പിക്ടണ്‍: ഇന്‍ ഹിസ് ഓണ്‍ വേഡ്‌സ്’. കാനഡയില്‍ ഇപ്പോള്‍ സംസാരവിഷയം ഈ പുസ്തകമാണ്. 49 ലധികം സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതായി പറയുന്ന ഒരു പരമ്പര കൊലയാളിയുടെ ഓര്‍മ്മക്കുറിപ്പുകള്‍. ആമസോണ്‍ സൈറ്റില്‍ തരംഗമായിരുന്ന പുസ്തകത്തിന്റെ പുതിയ പതിപ്പ് പെട്ടെന്ന് കിട്ടാനില്ലാതായി. ആറ് സ്ത്രീകളെ കൊന്നതിന്റെ പേരില്‍ തടവ് അനുഭവിക്കുന്ന പിക്ടണെ തന്റെ നീചകൃത്യങ്ങള്‍ ആള്‍ക്കാരില്‍ എത്തിച്ച് പണം സമ്പാദിക്കാനുള്ള നീക്കത്തെ ബ്രിട്ടീഷ് കൊളംബിയന്‍ അധികൃതര്‍ തടഞ്ഞു.
കാനഡയില്‍ പരമ്പരക്കൊലയുടെ പേരില്‍ ശിക്ഷ അനുഭവിച്ച 66 കാരന്‍ റോബര്‍ട്ട് പിക്ടന്റേതാണ് ഓര്‍മ്മക്കുറിപ്പുകള്‍. ആമസോണ്‍ ഡോട്ട് സി എയില്‍ 20 ഡോളറിന് വിറ്റിരുന്ന പുസ്തകം ബെസ്റ്റ് സെല്ലറുകളില്‍ ഒന്നാം റാങ്കിലേക്ക് കടന്നിരുന്നു. ഇതിന്റെ പുതിയ പതിപ്പാണ് ആമസോണില്‍ നിന്നും തിങ്കളാഴ്ച ഉച്ച കഴിഞ്ഞത് മുതല്‍ കിട്ടാനില്ലാതായത്.
യാതൊരു വിശദീകരണവും കൂടാതെ ഓണ്‍ലൈനില്‍ നിന്നും പുസ്തകം പെട്ടെന്ന് അപ്രത്യക്ഷമാകുകയായിരുന്നു. ബ്രിട്ടീഷ് കൊളംബിയയിലെ കനത്ത സുരക്ഷയുള്ള കെന്റ് ഇന്‍സ്റ്റിറ്റിയുഷനില്‍ ശിക്ഷ അനുഭവിക്കുന്ന പിക്ടന്റെ 144 പേജ് വരുന്ന പുസ്തകം തിങ്കളാഴ്ച പുലര്‍ച്ചെ വരെ അമസോണില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
ആമസോണില്‍ നിന്നും ആരാണ് പുസ്തകം തിരിച്ചുവിളിച്ചതെന്ന ചോദ്യത്തിന് ബ്രിട്ടീഷ് കൊളംബിയയിലെ പൊതുസുരക്ഷാ മന്ത്രി മൈക്ക് മോറിസായിരുന്നു ഉത്തരം പറഞ്ഞത്. ഒരു കുറ്റവാളി അനുഭവം വില്‍പ്പന നടത്തി ലാഭമുണ്ടാക്കുന്നത് ഏറെ ശല്യമുണ്ടാക്കുന്ന കാര്യമാണെന്നും കുറ്റത്തിന് പ്രതിഫലമെന്നത് ഈ സര്‍ക്കാരും ഇഷ്ടപ്പെടുന്നില്ലെന്നും ബ്രിട്ടീഷ് കൊളംബിയയിലെ സാധാരക്കാരുടെ സുരക്ഷയാണ് തങ്ങള്‍ക്ക് വലുതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സ്വന്തം ദുഷ്ടതകള്‍ ഓര്‍മ്മിക്കുന്നതിലൂടെ കുറ്റവാളികള്‍ ലാഭം ഉണ്ടാക്കുന്നതിനെ ആര്‍ക്കും തടയാനാകില്ലെന്നാണ് കാനഡയിലെ മാധ്യമങ്ങള്‍ പറയുന്നത്. കാനഡയിലെ ചില പ്രവിശ്യകളെ പോലെ ബി സി യിലും തങ്ങളുടെ കുറ്റകൃത്യങ്ങള്‍ ലാഭമുണ്ടാക്കുന്നതിനായി കുറ്റവാളികള്‍ ഉപയോഗിക്കുന്നതിന് നിരോധനമില്ല. മുമ്പും കുറ്റവാളികള്‍ തങ്ങളുടെ കുറ്റകൃത്യങ്ങള്‍ പുസ്തകമാക്കുകയും റോയല്‍റ്റി സമ്പാദിക്കുകയുമൊക്കെ ചെയ്തിട്ടുണ്ടെന്ന് സിബിസി ന്യൂസ് പറയുന്നു.
1984 ല്‍ തന്റെ ആദ്യഭാര്യ ജോവാന്‍ വില്‍സണെ കൊലപ്പെടുത്തിയതിന്റെ വിശദാംശങ്ങള്‍ ചേര്‍ത്ത് മുന്‍ ക്യാബിനറ്റ് മന്ത്രിയായിരുന്ന കോളിന്‍ താച്ചര്‍ ‘ഫൈനല്‍ അപ്പീല്‍ : അനാട്ടമി ഓഫ് എ ഫ്രേം’ എന്ന പുസ്തകം പ്രസിദ്ധീകരിക്കുകയും ബുക്കിന്റെ റോയല്‍റ്റി സമ്പാദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വിഷയം സാസ്‌കാച്ചെവന്‍ പ്രവിശ്യയില്‍ വലിയ ചര്‍ച്ചയായിരുന്നു.
കഴിഞ്ഞ വര്‍ഷം പോള്‍ ബെര്‍ണാര്‍ഡോ എന്ന ഏറ്റവും കുപ്രസിദ്ധനായ കൊലപാതകിയും തന്റെ ബലാത്സംഗ കഥകള്‍ ഉള്‍പ്പെട്ട ഇ ബുക്ക് ആമസോണ്‍ വഴി വിറ്റിരുന്നു. ബെര്‍ണാഡോയുടെ ഈ പുസ്തകത്തിന് വലിയ പ്രതികരണമായിരുന്നു കിട്ടിയത്. ‘എ മാഡ് വേള്‍ഡ് ഓര്‍ഡര്‍’ എന്ന പുസ്തകം നിറയെ അക്രമവും രക്തപങ്കിലമായ അക്രമങ്ങളുമായിരുന്നിട്ടും ആമസോണ്‍ പേരു മാറ്റാനോ നോവല്‍ പിന്‍വലിക്കാനോ തയ്യാറായില്ല. അക്രമത്തിന് പ്രേരിപ്പിക്കും എന്ന് പറഞ്ഞ് നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
ബ്രിട്ടീഷ് കൊളംബിയയിലെ പോര്‍ട്ട് കോക്വിറ്റ്‌ലാമിലെ ഒരു പന്നിവളര്‍ത്തല്‍ കേന്ദ്രം നടത്തിയിരുന്ന പിക്ടണ്‍ 2007 ല്‍ ആറു യുവതികളെ കൊന്നെന്ന കുറ്റത്തിനാണ് ജയില്‍ശിക്ഷ അനുഭവിക്കുന്നത്. ഇയാളുടെ പേരില്‍ ഇനിയും 20 കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടതുണ്ട്. ഇതിന് പുറമേ ആറിലധികം കേസുകളില്‍ ഇയാളുടെ പങ്ക് സംശയിക്കപ്പെടുന്നുണ്ട്. താന്‍ 49 സ്ത്രീകളെ കൊലപ്പെടുത്തിയതായി ഇയാള്‍ സമ്മതിച്ചിരുന്നു എന്നാണ് ബ്രിട്ടീഷ് കൊളംബിയ പോലീസ് പറയുന്നത്.