കോട്ടയം :കേരളത്തെ നടുക്കിയ ദുരഭിമാന കൊലയിൽ രണ്ട് പോലീസുകാർ കസ്റ്റഡിയിൽ. എഎസ്ഐ ബിജുവിനേയും ജീപ്പ് ഡ്രൈവറെയുമാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവർ പ്രതികളെ സഹായിച്ചുവെന്നും ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും ഐജി വിജയ് സാഖറെ അറിയിച്ചു. കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയ്ക്ക് ഇവർ സഹായം നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും ഐ.ജി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. പൊലീസുകാർ കൈക്കൂലി വാങ്ങിയത് അടക്കമുള്ള ആരോപണങ്ങൾ അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷാനു ചാക്കോ അടക്കമുള്ള ആറ് പ്രതികൾക്കെതിരെ കൊലക്കുറ്റം, ഗൂഢാലോചന, തട്ടിക്കൊണ്ടു പോകൽ എന്നീ വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്. എ.എസ്.ഐയുടെ വീഴ്ച സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും. കേസ് ഒതുക്കി തീർക്കാൻ എ.എസ്.ഐയെ ഷാനു നിരവധി തവണ വിളിച്ചു. പ്രതികൾ തട്ടിക്കൊണ്ടു പോയ അനീഷ് കാറിൽ നിന്ന് രക്ഷപ്പെട്ടതാണെന്നാണ് സൂചന. അത്തരത്തിലാണ് അനീഷ് നൽകിയ മൊഴിയും. കേസിന്റെ അന്വേഷണം അവസാനഘട്ടത്തിലാണ്. തെളിവുകൾ ശേഖരിച്ച ശേഷം വിശദമായി കാര്യങ്ങൾ വെളിപ്പെടുത്താമെന്നും വിജയ് സാഖറെ പറഞ്ഞു. ഷാനുവും പിതാവ് ചാക്കോ ജോണുമടക്കം കേസിൽ ഇപ്പോൾ 14 പ്രതികളാണുള്ളത്. പ്രതികളുടെ എണ്ണം ചിലപ്പോൾ കൂടിയേക്കാമെന്നും ഐ.ജി സൂചിപ്പിച്ചു.
എഎസ്ഐ ബിജുവിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. കേസ് അന്വേഷണം അട്ടിമറിച്ചത് ബിജുവാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. രാത്രിയിൽ ബിജുവിനൊപ്പം പട്രോളിംഗിനുണ്ടായിരുന്ന പോലീസ് ജീപ്പ് ഡ്രൈവറെയും സസ്പെൻഡ് ചെയ്തിരുന്നു.
ഷാനുവിനെ ശനിയാഴ്ച രാത്രിയിൽ പട്രോളിംഗിനിടെ എഎസ്ഐ പിടികൂടിയിരുന്നു. ദുരൂഹ സാഹചര്യത്തിൽ കാറിൽ ചെറുപ്പക്കാരെ കണ്ടതിനെ തുടർന്നാണ് പിടികൂടിയത്. ഇവരെ ഒന്നര മണിക്കൂറോളം ബിജു തടഞ്ഞുവച്ചതിനു ശേഷം വിട്ടയച്ചു. കൈക്കൂലി വാങ്ങിയാണ് ഷാനുവിനെയും സംഘത്തെയും വിട്ടയച്ചതെന്നാണ് വിവരം. സംഭവം ഉന്നത ഉദ്യോഗസ്ഥരെ ബിജു അറിയിക്കുകയും ചെയ്തില്ല. ഇതോടെയാണ് എഎസ്ഐയും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നത്