കോട്ടയം: കെവിന്‍ വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് അറസ്റ്റിലായ രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം. മുഖ്യപ്രതികളായ നീനുവിന്റെ കുടുംബത്തിന് സഹായം ചെയ്തു കൊടുക്കുകയും കൈക്കൂലി വാങ്ങുകയും ചെയ്ത എഎസ്‌ഐ ടിഎം ബിജു, സിവില്‍ പോലീസ് ഓഫീസര്‍ അജയകുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യലിന് കൈവശം വേണമെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യം തള്ളിയാണ് ജാമ്യം അനുവദിച്ചത്.
കെവിന്‍ വധക്കേസില്‍ ഏറ്റവും വിവാദമായ ഒന്നാണ് ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷന്‍. ഇവിടുത്തെ ഉദ്യോഗസ്ഥര്‍ സമ്പന്നരായ പ്രതികള്‍ക്കൊപ്പം നിലകൊണ്ടതാണ് കെവിന്റെ മരണത്തിന് കാരണമായത്. പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ഒന്നിച്ചു ജീവിക്കാന്‍ നിയമം അനുവദിക്കുമ്പോഴും നീനുവിനെ പ്രതികള്‍ക്കൊപ്പം ഭീഷണിപ്പെടുത്തി പറഞ്ഞു വിടാനാണ് പോലീസ് ശ്രമിച്ചത്.