തിരുവനന്തപുരം: കെവിന്‍ ജോസഫിന്റെ കൊലപാതകത്തില്‍ നീനുവിന്റെ അമ്മ രഹ്ന തുടക്കം മുതലേ സംശയിക്കപ്പെടുന്നുണ്ട്. കൊലപാതകത്തിന്റെ മുഖ്യസൂത്രധാര രഹ്നയാണ് എന്ന് കെവിന്റെ ബന്ധു അനീഷ് വെളിപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഇതുവരെ രഹ്നയെ പോലീസ് കേസില്‍ നിന്നും ഒഴിവാക്കി നിര്‍ത്തിയിരിക്കുകയായിരുന്നു. രഹ്ന ഒളിവിലാണ് എന്നാണ് പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം രഹ്ന ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് വന്നു. പുതിയ വെളിപ്പെടുത്തലുകളും നടത്തി. കെവിന്റെ മരണത്തില്‍ പങ്കില്ലെന്നാണ് രഹ്ന പറയുന്നത്. കഴിഞ്ഞ ദിവസം മണിക്കൂറുകളോളമാണ് രഹ്നയെ പോലീസ് ചോദ്യം ചെയ്തത്.
കെവിന്‍ കൊലക്കേസില്‍ നീനുവിന്റെ അച്ഛന്‍ ചാക്കോ, സഹോദരന്‍ ഷാനു ചാക്കോ എന്നിവര്‍ പോലീസിന്റെ പിടിയിലാണ്. എന്നാല്‍ അമ്മ രഹ്നയെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. അമ്മയുടെ കൂടി അറിവോടെയാണ് കൊലപാതകം നടന്നിരിക്കുന്നതെന്ന് നീനു തന്നെ വെളിപ്പെടുത്തിയിട്ട് കൂടി പോലീസ് രഹ്നയെ ഒഴിവാക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പോലീസ് രഹ്നയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു.
കോട്ടയം എസ്പി ഓഫീസിലാണ് പോലീസ് രഹ്നയെ ചോദ്യം ചെയ്തത്. ആറ് മണിക്കൂര്‍ നേരം പോലീസ് ഉദ്യോഗസ്ഥര്‍ രഹ്നയെ തലങ്ങും വിലങ്ങും ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍ കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംശയിക്കാവുന്ന തരത്തിലുള്ളതൊന്നും രഹ്നയില്‍ നിന്നും പോലീസിന് ലഭിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകിട്ട് അഞ്ച് മണി വരെ നീണ്ടു.
മകള്‍ നീനു മാനസിക രോഗിയാണ് എന്നത് ചോദ്യം ചെയ്യലിനിടെ രഹ്ന പല തവണ ആവര്‍ത്തിച്ചു. അത് മാത്രമല്ല നീനുവിന് മാനസിക രോഗമാണ് എന്ന് തെളിയിക്കുന്ന ചില രേഖകളും പോലീസിന് മുന്നില്‍ രഹ്ന ഹാജരാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. കെവിനെ തട്ടിക്കൊണ്ട് പോയി അപായപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ തനിക്ക് പങ്കില്ലെന്നും രഹ്ന ആവര്‍ത്തിച്ചു. പോലീസിന്റെ പല ചോദ്യങ്ങളോടും രഹ്ന വിതുമ്പിക്കൊണ്ടാണ് പ്രതികരിച്ചത്. രഹ്നയുടെ വക്കീലിന്റെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.
അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഗിരീഷിന്റെ സാന്നിധ്യത്തില്‍ രഹ്നയെ ഈ മാസം 11ന് പോലീസ് വീണ്ടും ചോദ്യം ചെയ്യും. പോലീസിന് മുന്നില്‍ ഹാജരാകും മുന്‍പ് രഹ്ന മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. നീനുവിനെ വിവാഹം കഴിച്ച് കൊടുക്കാമെന്ന് കെവിനോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ അതിന് മുന്‍പ് നീനു വീട് വിട്ട് ഇറങ്ങിയെന്നും രഹ്ന പറയുകയുണ്ടായി.