കെവിന്റെ സംസ്കാരം ചൊവ്വാഴ്ച.രണ്ട് പേർ കൂടി അറസ്റ്റിൽ.പ്രതികളെ പിടികൂടാന്‍ വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം; രണ്ടു പേരെ ഡിവൈഎഫ്‌ഐ പുറത്താക്കി

കോട്ടയം: കോട്ടയത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിന് തട്ടിക്കൊണ്ട് പോയി കൊന്ന കെവിൻ പി.ജോസഫിന്റെ മൃതസംസ്കാരം ചൊവ്വാഴ്ച നടക്കും. കെവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികള്‍ വിദേശത്തേക്ക് കടക്കാതിരിക്കാന്‍ പൊലീസ് നടപടി തുടങ്ങി. എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മുഖ്യപ്രതി ഷാനു കുവൈത്തില്‍ നിന്നെത്തിയത് ശനിയാഴ്ചയാണ്. ഇയാള്‍ വീണ്ടും വിദേശത്തേക്ക് കടക്കാതിരിക്കാനാണ് പൊലീസ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

അതിനിടെ  കെവിൻ പി. ജോസഫിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികൾ തമിഴ്നാട്ടിൽ അറസ്റ്റിൽ. കെവിനെ തട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയും ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ രണ്ടു പേരാണ് തിരുനൽവേലിയിൽ അറസ്റ്റിലായത്. ഇടമൺ നിഷാന മൻസിലിൽ നിയാസ് (23), റിയാസ് മൻസിലിൽ റിയാസ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ ഇടമൺ -34 യൂണിറ്റ് സെക്രട്ടറിയാണ് നിയാസ്.

കെവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറുകളിൽ ഒന്ന് ഓടിച്ചത് നിയാസാണെന്നു സൂചന. എന്നാൽ സംഭവത്തിൽ ഇടപെട്ടതിനെത്തുടർന്ന് ഇയാളെ സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു രാവിലെ പുറത്താക്കിയിരുന്നു. ഇരുവരെയും അൽപസമയത്തിനു ശേഷം പുനലൂർ പൊലീസ് സ്റ്റേഷനിലെത്തിക്കും.കേസിൽ നീനുവിന്റെ സഹോദരൻ ഷാനു ഉൾപ്പെടെ 10 പേരാണു പ്രതികളായുള്ളത്. ഇഷാൻ എന്നയാളാണു നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.

അതേസമയം, കെവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കോട്ടയം ജില്ലയിൽ നാളെ യുഡിഎഫും ബിജെപിയും ഹർത്താൽ പ്രഖ്യാപിച്ചു. കേരള കോൺഗ്രസ് എമ്മും ഹർത്താലിനെ പിന്തുണയ്ക്കുന്നുണ്ട്. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. മരിച്ച കെവിന്റെ ബന്ധുക്കൾ ഗാന്ധിനഗർ സ്റ്റേഷൻ ഉപരോധിച്ചു. പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി.

കെവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ കൈക്കൂലി വാങ്ങി അന്വേഷണം വൈകിപ്പിച്ച പൊലീസുകാരുടേത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നു മുന്‍ ആഭ്യന്തരമന്ത്രികൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം എന്നും തിരുവഞ്ചൂര്‍ പറഞ്ഞു. പൊലീസ് സ്റ്റേഷനു മുന്നില്‍ രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കുത്തിയിരിപ്പു സമരം നടത്തി.

കെവിന്റെ മരണം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്നു ബിജെപി നേതാവ് എം.ടി. രമേശും ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാനം തകർന്നതിന്റെ തെളിവാണ് കോട്ടയത്ത്‌ യുവാവിന്റെ കൊലപാതകത്തിലേക്കു നയിച്ചതെന്നു ചെങ്ങന്നൂരിലെ യുഡിഎഫ്‌ സ്ഥാനാർത്ഥി ഡി. വിജയകുമാർ പറഞ്ഞു.

ഞായറാഴ്ച പുലർച്ചെയാണ് പത്തംഗ സായുധസംഘം വീടാക്രമിച്ചു കെവിനെ തട്ടിക്കൊണ്ടുപോയത്. ഒപ്പം കൊണ്ടുപോയ ബന്ധു, മാന്നാനം കളമ്പുകാട്ടുചിറ അനീഷിനെ (30) മർദിച്ച് അവശനാക്കിയശേഷം വഴിയിൽ ഉപേക്ഷിച്ച സംഘം കെവിനുമായി കടക്കുകയായിരുന്നു. അതിനിടെ, കെവിൻ പത്തനാപുരത്തുവച്ചു കാറിൽനിന്നു ചാടി രക്ഷപ്പെട്ടുവെന്ന് അക്രമിസംഘം പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ ഇന്നു രാവിലെ കെവിന്റെ മൃതദേഹം തെന്മലയിലെ നീർച്ചാലിൽ കണ്ടെത്തുകയായിരുന്നു.

അതേസമയം, കെവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളായ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ കൊല്ലം ജില്ലാ കമ്മിറ്റി പുറത്താക്കി. ഡിവൈഎഫ്‌ഐ തെന്‍മല യൂണിറ്റ് സെക്രട്ടറി നിയാസ്, കേസില്‍ പിടിയിലായ ഇഷാന്‍ എന്നിവരെയാണ് പാര്‍ട്ടി പുറത്താക്കിയത്.

Top