കോട്ടയം: കൊല്ലപ്പെട്ട കെവിനും നീനുവും വിവാഹിതരായിരുന്നില്ല എന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. പ്രണയത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കെവിനും നീനുവും തമ്മിലുള്ള ബന്ധത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍ ആണിപ്പോൾ പുറത്ത് വന്നിരിക്കുന്നത് . ഇരുവരും തമ്മില്‍ വിവാഹം കഴിച്ചിരുന്നില്ലെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. സാധാരണയായി രജിസ്റ്റര്‍ വിവാഹം കഴിക്കുമ്പോള്‍ നിരവധി ചട്ടങ്ങലും നിര്‍ദേശങ്ങളും പാലിക്കേണ്ടതുണ്ട്. എന്നാല്‍ അതൊന്നും കെവിന്റേയും നീനുവിന്റെയും കാര്യത്തില്‍ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതായത് ഇരുവരും തമ്മില്‍ വിവാഹം കഴിച്ചിരുന്നില്ല. ഒരുദിവസം കൊണ്ട് നടക്കുന്ന കാര്യമല്ല രജിസ്റ്റര്‍ വിവാഹം. ഇതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുക മാത്രമാണ് ഇവര്‍ ചെയ്തത്. രേഖകളുടെ പകര്‍പ്പുകള്‍ സമര്‍പ്പിക്കുകയോ സബ് രജിസ്ട്രാര്‍ക്ക് മുന്നിലെത്തി ഫോട്ടോയില്‍ സാക്ഷ്യപ്പെടുത്തുകയോ പണമടയ്ക്കുകയോ ചെയ്തിട്ടില്ല.
നീനുവിന് മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോഴാണ് ഇരുവരും രജിസ്റ്റര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. ഇരുവരും മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നെന്നും തുടര്‍ന്ന് പരീക്ഷാ ഫലം നോക്കാനെന്ന് പറഞ്ഞ് ഇറങ്ങിയ നീനുവും കെവിനും രജിസ്റ്റര്‍ വിവാഹം കഴിക്കുകയായിരുന്നുവെന്നായിരുന്നു പറഞ്ഞിരുന്നത്. നീനു ഇത് സ്വന്തം വീട്ടുകാരെ അറിയിച്ചപ്പോള്‍ അവര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലും ഇതേ നിലപാടായിരുന്നു നീനു സ്വീകരിച്ചത്.
മറ്റൊരു വിവാഹം നീനുവിന് തീരുമാനിച്ചതറിഞ്ഞ് മാന്നാനത്ത് കെവിനെ കാണാന്‍ നീനുവെത്തിയിരുന്നു. തുടര്‍ന്ന് ഇക്കാര്യം തീരുമാനിക്കുകയും മെയ് 25ന് അപേക്ഷ സമര്‍പ്പിക്കുകയുമായിരുന്നു. എന്നാല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കിയാലും ഫീസ് അടയ്ക്കുകയും പിന്നീട് ഫോട്ടോയില്‍ ഒപ്പിടുകയും അതോടൊപ്പം യഥാര്‍ത്ഥ രേഖകളുടെ പകര്‍പ്പുമായി സബ് രജിസ്ട്രാര്‍ക്ക് മുന്നിലെത്തുകയും വേണം. ഇതിന് ശേഷം ഒരു മാസത്തേക്ക് സബ് രജിസ്ട്രാര്‍ ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ ഇത് പ്രദര്‍ശിപ്പിക്കും. പിന്നീട് വീണ്ടുമെത്തി സാക്ഷികളുടെ സാന്നിധ്യത്തില്‍ രേഖകളില്‍ ഒപ്പിട്ടാല്‍ മാത്രമേ വിവാഹത്തിന് നിയമപരമായി നിലനില്‍പ്പുള്ളൂ.
ഈ പറഞ്ഞ നടപടി ക്രമങ്ങളൊന്നും ഇരുവരുടെയും കാര്യത്തില്‍ നടന്നിട്ടില്ല. അതുകൊണ്ട് നിയമപരമായിട്ട് വിവാഹം നടന്നു എന്ന് പറയാന്‍ സാധിക്കില്ല. പക്ഷേ ഇവിടെ പെണ്‍കുട്ടിയുടെ സ്മ്മതമാണ് നിര്‍ണായക ഘടകമായത്. അതേസമയം ബിരുദ പഠനത്തിനായി എത്തിയപ്പോഴാണ് നീനു കെവിനെ പരിചയപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. അതേസമയം കെവിന്റെ കൊല്ലിച്ചത് തന്റെ വീട്ടുകാരാണെന്നും ഒരിക്കലും അവിടേക്ക് തിരിച്ച് പോകില്ലെന്നും നീനു പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ പൊട്ടിക്കരയുകയായിരുന്നു കുടുംബം. മൃതദേഹം വച്ചിരിക്കുന്ന പെട്ടിക്ക് മുകളിലേക്ക് വീണുകിടന്നാണ് കെവിന്റെ ഭാര്യ നീനുവും മാതാപിതാക്കളും സഹോദരിയും നിലവിളിച്ചത്. അതേസമയം നിരവധി പേരാണ് കെവിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ വീട്ടിലേക്ക് എത്തുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നതിനിടയില്‍ കോട്ടയം മെഡിക്കല്‍ കോളേജിന്റെ മുന്നില്‍ വലിയ പ്രതിഷേധവുമുണ്ടായി. രാഷ്ട്രീയ പാര്‍ട്ടികളുടെയും ദളിത് സംഘടനകളുടെയും പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്. ഇവരെ പിരിച്ച് വിടാന്‍ പോലീസിന് ലാത്തിച്ചാര്‍ജ് നടത്തേണ്ടി വന്നു.
കഴിഞ്ഞ ദിവസമാണ് പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ വീടാക്രമിച്ച് കെവിനെ തട്ടിക്കൊണ്ടുപോയതും തുടര്‍ന്ന് ഇയാള്‍ കൊല്ലപ്പെടുന്നതും. സംഭവത്തില്‍ കെവിന്റെ ഭാര്യയായ നീനുവിന്റെ സഹോദരനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നവരും പ്രതിസ്ഥാനത്താണ്. അതേസമയം നീനുവിനെതിരെ വലിയ രീതിയില്‍ അസഭ്യപരാമര്‍ശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഇതില്‍ ജാതീയമായ പരാമര്‍ശങ്ങള്‍ പോലുമുണ്ട്. കേസില്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും കുരുക്കിലായിട്ടുണ്ട്. കെവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി വീട്ടിലെത്തിയിട്ടുണ്ട്. വികാരനിര്‍ഭരമായ നിമിഷങ്ങളാണ് കെവിന്റെ വീട്ടില്‍ അരങ്ങേറിയത്
അതേസമയം കെവിൻ കൊലപാതക കേസിൽ കെവിന്‍ കൊലപാതകത്തിലെ മുഖ്യപ്രതികള്‍ അറസ്റ്റിൽ നീനുവിന്റെ സഹോദരനായ ഒന്നാം പ്രതി ഷാനു ചാക്കോ അഞ്ചാം പ്രതി പിതാവ് ചാക്കോ ജോണ്‍ എന്നിവരാണ് കണ്ണൂരില്‍ നിന്ന് പിടിയിലായത്. ഇവരെ കോട്ടയത്തേക്ക് കൊണ്ടുവരുന്നു. കോട്ടയത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇവരെ പോലീസ് കണ്ണൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് തന്നെ കോട്ടയത്തേക്ക് കൊണ്ടുവരും. ഇരുവരും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചതിന് പിന്നാലെയായിരുന്നു പോലീസ് അറസ്റ്റ്.
കണ്ണൂരിലെ ഇരിട്ടിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാൻ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടശേഷം ഇരുവരും കണ്ണൂർ വഴി ബംഗളൂരുവിലേക്ക് കടക്കാനായിരുന്നു പദ്ധതി. ഇരിട്ടിയിൽ നിന്നും ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയാണ് അറസ്റ്റുണ്ടായത്. ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.കെവിനെ കോട്ടയം മാങ്ങാനത്തെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയത് ഷാനുവിന്‍റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഞായറാഴ്ച പുലർച്ചെ തട്ടിക്കൊണ്ടുപോയ കെവിന്‍റെ മൃതദേഹം തിങ്കളാഴ്ച രാവിലെ പുനലൂരിന് സമീപം ചാലിയക്കര തോട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു.എങ്ങനെയാണ് കെവിൻ മരിച്ചതെന്ന് ഉൾപ്പടെയുള്ള നിർണായക വിവരങ്ങൾ പോലീസിന് ലഭിക്കാൻ മുഖ്യപ്രതികളുടെ അറസ്റ്റ് സഹായകമാകും. കോട്ടയത്ത് എത്തിച്ചിട്ടാവും പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുക.