നെ സ്ഥാനത്തു നിന്ന് മാറ്റണമെങ്കില്‍ അത് മാന്യമായി പറയാമെന്നും അഞ്ജു പറയുന്നു.

ഞങ്ങള്‍ക്ക് പകരം വേറെ ആളുകളെ കൊണ്ടുവരുന്നതില്‍ സന്തോഷമേ ഉള്ളെന്നും മാറാന്‍ തങ്ങള്‍ തയ്യാറാണെന്നും അഞ്ജു പറഞ്ഞു. എല്ലാം ഞങ്ങള്‍ക്ക് അംഗീകാരമായി ഇങ്ങോട്ട് കിട്ടിയതാണ്. പുതിയ ഭരണത്തില്‍ ഞങ്ങളുടെ സേവനം വേണ്ട എങ്കില്‍ അത് തുറന്ന് പറയാമെന്നും അഞ്ജു പറഞ്ഞു. സംസ്ഥാന കായിക മന്ത്രി ഇ പി ജയരാജനെ സന്ദര്‍ശിക്കവെ അദ്ദേഹത്തില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തോട് പ്രതികരിക്കുകയായിരുന്നു അഞ്ജു.

കേരളാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ പ്രസിഡന്റ് എന്ന നിലയില്‍ വൈസ് പ്രസിഡന്റിനൊപ്പം സംസ്ഥാനത്തിന്റെ പുതിയ കായികമന്ത്രിയെ ഔദ്യോഗികമായി കാണാന്‍ പോയതാണെന്ന് അഞ്ജു പറഞ്ഞു. സംസ്ഥാനത്തിന്റെ കായിക രംഗത്തിന് വേണ്ടി എന്തൊക്കെയാണ് ചെയ്തത്, ഇനി എന്താണ് ഭാവിയില്‍ ചെയ്യാന്‍ പറ്റുന്നത് എന്നൊക്കെയുള്ള ചോദ്യങ്ങളാണ് മന്ത്രിയില്‍ നിന്നും പ്രതീക്ഷിച്ചത്.

എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. ഞങ്ങളെ കണ്ടപ്പോള്‍ പൊട്ടിത്തെറിക്കുകയാണ് അദ്ദേഹം ചെയ്തത്. നിങ്ങളൊക്കെ കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ച വ്യക്തികളാണ്, നിങ്ങള്‍ ചെയ്തതെല്ലാം തെറ്റാണ്, നിങ്ങള്‍ ചെയ്യുന്നതെല്ലാം പാര്‍ട്ടി വിരുദ്ധമാണ്, കൗണ്‍സിലില്‍ ഒറ്റ കായികതാരം പോലുമില്ല, എല്ലാവരും പാര്‍ട്ടിയുടെ ആള്‍ക്കാരാണ്. കൗണ്‍സില്‍ പ്രസിഡന്റ് എങ്ങനെയാണ് വിമാനയാത്രാക്കൂലി നേടിയെടുക്കുന്നത്. ആരോട് ചോദിച്ചിട്ടാണ് അതൊക്കെ ചെയ്യുന്നത്. ഇതെല്ലാം ഞാന്‍ നിര്‍ത്തലാക്കും ഇങ്ങനെയായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

കാര്യങ്ങള്‍ മന്ത്രിയോട് വിശദമാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് അഞ്ജു പറഞ്ഞു. മന്ത്രിക്ക് മനസിലാകാഞ്ഞതാണോ അതോ മനസിലാക്കാന്‍ ശ്രമിക്കാഞ്ഞതാണോ എന്ന് വ്യക്തമല്ല. എന്റെ അപേക്ഷയുടെ പുറത്ത് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡര്‍ അനുസരുച്ചാണ് വിമാനയാത്രക്കൂലി കൈപ്പറ്റുന്നതെന്നും അല്ലാതെ അത് അഴിമതിയോ വെട്ടിക്കലോ അല്ലെന്നും മന്ത്രിയെ അറിയിച്ചു. കൗണ്‍സില്‍ നടത്തിയ സ്ഥലം മാറ്റങ്ങളും നിയമനങ്ങളും നിയമപരമാണെന്ന് മന്ത്രിയെ ധരിപ്പിച്ചു. പരിശീലകരുടെ സ്ഥലം മാറ്റം പലരീതിയിലാണ് നടത്തുന്നത്.

ചില സ്ഥലങ്ങളില്‍ ചില പ്രത്യേക കായിക ഇനത്തിന് പരിശീലകര്‍ ഇല്ലാതെ വരുന്ന സാഹചര്യങ്ങളില്‍ മറ്റ് സ്ഥലങ്ങളില്‍ നിന്ന് നിയമിക്കാറുണ്ട്. ചില പരിശീകര്‍ സ്വന്തം നാട്ടില്‍ത്തന്നെ വര്‍ഷങ്ങളായി ജോലി ചെയ്യാതെ തുടരുമ്പോള്‍ അവരെ സ്ഥലം മാറ്റാറുണ്ട്. ഇതൊന്നും കൈക്കൂലി വാങ്ങിയോ പാര്‍ട്ടി ഏതെന്നതിന്റെ അടിസ്ഥാനത്തിലോ അല്ല നടത്തുന്നത്. ഇതൊക്കെ സ്പോര്‍ട്സിനെ കുറിച്ച് അറിയുന്നവര്‍ക്ക് മനസിലാകും. അഞ്ജു പ്രതികരിച്ചു.

Top