മൊബൈലിലൂടെ പതിനഞ്ചുകാരിയുമായി അടുത്തു, കഴുത്തില്‍ ഷാള്‍ മുറുക്കി ബലാത്സംഗം; കുഴിച്ചുമൂടിയ മൃതദേഹം പുറത്തെടുക്കുമ്പോഴും ഭാവഭേദമില്ലാതെ അജേഷ്

പാമ്പാടി: വീട്ടുകാരുമായി സൗഹൃദം സ്ഥാപിച്ച് മൊബൈല്‍ ഫോണിലൂടെ പെണ്‍കുട്ടിയുമായി അടുത്തു. പിന്നെ നടന്നത് ക്രൂരമായ കൊലപാതകം. നാടിനെ വിറപ്പിച്ച കൊലപാതകത്തില്‍ പ്രതി അജേഷ് പിടിയിലായി. കോട്ടയം അമയന്നൂരില്‍ പതിനഞ്ചുകാരിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച ശേഷം കൊന്ന കേസില്‍ പ്രതി അജേഷിനെ പിടികൂടാന്‍ സഹായിച്ചതും മൊബൈല്‍ ഫോണ്‍.

പെണ്‍കുട്ടി കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെ വീട്ടിലുണ്ടായിരുന്ന മൊബൈല്‍ ഫോണെടുത്ത് അജേഷിനെ വിളിച്ചെന്നും തുടര്‍ന്നു വീട്ടില്‍ നിന്നിറങ്ങിപ്പോയെന്നും ബന്ധുക്കള്‍ മൊഴി നല്‍കി. പെണ്‍കുട്ടിയുടെ സഹോദരീ ഭര്‍ത്താവും ബന്ധുക്കളും ഇതേ സമയം വീട്ടിലുണ്ടായിരുന്നു. മൊബൈല്‍ ഫോണ്‍ എടുക്കാതെയാണ് കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. തുടര്‍ന്നു ഈ ഫോണിലേക്ക് അജേഷ് തിരികെ വിളിച്ചപ്പോള്‍ സഹോദരീ ഭര്‍ത്താവാണ് ഫോണ്‍ എടുത്തത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായി.

പെണ്‍കുട്ടി ഇടയ്ക്ക് പുറത്തു പോകാറുള്ളതിനാല്‍ വൈകിട്ട് തിരിച്ചെത്തുമെന്നാണ് വീട്ടുകാര്‍ കരുതിയത്. രാത്രിയായിട്ടും കാണാതായതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയിരുന്നു. പൊലീസില്‍ പരാതി നല്‍കുമ്പോള്‍ മൊബൈല്‍ ഫോണിലേക്ക് അജേഷിന്റെ വിളി വന്ന വിവരവും ബന്ധുക്കള്‍ പറഞ്ഞു. കോള്‍ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ അജേഷിന്റെ ഒട്ടേറെ കോളുകള്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലേക്കു വന്നിരുന്നതായി കണ്ടെത്തി. എസ്‌ഐ അനൂപ് ജോസിന്റെ നേതൃത്വത്തില്‍ ഉടന്‍ തന്നെ അന്വേഷണം നടത്തി അജേഷിനെ കുടുക്കാനായി.

പൊലീസിന്റെ ചോദ്യം ചെയ്യലിനു മുന്നില്‍ ഒരു ദിവസം അജേഷ് പിടിച്ചു നിന്നു. തുടര്‍ന്നു ക്രൂരമായ കൊലയുടെ വിവരം പറഞ്ഞ അജേഷ് കുഴിച്ചിട്ട സ്ഥലവും കാണിച്ചു കൊടുത്തു. തെളിവ് നശിപ്പിക്കാനായി സിം കാര്‍ഡ് കടിച്ചു മുറിച്ചു കളഞ്ഞിരുന്നു. ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയതാണ് അജേഷ്. ഈ ബന്ധത്തില്‍ കുട്ടികളുണ്ട്. രണ്ടാഴ്ച മുന്‍പ് മറ്റൊരു സ്ത്രീയുമായി അജേഷ് പഞ്ചായത്ത് ഓഫിസില്‍ വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ പോയിരുന്നു. ഭാര്യയ്ക്ക് അസുഖമാണെന്നും ചികില്‍സയ്ക്കു വേണ്ടി വിവാഹ സര്‍ട്ടിഫിക്കറ്റ് വേണമെന്നുമായിരുന്നു ആവശ്യം. മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല.

ഹോളോബ്രിക്‌സ് നിര്‍മാണ യൂണിറ്റിനോടു ചേര്‍ന്ന് ഇതര സംസ്ഥാനത്തൊഴിലാളികള്‍ അടക്കം താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഒരു മുറിയിലാണ് ഇയാളും താമസിച്ചിരുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം വീട്ടില്‍നിന്നിറങ്ങിയ പെണ്‍കുട്ടിയെ അരീപ്പറമ്പിലെ ഹോളോബ്രിക്‌സ് ഫാക്ടറിക്കു സമീപം ഇയാള്‍ താമസിക്കുന്ന മുറിയിലെത്തിച്ചു. ഇവിടെവെച്ച് ലൈംഗികബന്ധത്തിനു ശ്രമിച്ചെങ്കിലും പെണ്‍കുട്ടി എതിര്‍ത്തു. തുടര്‍ന്ന് കഴുത്തില്‍ ഷാള്‍ മുറുക്കി ബലാത്സംഗംചെയ്തു. ഇതിനിടെ പെണ്‍കുട്ടി കൊല്ലപ്പെട്ടു. മരണം ഉറപ്പാക്കിയ പ്രതി ഇതേ പുരയിടത്തില്‍ ഇളകിക്കിടന്ന മണ്ണില്‍ മൃതദേഹം കുഴിച്ചുമൂടി. തൊഴിലാളികളെല്ലാം ജോലിക്കു പോയിരുന്നതിനാല്‍ കൊലപാതകം ആരും അറിഞ്ഞില്ല.

ഫൊറന്‍സിക് വിദഗ്ധര്‍ തെളിവുകള്‍ ശേഖരിച്ചു. എഎസ്പി രീഷ്മ രമേശന്‍, കോട്ടയം ഡിവൈഎസ്പി ആര്‍.ശ്രീകുമാര്‍, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എസ്.മധുസൂദനന്‍, ഈസ്റ്റ് സിഐ ടി.ആര്‍.ജിജു, പാമ്പാടി സിഐ യു.ശ്രീജിത്ത്, അയര്‍കുന്നം എസ്‌ഐ അനൂപ് ജോസ്, മണര്‍കാട് എസ്‌ഐ ആര്‍.വിനോദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം. ആര്‍ഡിഒ അനില്‍ ഉമ്മന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി.

ക്രൂരമായ കൊലപാതകം നടത്തിയിട്ടും സംഭവ സ്ഥലത്ത് പൊലീസ് എത്തിച്ചപ്പോള്‍ നിസ്സംഗ ഭാവത്തിലായിരുന്നു അജേഷ്. പൊലീസ് ജീപ്പില്‍ നിന്നിറക്കി മൃതദേഹം കുഴിച്ചിട്ടിരിക്കുന്ന സ്ഥലം ചൂണ്ടിക്കാട്ടാന്‍ ആവശ്യപ്പെട്ടു. തിട്ടയുടെ മുകളിലെത്തി മൃതദേഹം കിടക്കുന്ന സ്ഥലം ചൂണ്ടിക്കാട്ടി. തിട്ടയുടെ മുകളില്‍ നിന്നു താഴേക്ക് ഇറങ്ങാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ അരികു വശം വഴി ഇറക്കി മൃതദേഹത്തിനരികിലെത്തിച്ചപ്പോഴും ഭാവഭേദങ്ങളൊന്നും അജേഷിന്റെ മുഖത്തില്ലായിരുന്നു. മൃതദേഹം കുഴിച്ചു പുറത്തെടുക്കുന്നതും അജേഷ് നോക്കി നിന്നു.

Top