കോട്ടയം: കെവിന്റേത് മുങ്ങിമരണം തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. മെഡിക്കല്‍ ബോര്‍ഡിന്റെ പ്രാഥമിക വിലയിരുത്തലിലാണ് ഇതുള്ളത്. റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡ് ഐജിക്ക് സമര്‍പ്പിച്ചു. അതേസമയം അന്തിമ നിഗമനത്തിന് മുമ്പ് തെന്മലയില്‍ പരിശോധന നടത്തും. കെവിന്റെ ശരീരത്തിൽ 16 മുറിവുകളും ക്ഷതങ്ങളും ഏറ്റിട്ടുണ്ടെന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.
ഈ ക്ഷതങ്ങളും മുറിവുകളും ഉണ്ടാകാനുള്ള സാഹചര്യം കെവിന്റെ മൃതദേഹം കണ്ടെത്തിയ തെന്മല ചാലിയക്കര പുഴയിലും പരിസര പ്രദേശങ്ങളിലുമുണ്ടോയെന്നു കണ്ടെത്തുകയാണ് സ്ഥലപരിശോധനയുടെ ഉദ്ദേശ്യം. തട്ടിക്കൊണ്ടുപോയ ഗുണ്ടാ സംഘത്തിൽനിന്നു രക്ഷപ്പെടാൻ ഓടിയ കെവിൻ മേയ് 27നു രാവിലെ തെന്മല ചാലിയക്കരയിൽ പുഴയിൽ മുങ്ങിമരിച്ചുവെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തലും പോസ്റ്റ്മോർട്ടത്തിലെ സൂചനയും.
എന്നാൽ രക്ഷപ്പെടാനുള്ള ഇരുട്ടിലൂടെയുള്ള ഓട്ടത്തിൽ പുഴയിൽ ചാടിയ കെവിൻ മരിച്ചതാണോ അതോ ഗുണ്ടാ സംഘത്തിന്റെ അടിയേറ്റ് അബോധാവസ്ഥയിലായ കെവിനെ മരിച്ചുവെന്നു കരുതി പുഴയിൽ തള്ളിയതാണോ എന്നും സംശയമുണ്ട്. ഈ സംശയങ്ങൾ തീർക്കുന്നതിനാണ് അന്വേഷണ സംഘം മെഡിക്കൽ ബോർഡിന്റെ നേതൃത്വത്തിൽ വിലയിരുത്തൽ നടത്തിയത്. തെന്മല സ്വദേശി നീനു ചാക്കോയുമായുള്ള പ്രണയവിവാഹത്തിന്റെ പേരിൽ നീനുവിന്റെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയ നട്ടാശേരി സ്വദേശി കെവിന്റെ മൃതദേഹമാണ് ചാലിയക്കരയിൽ പുഴയിൽ കണ്ടെത്തിയത്.
അതിനിടെ കേസിലെ പ്രതി ഷാനു ചാക്കോയുടെ പക്കൽനിന്നു പൊലീസ് പട്രോളിങ്ങിനിടെ കൈക്കൂലി വാങ്ങിയെന്ന കേസിൽപെട്ട പൊലീസുകാരുടെ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. എഎസ്ഐ ടി.എം. ബിജു, പൊലീസ് ഡ്രൈവർ എം.എൻ. അജയകുമാർ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം. മജിസ്ട്രേട്ട് കോടതി കേസ് ഡയറിപോലും പരിശോധിച്ചില്ലെന്നും ജാമ്യം നൽകാൻ അപ്രസക്തമായ കാര്യങ്ങളാണു പരിഗണിച്ചതെന്നും സർക്കാർ ആരോപിച്ചു. പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട കേസിന്റെ ഗൗരവം മാനിക്കേണ്ടതായിരുന്നു. ജാമ്യം അന്വേഷണ ഏജൻസിക്കു പ്രതികൂലമായി. കേസന്വേഷണം നടക്കുകയാണ്.