കോട്ടയം:കെവിനു കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഭാര്യ നീനുവും ബന്ധുക്കളുമടക്കം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറയിൽ കെവിൻ പി. ജോസഫി(23)ന്‍റെ മൃതദേഹം സംസ്കരിച്ചു. വൈകിട്ട് അഞ്ചോടെ കോട്ടയം നല്ലിടയൻ ദേവാലയത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്.പ്രിയപ്പെട്ടവള്‍ക്കും ഉറ്റവര്‍ക്കും ഇനി കെവിന്‍ ഒരു നോമ്പരപ്പെടുത്തുന്ന ഓര്‍മ്മ മാത്രമാണ് . മൃതദേഹം പൊതുദര്‍ശനത്തിനു വച്ച എസ് എച്ച് മൗണ്ടിലെ വാടക വീട്ടിലേയ്ക്കു മഴയും ഹര്‍ത്താലും അവഗണിച്ചു നാടിന്റെ നാനഭാഗങ്ങളില്‍ നിന്ന് ജനങ്ങള്‍ ഒഴുകിയെത്തി. കെവിനെ ഒരു നോക്കു കാണാന്‍ എത്തിയവരുടെ മനസില്‍ നൊമ്പരമായി നീനുവിന്റെ ഹൃദയംപൊട്ടിയുള്ള കരച്ചില്‍.രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖരടക്കം നിരവധി പേരാണ് മാന്നാനത്തെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിനുവച്ചപ്പോൾ കാണാനായി എത്തിയത്.
നാടാകെ മാന്നാനത്തേക്ക് മഴയെപ്പോലും വകവയ്ക്കാതെ ഒഴികിയെത്തി.സങ്കടക്കടലിനു നടുവിലേക്കാണു മൃതദേഹവും വഹിച്ചു കൊണ്ടുള്ള ആംബുലന്‍സ് എത്തിയത്. ഭവനത്തിലേക്കു മൃതദേഹവുമായി പോകുമ്പോള്‍ തിങ്ങിനിറഞ്ഞ ജനസമൂഹത്തിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ കെവിനെ തട്ടിക്കൊണ്ടുപോയ നിമിഷം മുതല്‍ നിറമിഴികളോടെ പ്രാര്‍ഥനയുമായി കഴിഞ്ഞിരുന്ന ഭാര്യ നീനുവിന്റെ സര്‍വനിയന്ത്രണവും കെവിന്റെ മൃതദേഹം കണ്ടതോടെ ഇല്ലാതായി. അലമുറയിട്ടു കരഞ്ഞ നീനുവിനെ ആശ്വസിപ്പിക്കാന്‍ വാക്കുകില്ലാതെ ബന്ധുക്കളും നാട്ടുകാരും വലഞ്ഞു. രാവിലെ പതിനൊന്നോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളജിൽ നിന്നും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തിരുന്നു. തുടർന്ന് ആംബുലൻസിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
മൃതദേഹം വീട്ടിലെത്തിച്ചതോടെ ഹൃദയഭേദക രംഗത്തിനാണ് ഏവരും സാക്ഷ്യം വഹിക്കേണ്ടി വന്നത്. ഭാര്യ നീനയെ സമാധാനിപ്പിക്കാൻ ആർക്കും സാധിച്ചില്ല. കെവിന്‍റെ അമ്മയും സഹോദരിയും ബന്ധുക്കളും അലമുറയിട്ട് കരഞ്ഞത് ഏവരെയും ദുഃഖത്തിലാഴ്ത്തി. പിതാവ് ജോസഫ് മകന്റെ വേര്‍പാട് ഉള്ളിലൊതുക്കി ദു:ഖം കടിച്ചമര്‍ത്തിയപ്പോള്‍ മാതാവ് ഓമനയും സഹോദരിയും കൃപയും വിങ്ങിപ്പൊട്ടി. മൃതദേഹം പൊതുദര്‍ശനത്തിനു വച്ച 11.15 മുതല്‍ സംസ്‌കാര ശുശ്രൂഷകള്‍ക്കായി പള്ളിയിലേക്കു കൊണ്ടുപോയ 2.35 വരെ അണമുറിയാതെ ആയിരങ്ങളാണ് ഇവിടെയെത്തിയത്. ഉച്ചകഴിഞ്ഞു രണ്ടോടെ വസതിയില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചു. വസതിയിലെ ശുശ്രൂഷകള്‍ക്കു ശേഷം 2.35നു മൃതദേഹം കെവിന്റെ ഇടവക ദേവാലയമായ എസ്.എച്ച്. മൗണ്ട് കുന്നുംഭാഗം മൗണ്ട് കാര്‍മല്‍ പള്ളിയില്‍ എത്തിച്ചു.
വൈകിട്ട് മൂന്നരയ്ക്കു സംസ്‌കാരം നടത്താനായിരുന്നു തീരുമാനമെങ്കിലും ജനത്തിരക്ക് വര്‍ധിച്ചതോടെ സംസ്‌കാരം 4.50നാണു നടന്നത്. നല്ലിടയന്‍ പള്ളിയിലെത്തിച്ചപ്പോള്‍, പെട്ടെന്ന് സംസ്‌കാരം നടത്താന്‍ ശ്രമിച്ചതു പ്രതിഷേധത്തിനു കാരണമായിരുന്നു. തുടര്‍ന്നു മുഴുവനാളുകള്‍ക്കും അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയ ശേഷമാണു സംസ്‌കാരം നടന്നത്.വിജയപുരം രൂപതാധ്യക്ഷന്‍ ഡോ. സെബാസ്റ്റ്യന്‍ തെക്കേത്തെച്ചേരി, പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവരുടെ നേതൃത്വത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം മൃതദേഹം കോട്ടയം നല്ലിടയന്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.