ഉരുട്ടിക്കൊല: ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്..!! എസ്പിയ്ക്ക് അടക്കം പങ്ക്; പോസ്റ്റുമോര്‍ട്ടത്തിലും പിഴവ്

നെടുങ്കണ്ടം: ഉരുട്ടിക്കൊലയ്ക്കു നേതൃത്വം കൊടുത്ത രണ്ടു പൊലീസുകാര്‍ ഒളിവില്‍. ഡ്രൈവര്‍ നിയാസ്, എഎസ്‌ഐ റെജിമോന്‍ എന്നിവരെക്കുറിച്ച് വിവരമില്ല. മറ്റു പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയതിനു പിന്നാലെയാണ് ഇരുവരും ഒളിവില്‍ പോയത്. മരിച്ച കുമാറിനെ കൂടുതല്‍ ഉപദ്രവിച്ചത് നിയാസാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

അതേസമയം, പരിക്കേറ്റ രാജ്കുമാറിനെ നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ വെച്ച് വൈദ്യന്‍ പരിശോധിച്ചതിന് സ്ഥിരീകരണം. പോലീസ് അനധികൃത കസ്റ്റഡിയില്‍ വെച്ച ജൂണ്‍ 13ന് വൈകിട്ട് രാജ്കുമാറിനെ സ്റ്റേഷനിലെത്തി ചികിത്സിച്ചിരുന്നെന്ന് തൂക്കുപാലം സ്വദേശിയായ വൈദ്യന്‍ വെളിപ്പെടുത്തി. ഇതിന് പ്രതിഫലമായി 500 രൂപ പോലീസ് നല്‍കിയെന്നും വൈദ്യന്‍ പറഞ്ഞു.

രാജ്കുമാര്‍ കേസിലെ മൂന്നാം പ്രതിയായ പോലീസ് ഡ്രൈവര്‍ നിയാസാണ് വൈദ്യനെ സ്റ്റേഷനിലേക്ക് കൊണ്ടു വന്നത്. രാജ്കുമാറിനെ പോലീസ് അനധികൃത കസ്റ്റഡിയില്‍ സൂക്ഷിച്ച ജൂണ്‍ 13ന് വൈകിട്ട് 3 മണിക്ക് സ്റ്റേഷനിലെത്തി ചികിത്സ നല്‍കി. ലോക്കപ്പിലായിരുന്ന രാജ്കുമാറിന് എഴുന്നേറ്റ് നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. വീണ് പരിക്കേറ്റെന്നാണ് അന്ന് പോലീസ് അറിയിച്ചിരുന്നതെന്നും വൈദ്യന്‍ പറഞ്ഞു. തൂക്കുപാലം സ്വദേശിയായ വൈദ്യന്റെ മൊഴി അന്വേഷണ സംഘം ഉടന്‍ രേഖപ്പെടുത്തിയേക്കും.

ഉരുട്ടിക്കൊലക്കേസില്‍ അന്വേഷണം വരുമ്പോള്‍ കുടുങ്ങാതിരിക്കാന്‍ മുന്‍ എസ്പി തയാറെടുത്തിരുന്നു എന്ന വിവരവും പുറത്ത് വരുന്നു. എസ്പി ഗണ്‍മാന്റെ ഫോണില്‍നിന്നാണ് പ്രതികളുമായി ഈ സമയം ബന്ധപ്പെട്ടത്. കുമാറിനെ കൈകാര്യം ചെയ്യാന്‍ നിര്‍ദേശിച്ചതും ഈ ഫോണിലൂടെയാണ്. എസ്‌ഐയേയും ഡിവൈഎസ്പിയേയും വേണുഗോപാല്‍ തുടര്‍ച്ചയായി വിളിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ എല്ലാം പദ്ധതിതയ്യാറാക്കി നടത്തിയതാണെന്ന സംശയം ബലപ്പെടുകയാണ്.

കുമാറിന്റെ പോസ്റ്റുമോര്‍ട്ടത്തില്‍ ഗുരുതര പിഴവുകളുണ്ടെന്ന വിവരം പുറത്തുവന്നു. പരുക്കുകളുടെ പഴക്കം കണ്ടെത്തിയില്ല എന്ന് മാത്രമല്ല ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കുമയച്ചില്ല. കസ്റ്റഡിമര്‍ദനത്തിന് ജയില്‍ ഉദ്യോഗസ്ഥരോ നാട്ടുകാരോ പ്രതിക്കൂട്ടിലാകുന്ന സ്ഥിതിയിലാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പൊലീസ് അതിക്രമക്കേസുകളില്‍ ഡോക്ടര്‍മാരുടെ സംഘം വേണം പോസ്റ്റുമോര്‍ട്ടം നടത്താനെന്ന നിര്‍ദേശവും അട്ടിമറിച്ചു.

Top