വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു, ഡോക്ടര്‍മാരുടെ പിഴവില്‍ കോട്ടയത്ത് പൊലിഞ്ഞത് എട്ടുവയസുകാരിയുടെ ജീവന്‍; കിംസില്‍ പ്രതിഷേധം

കോട്ടയം: വയറുവേദനയെത്തുടര്‍ന്ന് കോട്ടയത്തെ കിംസ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ എട്ടു വയസുകാരി മരിച്ചു. തിങ്കളാഴ്ച രാത്രി 11നാണ് കോതമംഗലം ചെട്ടിമാട് പരേതനായ ജൂപേഷിന്റെയും ബീനയുടെയും മകളുമായ എയിന്‍ അല്‍ഫോന്‍സാ ജൂപേഷാണു മരിച്ചത്. ഏറ്റുമാനൂര്‍ എസ്എഫ്എസ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് എയിന്‍. തിങ്കളാഴ്ച രാവിലെയാണ് എയിനിനെ ആശുപത്രിയിലെത്തിച്ചത്.

ഗുളികകള്‍ കൊടുത്തു വീട്ടിലേക്കു പറഞ്ഞയച്ചെങ്കിലും ഉച്ചയോടെ വേദന കൂടിയതോടെ വീണ്ടും ആശുപത്രിയില്‍ കൊണ്ടുവന്നു. കുട്ടിയെ പരിശോധിക്കാന്‍ ആരും എത്തിയില്ലെന്നും ഡോക്ടര്‍ ഫോണിലൂടെയാണു മരുന്നു പറഞ്ഞുകൊടുത്തതെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഇതിനിടെ വേദനസംഹാരി മൂന്നുതവണ കുട്ടിക്കു നല്‍കിയതായും ബന്ധുക്കള്‍ ആരോപിക്കുന്നു. വേദനസംഹാരിയായി ഇഞ്ചക്ഷനും എടുത്തതായും ഇതേത്തുടര്‍ന്നാണു മരണപ്പെട്ടതെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തുന്നു. തളര്‍ച്ച നേരിട്ട കുട്ടി രാത്രിയോടെ മരിക്കുകയായിരുന്നു. അമിത അളവില്‍ മരുന്നു കൊടുത്തതാണു മരണകാരണമെന്നാരോപിച്ചു കുട്ടിയുടെ ബന്ധുക്കള്‍ ബഹളംവച്ചത് ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
എന്നാല്‍ കുട്ടിയുടെ മരണം ആശുപത്രി അധികൃതരുടെ വീഴ്ച അല്ലെന്നും പരിശോധനയില്‍ മറ്റു കുഴപ്പങ്ങളൊന്നും കണ്ടെത്താനായില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. അക്യൂസ്ഡ് പാന്‍ഗ്രൈറ്റിസ് എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആശുപത്രിയുടെ ഭാഗത്തുനിന്നോ വീഴ്ചയുണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Top