തിരുവനന്തപുരം: കിംസ് ആശുപത്രിയിലെ ജീവനക്കാരി ആത്മഹത്യ ചെയ്ത നിലയില്‍. കോട്ടയം സ്വദേശിനി ഗ്രീഷ്മയാണ് മുറിഞ്ഞപാലം കുമാരപുരം റോഡിലെ കിംസ് ജീവനക്കാര്‍ക്കുള്ള വനിതാ ഹോസ്റ്റലില്‍ ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.
പ്രേമനൈരാശ്യമാണ് മരണത്തിന് കാരണമെന്നും ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ കോളേജ് പൊലീസ് പറഞ്ഞു. രാവിലെ ഹോസ്റ്റലില്‍ നിന്ന് വിവരമറിയിച്ചതനുസരിച്ചാണ് പൊലീസ് സ്ഥലത്തെതിയത്. രാത്രി പെണ്‍കുട്ടി മുറിയില്‍ തനിച്ചായിരുന്നുവെന്നും കൂടെ താമസിക്കുന്ന കുട്ടി നൈറ്റ് ഡ്യൂട്ടിക്ക് പോയ സമയത്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.
22 വയസ്സുകാരിയായ ഗ്രീഷ്മ ഒരു വര്‍ഷം മുന്‍പാണ് വെണ്‍പാലവട്ടം കിംസ് ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യനായി ജോലിയില്‍ പ്രവേശിക്കുന്നത്. ഈ സമയത്ത് പാപ്പനംകോടാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ സണ്ണിയും അമ്മ സുജയും സഹോദരങ്ങളായ അജിത്തും രേഷ്മയും വാടകയ്ക്ക് താമസിച്ചിരുന്നത്.
ആദ്യ മൂന്ന് മാസത്തോളം ഗ്രീഷ്മയും പാപ്പനംകോട് നിന്നും ഇവരുടെ ഒപ്പമായിരുന്നു താമസം. പിന്നീട് ഡ്യൂട്ടി സമയത്തെ ക്രമീകരണങ്ങള്‍ മാറുന്നതനുസരിച്ച് യാത്രയുടെ ദൂരം കുറയ്ക്കാനാണ് മുറിഞ്ഞപാലം കുമാരപുരം റോഡിലെ കിംസ് ഹോസ്റ്റലിലേക്ക് മാറിയത്.
രണ്ട് ദിവസം മുന്‍പ് ശമ്പളത്തില്‍ വര്‍ദ്ധനവ് ലഭിച്ചപ്പോള്‍ വലിയ സന്തോഷത്തിലായിരുന്നുവെന്നും ചെലവ് നടത്തണമെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ ശമ്പളം വരട്ടെ എന്ന ഉറപ്പ് നല്‍കിയ സഹപ്രവര്‍ത്തകയുടെ മരണം വിശ്വസിക്കാനാകാതെയാണ് നിരവധിപേര്‍ ഹോസ്റ്റലിന് മുന്നിലെത്തിയത്.
ഹോസ്റ്റലില്‍ ഒരു മുറിയില്‍ രണ്ട് പേരാണ് താമസിക്കുന്നത്. ഗ്രീഷ്മയ്ക്ക് ഇന്നലെ പകലായിരുന്നു ഡ്യൂട്ടി. സുഹൃത്തിന് നൈറ്റും. രാത്രി സുഹൃത്തായ പെണ്‍കുട്ടി ജോലിക്ക് പോയ ശേഷം പത്ത് മണിയോടെ പെണ്‍കുട്ടി വീട്ടിലേക്ക് ഫോണ്‍വിളിക്കുകയും ചെയ്തു. അപ്പോള്‍ അസ്വാഭാവികമായി ഒന്നും തോന്നിയില്ലെന്നും അച്ഛന്‍ പൊലീസിനോട് പറഞ്ഞു.
രാവിലെ സുഹൃത്ത് എത്തി വാതില്‍ മുട്ടിയിട്ടും തുറന്നില്ല. അകത്ത് നിന്നും പൂട്ടിയ ശേഷം ഉറങ്ങിയതാകുമെന്നാണ് കരുതിയത്. പിന്നീട് നിരവധി തവണ പുറത്ത് നിന്നും തട്ടി വിളിച്ചിട്ടും ഗ്രീഷ്മ വാതില്‍ തുറക്കാത്തതോടെ മറ്റുള്ളവരെ വിളിച്ച് കൂട്ടി വാതില്‍ തള്ളിതുറന്നപ്പോഴാണ് ഗ്രീഷ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കിംസ് ആശുപത്രിയിലെ അധികൃതര്‍ ഉടന്‍ തന്നെ സ്ഥലതെത്തുകയും ചെയ്തു. പിന്നീട് ഇവരാണ് മാതാപിതാക്കളെ വിവരമറിയിരിക്കുന്നതിനായി നേരിട്ട് പോയത്. പാപ്പനംകോട് താമസിച്ചിരുന്ന കുടുംബം ഇന്നലെയാണ് മലയിന്‍കീഴ് ശാന്തിമൂലയിലേക്ക് താമസം മാറിയത്.